Kerala

തുല്യതയും നീതിയും നടപ്പിലാക്കാന്‍ ജനങ്ങള്‍ തെരുവിൽ അണിനിരക്കണം: മേധാ പട്ക്കർ

മതാടിസ്ഥാനത്തില്‍ നാടിനെ വിഭജിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ പരാജയപ്പെടുത്തി മതേതര മൂല്യങ്ങളുയര്‍ത്തി ജനങ്ങള്‍ ഒന്നിക്കുന്ന മനോഹരമായ കാഴ്ചയാണ് രാജ്യത്ത് കാണുന്നത്.

തുല്യതയും നീതിയും നടപ്പിലാക്കാന്‍ ജനങ്ങള്‍ തെരുവിൽ അണിനിരക്കണം: മേധാ പട്ക്കർ
X

തിരുവനന്തപുരം: തുല്യതയും നീതിയും നടപ്പിലാക്കുവാന്‍ ജനങ്ങള്‍ തെരുവിൽ അണിനിരക്കുക മാത്രമാണ് മാര്‍ഗമെന്ന് പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തക മേധാ പട്ക്കര്‍ ആഭിപ്രായപ്പെട്ടു. എന്‍ആര്‍സിക്കും എന്‍പിആറിനും പൗരത്വനിയമ ഭേദഗതിക്കുമെതിരെ സംസ്ഥാന ജനകീയ പ്രതിരോധ സമിതി ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച പൗരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അവര്‍ പറഞ്ഞു.

മതാടിസ്ഥാനത്തില്‍ നാടിനെ വിഭജിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ പരാജയപ്പെടുത്തി മതേതര മൂല്യങ്ങളുയര്‍ത്തി ജനങ്ങള്‍ ഒന്നിക്കുന്ന മനോഹരമായ കാഴ്ചയാണ് രാജ്യത്ത് കാണുന്നത്. ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന ജനാധിപത്യ തത്വങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം ലംഘിക്കുകയാണ്. ജെഎന്‍യുവില്‍ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത ഹിന്ദുരക്ഷാദളിന്റെ നേതാക്കളെ അറസ്റ്റ് ചെയ്യണം

ഈ രാജ്യത്തെ തൊഴിലാളികളോടും ഈ നാടിനുവേണ്ടി അധ്വാനിക്കുന്നവരോടും പൗരത്വം തെളിയിക്കുവാന്‍ ആവശ്യപ്പെടുവാന്‍ ഈ സര്‍ക്കാരിന് യാതൊരു അവകാശവുമില്ലെന്ന് മേധാ പട്ക്കര്‍ പറഞ്ഞു. വര്‍ഗീയതക്കും ജാതീയതക്കും മുതലാളിത്തത്തിനുമെതിരെയാണ് ഇപ്പോള്‍ നടക്കുന്ന സമരം. നീതിയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഇന്ത്യയെന്ന അസ്ഥിത്വത്തെ സംരക്ഷിക്കുവാനുള്ളതാണ് ഇപ്പോള്‍ നടക്കുന്ന ജനകീയ പ്രക്ഷോഭമെന്നും മേധ പറഞ്ഞു.

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ അവർ അഭിനന്ദിച്ചു. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ശുഹൈബിനെയും താഹ ഫൈസലിനെയും നിരുപാധികം മോചിപ്പിക്കണമെന്നും വാളയാര്‍ സഹോദരിമാര്‍ക്ക് നീതി ഉറപ്പാക്കണമെന്നും കേരളാ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

അഡ്വക്കേറ്റ് മഞ്ചേരി സുന്ദര്‍രാജ് അധ്യക്ഷത വഹിച്ചു. കുരീപ്പുഴ ശ്രീകുമാര്‍, ജോസഫ് സി മാത്യു, ഡോ.വി വേണുഗോപാല്‍, ഫാ. റൊമാന്‍സ് ആന്റണി, കായിക്കര ബാബു, പ്രഫ.കുസുമം ജോര്‍ജ്, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, പ്രഫ.എ ജി ജോര്‍ജ്, വിനു എബ്രഹാം, ഡോ.ഡി സുരേന്ദ്രനാഥ്, പ്രഫ.ഷെയ്ക്ക് അഹമ്മദ്, ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, ദേശാഭിമാനി ഗോപി, ആര്‍ കുമാര്‍, ജയ്‌സണ്‍ ജോസഫ്, ജോര്‍ജ്ജ് മുല്ലക്കര, പരീക്ക് ഭാവാ ഖാന്‍, ജോര്‍ജ്ജ് മാത്യു കൊടുമണ്‍, ടി പീറ്റര്‍, ഡോ.ബിജിലി, എം ഷാജര്‍ഖാന്‍, മിനി കെ ഫിലിപ്പ് സംസാരിച്ചു. എന്‍ആര്‍സിക്കും സിഎഎക്കുമെതിരെ സമരം ചെയ്യുന്ന ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളിലെ പ്രതിനിധികളെ പൗരസംഗമം ആദരിച്ചു. പൗരസംഗമത്തിനു മുന്നോടിയായി മേധാപട്ക്കറുടെ നേതൃത്വത്തില്‍ നഗരത്തിൽ വിദ്യാര്‍ത്ഥി ബഹുജനറാലി നടന്നു.

Next Story

RELATED STORIES

Share it