Kerala

മാര്‍ക്ക് ദാന വിവാദം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇന്ന് പരിശോധിക്കും

2016 മുതല്‍ 19 വരെയുള്ള കാലത്തെ ബിരുദ പരീക്ഷയെഴുതിയ ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ബിഎസ്‌സി കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബിബിഎ അടക്കം 30 തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ മാര്‍ക്കില്‍ തിരിമറി നടത്തിയ വിവരങ്ങളാണ് പുറത്തുവന്നത്.

മാര്‍ക്ക് ദാന വിവാദം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇന്ന് പരിശോധിക്കും
X

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ സിന്‍ഡിക്കേറ്റ് ഇന്ന് പരിശോധന നടത്തും. 2016 മുതല്‍ 19 വരെയുള്ള കാലത്തെ ബിരുദ പരീക്ഷയെഴുതിയ ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ബിഎസ്‌സി കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബിബിഎ അടക്കം 30 തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ മാര്‍ക്കില്‍ തിരിമറി നടത്തിയ വിവരങ്ങളാണ് പുറത്തുവന്നത്. പരീക്ഷയ്ക്കുശേഷം പാസ് ബോര്‍ഡ് നിശ്ചയിച്ച മോഡറേഷന്‍ മാര്‍ക്കിലും അധികം മാര്‍ക്ക് സര്‍വകലാശാലയുടെ സിസ്റ്റത്തിലെ സോഫ്റ്റ്‌വെയര്‍ വഴി നല്‍കുകയായിരുന്നു. സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തിവരികയാണ്.

മാര്‍ക്ക് ദാനവിവാദം പുറത്തുവന്ന ശേഷം നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ സര്‍വകലാശാല എടുക്കേണ്ട നടപടികളാവും ചര്‍ച്ച ചെയ്യുക. ഉദ്യോഗസ്ഥര്‍ക്കെതിരായ കൂടുതല്‍ നടപടി, സോഫ്റ്റ്‌വെയര്‍ പരിഷ്‌കരണം എന്നിവയിലും തീരുമാനമുണ്ടായേക്കും. കാര്യവട്ടം കാംപസിലെ സൈക്കോളജി വിഭാഗത്തിലെ അധ്യാപകനെതിരേ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയും സിന്‍ഡിക്കേറ്റ് പരിഗണിക്കും. അസി. പ്രഫസര്‍ ഡോ. ജോണ്‍സണ്‍ മോശമായി പെരുമാറുന്നുവെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ സിന്‍ഡിക്കേറ്റ് കമ്മീഷന്റെ റിപോര്‍ട്ട് യോഗം പരിഗണിക്കും. ഇതുസംബന്ധിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. ഡോ. ജോണ്‍സണെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഇന്ന് സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും.

Next Story

RELATED STORIES

Share it