Kerala

ചിത്രം തെളിഞ്ഞു; വീറും വാശിയുമേറിയ ത്രികോണ മല്‍സരത്തിലേക്ക് തലസ്ഥാനം

കോണ്‍ഗ്രസില്‍ നിന്നും ശശി തരൂര്‍, സിപിഐയില്‍ നിന്നും സി ദിവാകരന്‍, ബിജെപിയില്‍ നിന്നും കുമ്മനം രാജശേഖരന്‍ എന്നിവരാണ് മല്‍സരിക്കുക. മണ്ഡലത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും സ്വാധീനമുള്ള നിരവധി പ്രദേശങ്ങളുണ്ട്. ബിജെപിയും ഇവിടെ നിര്‍ണായക ശക്തിയാണ്.

ചിത്രം തെളിഞ്ഞു; വീറും വാശിയുമേറിയ ത്രികോണ മല്‍സരത്തിലേക്ക് തലസ്ഥാനം
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഗ്ലാമര്‍ മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരത്ത് പോരാട്ടം കടുക്കും. മൂന്നു മുന്നണിയിലേയും കരുത്തരായവര്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ പോരാട്ടത്തിന് വീറും വാശിയുമേറും. സിറ്റിങ് എംപിയും സിറ്റിങ് എംഎല്‍എയും മുന്‍ ഗവര്‍ണറുമാണ് ഇത്തവണ ഗോദയിലിറങ്ങുക. കോണ്‍ഗ്രസില്‍ നിന്നും ശശി തരൂര്‍, സിപിഐയില്‍ നിന്നും സി ദിവാകരന്‍, ബിജെപിയില്‍ നിന്നും കുമ്മനം രാജശേഖരന്‍ എന്നിവരാണ് മല്‍സരിക്കുക. എതിര്‍സ്ഥാനാര്‍ഥികളെ പറ്റി അഭിപ്രായം പറയാനില്ലെന്ന് ശശി തരൂരും മല്‍സരം കടുത്തതാകുമെന്ന് സി ദിവാകരനും ഇതിനോടകം അഭിപ്രായപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് തിരുവനന്തപുരം ലോക്സഭാ നിയോജകമണ്ഡലം. സിപിഐയും കോണ്‍ഗ്രസും മാറിമാറി ജയിച്ചിരുന്ന മണ്ഡലത്തില്‍ 2005നുശേഷം രണ്ടു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിലെ ശശി തരൂരാണ് വിജയിച്ചത്


മണ്ഡലത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും സ്വാധീനമുള്ള നിരവധി പ്രദേശങ്ങളുണ്ട്. ബിജെപിയും ഇവിടെ നിര്‍ണായക ശക്തിയാണ്. ജനപിന്തുണയുടെ കാര്യത്തില്‍ പിന്നിലല്ലെന്നു മാത്രമല്ല ഓരോ തിരഞ്ഞെടുപ്പിലും അവര്‍ കൂടുതല്‍ കരുത്ത് തെളിയിക്കുന്നതും ഇരുമുന്നണികളെയും അസ്വസ്ഥരാക്കുന്നു. പലപ്പോഴും രാഷ്ട്രീയ അടിയൊഴുക്കുകളും സമകാലിക രാഷ്ട്രീയ സംഭവങ്ങളുമൊക്കെ ഇതര മണ്ഡലങ്ങളെ അപേക്ഷിച്ച് ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാറുണ്ട്.

കഴിഞ്ഞതവണ ശശി തരൂര്‍ ജയിച്ചത് വെറും 15470 വോട്ടിനായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ബിജെപിയും മൂന്നാം സ്ഥാനത്തുള്ള സിപിഐയും തമ്മിലുള്ള വിത്യാസം 33000ത്തോളം വോട്ടും. ത്രികോണ മല്‍സരം നടക്കുന്ന തിരുവനന്തപുരത്ത് ആര്‍ക്കും വിജയം അപ്രാപ്യമല്ല. കഴിഞ്ഞ രണ്ട് തവണയും തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ദയനീയ പ്രകടനമാണ് എല്‍ഡിഎഫ് കാഴ്ചവച്ചത്. 2014ല്‍ ബിജെപിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തുമായി. ഇത്തവണ സിറ്റിങ് എംഎല്‍എയായ സി ദിവാകരനെ രംഗത്തിറക്കി മണ്ഡലം തിരികെ പിടിക്കാനുള്ള നീക്കങ്ങള്‍ എല്‍ഡിഎഫ് ആരംഭിച്ചുകഴിഞ്ഞു.

ശബരിമല വിവാദം അനുകൂല സാഹചര്യമൊരുക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായാണ് ബിജെപി തിരുവനന്തപുരത്തെ കാണുന്നത്. ഇതിനായി മിസോറാം ഗവര്‍ണറായിരുന്ന കുമ്മനത്തെ രാജിവപ്പിച്ച് തിരികെ കൊണ്ടുവരികയും ചെയ്തു. ആര്‍എസ്എസിന്റെയും ബിജെപിയില്‍ ഒരു വിഭാഗത്തിന്റെയും ശക്തമായ ഇടപെടലാണ് സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവിന് കുമ്മനത്തിന് വഴിയൊരുക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും അധികം പ്രതീക്ഷിക്കുന്ന എ പ്ലസ് മണ്ഡലമാണ് തിരുവനന്തപുരം. എന്നാല്‍ എല്‍ഡിഎഫിന്റേയും ബിജെപിയുടെയും ഒരുക്കങ്ങളെ ഒട്ടും കൂസാതെയാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. തരൂര്‍ ഇക്കുറി ഹാട്രിക് വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ക്യാംപ്. സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് തരൂര്‍ കഴിഞ്ഞ തവണയും വിജയിക്കുന്നത്. ഇത്തവണയും തരൂരിന് വെല്ലുവിളി ഉയര്‍ത്താന്‍ മുന്നണികള്‍ക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. അതേസമയം, തരൂരിന്റെ ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ കുറഞ്ഞത് കനത്ത വെല്ലുവിളിയാണ്.

15000ത്തോളം വോട്ടുകളുടെ വ്യത്യാസത്തിനാണ് തരൂര്‍ കഴിഞ്ഞതവണ വിജയിച്ചത്. 2009ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐയുടെ അഡ്വ.പി രാമചന്ദ്രന്‍ നായരെ ഒരു ലക്ഷത്തോളം വോട്ടുകളുടെ വ്യത്യാസത്തിനാണ് തരൂര്‍ പരാജയപ്പെടുത്തിയത്. ഇക്കാര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് കരുതലോടെയാണ് നീങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തേതുപോലെ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ നിലനില്‍ക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. എന്നാല്‍ രണ്ടുതവണത്തെ പരാജയത്തില്‍ നിന്ന് പാഠം പഠിച്ചതിനാല്‍ ഇക്കുറി കരുതിയാണ് സിപിഐ നീക്കം. പാര്‍ട്ടി സംഘടനാ വര്‍ക്കുകള്‍ സിപിഐ ശക്തിപ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരെ ചേര്‍ക്കുന്ന ജോലികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതില്‍ പാര്‍ട്ടി വൃത്തങ്ങള്‍ ആത്മവിശ്വാസത്തിലാണ്. ബൂത്ത് കമ്മിറ്റി രൂപീകരണം പൂര്‍ത്തിയാക്കി. നൂറിലേറെ കുടുംബയോഗങ്ങളും സിപിഐ പൂര്‍ത്തിയാക്കി.

Next Story

RELATED STORIES

Share it