Big stories

മഞ്ചേരിയിലും തിരൂരിലും ഹര്‍ത്താല്‍ ഏശിയില്ല; എല്ലാം പതിവുപോലെ

മഞ്ചേരിയില്‍ രാവിലെ ചില കടകള്‍ അടപ്പിച്ചെങ്കിലും അല്‍പസമയത്തിനകം വ്യാപാരി സംഘടനാ നേതാക്കളെത്തി നിര്‍ദേശം നല്‍കിയതനുസരിച്ച് തുറന്നുപ്രവര്‍ത്തിച്ചു.

മലപ്പുറം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മഞ്ചേരിയിലും തിരൂരിലും ഏശിയില്ല. പതിവുദിവസങ്ങളിലേതു പോലെ ഇന്നും രാവിലെ തന്നെ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിനാല്‍ മാര്‍ക്കറ്റുകളിലേക്ക് ആളുകളെത്തുന്നുണ്ട്. മഞ്ചേരിയില്‍ രാവിലെ ചില കടകള്‍ അടപ്പിച്ചെങ്കിലും അല്‍പസമയത്തിനകം വ്യാപാരി സംഘടനാ നേതാക്കളെത്തി നിര്‍ദേശം നല്‍കിയതനുസരിച്ച് തുറന്നുപ്രവര്‍ത്തിച്ചു. മഞ്ചേരിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം രാത്രി തന്നെ കടകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരികളുടെ കൂട്ടായ്മ സംഘമായെത്തി കടകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടത്. തിരൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലും കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. പച്ചക്കറി കടകള്‍ ഉള്‍പ്പെടെ തുറന്നത് ഏറെ ആശ്വാസകരമായെന്നു നാട്ടുകാര്‍ പറഞ്ഞു. അതേസമയം, ഈ ഭാഗങ്ങളില്‍ കെഎസ്ആര്‍ടിസിയാണ് വലച്ചത്. ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ പലയിടങ്ങളിലൂം ആക്രമണമുണ്ടായതോടെ സര്‍വീസ് മുന്നറിയിപ്പില്ലാതെ നിര്‍ത്തിവയ്ക്കുകയായിരുന്നു. അല്‍പസമയം മുമ്പ് കോഴിക്കോട്ടും വ്യാപാരികള്‍ കൂട്ടമായെത്തി കടകള്‍ തുറക്കുന്നതായി വിവരമുണ്ട്.




Next Story

RELATED STORIES

Share it