Kerala

മംഗലം ഡാമിലെ ചെളി നീക്കല്‍ പദ്ധതിക്ക് അനുമതി

18 റിസര്‍വോയറുകള്‍ വൃത്തിയാക്കി സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനും ആറ് റഗുലേറ്റര്‍/തടയണകളില്‍ അടിഞ്ഞുകൂടിയ മണല്‍ അടിയന്തരമായി നീക്കുന്നതിനും കമ്മിറ്റി യോഗം അനുമതി നല്‍കിയിട്ടുണ്ട്.

മംഗലം ഡാമിലെ ചെളി നീക്കല്‍ പദ്ധതിക്ക് അനുമതി
X

തിരുവനന്തപുരം: ജലസേചന വകുപ്പിന് കീഴില്‍ പാലക്കാടുള്ള മംഗലം ഡാമിലെ ചെളി നീക്കല്‍ പദ്ധതിക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റി അനുമതി നല്‍കി. ഇതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും കമ്മിറ്റി നിര്‍ദേശിച്ചു. 18 റിസര്‍വോയറുകള്‍ വൃത്തിയാക്കി സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനും ആറ് റഗുലേറ്റര്‍/തടയണകളില്‍ അടിഞ്ഞുകൂടിയ മണല്‍ അടിയന്തരമായി നീക്കുന്നതിനും കമ്മിറ്റി യോഗം അനുമതി നല്‍കിയിട്ടുണ്ട്.

മംഗലം, ചുള്ളിയാര്‍ ഡാമുകളിലെ ചെളി നീക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ കഴിഞ്ഞ മാര്‍ച്ച് 21ന് ചേര്‍ന്ന എംപവേര്‍ഡ് കമ്മിറ്റി അംഗീകരിച്ചിരുന്നു. മംഗലം ഡാമിലെ പ്രവൃത്തികള്‍ക്കുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചശേഷമേ ചുള്ളിയാര്‍ ഡാമിന്റെ നടപടികള്‍ ആരംഭിക്കൂ. മംഗലം ഡാമില്‍നിന്നും 2.96 എംസിഎം ചെളിയും എക്കലും നീക്കം ചെയ്യേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഈ നടപടികള്‍ വിലയിരുത്താന്‍ ത്രിതല നിരീക്ഷണ സംവിധാനം ഉണ്ടാവും. ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ എസ്പി, ഡിഎഫ്ഒ, ജോയിന്റ് ആര്‍ടിഒ, ജിയോളജിസ്റ്റ് എന്നിവര്‍ അംഗങ്ങളും ശിരുവാണി സര്‍ക്കിളിലെ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ കണ്‍വീനറുമായ ജില്ലാതല സമിതിക്ക് പുറമേ സംസ്ഥാനതലത്തില്‍ എംപവേര്‍ഡ് കമ്മിറ്റിയും ടെക്‌നിക്കല്‍ കമ്മിറ്റിയും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.

18 റിസര്‍വോയറുകളിലെ മണല്‍, മണ്ണ്, എക്കല്‍ എന്നിവ നീക്കാനും അനുമതി ലഭിച്ചു. രണ്ട് ഘട്ടമായാവും ഈ റിസര്‍വോയറുകള്‍ വൃത്തിയാക്കി സംഭരണശേഷി വര്‍ധിപ്പിക്കുക. നെയ്യാര്‍, കല്ലട, മണിയാര്‍, മലങ്കര, ഭൂതത്താന്‍കെട്ട്, വാഴാനി, പിച്ചീ റിസര്‍വോയറുകളുടെ പ്രവൃത്തികള്‍ ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്തു നടത്തും. ചിമ്മിനി, മീങ്കര, മൂലത്തറ, വാളയാര്‍, മലമ്പുഴ, പോത്തുണ്ടി, ശിരുവാണി, കാഞ്ഞിരപ്പുഴ, കാരാപ്പുഴ, പഴശി, കുറ്റ്യാടി റിസര്‍വോയറുകളുടെ ശേഷി വര്‍ധിപ്പിക്കല്‍ രണ്ടാംഘട്ടത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ പദ്ധതികള്‍ക്കുള്ള വിശദമായ പദ്ധതിരേഖ തയാറാക്കുന്നതിന് താത്പര്യപത്രം ക്ഷണിക്കാനും തീരുമാനമായി. നിശ്ചിത സമയപരിധിക്കുള്ളില്‍തന്നെ വിശദപദ്ധതി രേഖ ലഭ്യമാക്കുകയും തുടര്‍ന്ന് അത് സാങ്കേതിക സമിതിയുടെ പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.

ഇതോടൊപ്പം ആറ് റഗുലേറ്റര്‍/തടയണകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാനും തീരുമാനമായി. പൂക്കോട്ടുമന ആര്‍സിബി, ചെറുതുരുത്തി തടയണ, ചങ്ങനംകടവ് റെഗുലേറ്റര്‍, മഞ്ഞുമ്മല്‍ റെഗുലേറ്റര്‍, വെള്ളിയാങ്കല്‍ ആര്‍സിബി, പുറപ്പള്ളിക്കാവ് റഗുലേറ്റര്‍ എന്നിവിടങ്ങളിലെ പ്രവൃത്തികള്‍ക്കാണ് ഇപ്പോള്‍ അനുമതി നല്‍കിയത്. 2018, 2019 പ്രളയങ്ങളെ തുടര്‍ന്ന് മണലിന്റെ വന്‍ നിക്ഷേപമാണ് ഇവിടങ്ങളില്‍ അടിഞ്ഞുകൂടിയത്. മണല്‍ അടിഞ്ഞതുകാരണം സംഭരണശേഷിയില്‍ കുറവുണ്ടായതാണ് കഴിഞ്ഞ പ്രളയകാലത്ത് വെള്ളിയാങ്കലില്‍ പ്രതിസന്ധിയുണ്ടാക്കിയത്.

Next Story

RELATED STORIES

Share it