Kerala

നിരോധനം 6 മണിക്കൂറായി കുറഞ്ഞതെങ്ങനെ ? എന്തിന് നാണക്കേടുണ്ടാക്കി, നാടകം ആരുടെ സംവിധാനത്തില്‍; കേന്ദ്രത്തെ വിമര്‍ശിച്ച് ടി പി സെന്‍കുമാര്‍

ചാനലുകളുടെ 48 മണിക്കൂര്‍ വിലക്ക് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്.

നിരോധനം 6 മണിക്കൂറായി കുറഞ്ഞതെങ്ങനെ ? എന്തിന് നാണക്കേടുണ്ടാക്കി, നാടകം ആരുടെ സംവിധാനത്തില്‍; കേന്ദ്രത്തെ വിമര്‍ശിച്ച് ടി പി സെന്‍കുമാര്‍
X

കോഴിക്കോട്: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിനും മീഡിയാ വണ്‍ ചാനലിനും 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്ത്. ചാനലുകളുടെ 48 മണിക്കൂര്‍ വിലക്ക് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്. ഏഷ്യാനെറ്റിനും മീഡിയാ വണ്‍ ചാനലിനുമെതിരായ 48 മണിക്കൂര്‍ നിരോധനം 6 മണിക്കൂറായി കുറഞ്ഞതെങ്ങനെയെന്ന് സെന്‍കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

മീഡിയാ വണ്‍ മാപ്പും പറഞ്ഞില്ല, ഫൈനും അടച്ചില്ല. അതെങ്ങനെ സംഭവിച്ചു. ഈ നാടകങ്ങള്‍ ആരുടെ സംവിധാനത്തിലാണെന്നും കേന്ദ്ര പ്രക്ഷേപണമന്ത്രാലയം എന്തിനാണ് ഈ നാണക്കേടുണ്ടാക്കിയതെന്നും സെന്‍കുമാര്‍ പറയുന്നു. ആരാണിതിന്റെ ഗുണഭോക്താവ്. ഇന്നലെ നടന്ന നിരോധന നാടകം കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായയെ തികച്ചും എതിരായി കാണിക്കുന്നു. നല്ലകാര്യങ്ങള്‍ നേരായ വഴി നടക്കണമെന്നു വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കുക. ആ കള്ള കൈകള്‍ പുറത്തുകൊണ്ടുവരിക. പ്രതിബദ്ധത ഭാരതത്തോടാണ്. രാത്രിയില്‍ മ്ലേച്ചന്‍ പ്രവര്‍ത്തനം നടത്തുന്നവരോടല്ല. എന്തുനടന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എല്ലാവരും വിഢികളാണെന്ന് കരുതുന്ന ചില പൂച്ചകള്‍ കണ്ണടച്ചിരുന്നു പാല്‍ കട്ടുകുടിക്കുന്നുവെന്ന് സെന്‍കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

കേരളത്തില്‍ ഹിന്ദു ഐക്യത്തിന് ശ്രമിക്കുന്ന എല്ലാവരെയും അധിക്ഷേപിക്കുന്ന ഈ ചാനലാണ് ബിജെപിയിലെ ചിലര്‍ക്ക് വലുതെങ്കില്‍ മറ്റുള്ളവര്‍ക്ക് വേറേ വഴി തിരഞ്ഞെടുക്കേണ്ടിവരുമെന്ന്‌സെന്‍കുമാര്‍ മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഏഷ്യാനെറ്റിന്റെ വിലക്ക് ആദ്യം പിന്‍വലിച്ചപ്പോഴും സെന്‍കുമാര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വര്‍ഗീയ അജണ്ടയുടെ മകുടമായ ഏഷ്യാനെറ്റ് മീഡിയവണ്ണിനേക്കാളും വര്‍ഗീയമാണെന്നായിരുന്നു സെന്‍കുമാറിന്റെ കുറിപ്പ്. ആ നിലയ്ക്ക് മീഡിയാവണ്‍ തുടങ്ങാതെ ഏഷ്യാനെറ്റ് തുടങ്ങിയത് ശരിയായി കാണാനാവില്ലെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it