Kerala

മലമ്പുഴ ഡാം തുറക്കില്ല; ബാണാസുര ഇന്ന് തുറക്കും, ഇതുവരെ തുറന്നത് 18 ഡാമുകള്‍

സംഭരണശേഷിയും കവിഞ്ഞ് ജലനിരപ്പ് ഉയര്‍ന്നതിനാലാണ് ഡാം തുറക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയത്. നിലവില്‍ ഡാമിന് ഓറഞ്ച് അലര്‍ട്ടാണുള്ളത്. ജലനിരപ്പ് 773.9 മീറ്റര്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഡാമിന് സമീപമുള്ളവരെ രാവിലെ ഏഴരയ്ക്കു മുമ്പ് ഒഴിപ്പിക്കും.

മലമ്പുഴ ഡാം തുറക്കില്ല; ബാണാസുര ഇന്ന് തുറക്കും, ഇതുവരെ തുറന്നത് 18 ഡാമുകള്‍
X

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായി മഴ തുടരുന്ന മേഖലകളില്‍ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. സംഭരണശേഷി കവിഞ്ഞ ചെറുകിട, ഇടത്തരം ഡാമുകളില്‍ പലതും ഇതിനകംതന്നെ തുറന്നിട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ കൂടുതല്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ വിവിധ ജില്ലകളിലായി 18 ഡാമുകളാണ് തുറന്നിരിക്കുന്നത്. വയനാട്ടിലെ ബാണാസുരസാഗര്‍ ഡാം ഇന്ന് തുറക്കും. രാവിലെ 9.30ന് ശേഷം മാത്രമേ ഡാം തുറക്കൂ.

രാവിലെ 8 മണിക്ക് ചേരുന്ന യോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. സംഭരണശേഷിയും കവിഞ്ഞ് ജലനിരപ്പ് ഉയര്‍ന്നതിനാലാണ് ഡാം തുറക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയത്. നിലവില്‍ ഡാമിന് ഓറഞ്ച് അലര്‍ട്ടാണുള്ളത്. ജലനിരപ്പ് 773.9 മീറ്റര്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഡാമിന് സമീപമുള്ളവരെ രാവിലെ ഏഴരയ്ക്കു മുമ്പ് ഒഴിപ്പിക്കും. പാലക്കാട് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തിലും നീരൊഴുക്ക് കുറഞ്ഞതിനാലും മലമ്പുഴ ഡാം ഉടന്‍ തുറക്കില്ല. മലമ്പുഴ ഡാമിലെ ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു. പാലക്കാട്ടെ പുഴകളിലേയും നീരൊഴുക്കും കുറഞ്ഞു. കെഎസ്ഇബിയുടെ മറ്റ് ഡാമുകള്‍ തുറക്കേണ്ട സാഹചര്യവും ഉടനൊന്നുമുണ്ടാവില്ല.

ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വന്‍കിട ഡാമുകളില്‍ എല്ലാംകൂടി നിലവില്‍ 30 ശതമാനത്തില്‍ താഴെ വെള്ളമേയുള്ളൂ. ഇടുക്കിയുടെ സംഭരണശേഷിയുടെ 34 ശതമാനത്തില്‍താഴെ മാത്രമാണ് ഇന്നത്തെ ജലനിരപ്പ്. ഈ ഡാമുകളെല്ലാം തുറന്നുവിട്ടെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണം. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നും കെഎസ്ഇബി അറിയിച്ചു. കല്ലാര്‍കുട്ടി ഡാമിലെ മൂന്ന് ഷട്ടറുകളും, പാംബ്ല ഡാം (ലോവര്‍ പെരിയാര്‍), മലങ്കര ഡാം, ഇരട്ടയാര്‍ ഡാം എന്നിവ മാത്രമാണ് ഇടുക്കിയില്‍ തുറന്നിട്ടുള്ളത്. ഇടുക്കി ഡാമില്‍ അപകടകരമാംവിധം ജലനിരപ്പുയര്‍ന്നിട്ടില്ല. ജലനിരപ്പില്‍ പ്രതീക്ഷിച്ച വര്‍ധനയുണ്ടാവാത്തതിനാല്‍ പൊന്‍മുടി ഡാം തുറക്കുന്നത് മാറ്റിവച്ചു.

Next Story

RELATED STORIES

Share it