Kerala

ലോക്ക് ഡൗൺ: ലഭ്യമായ അവശ്യ സേവനങ്ങൾ ഇവയൊക്കെയാണ്

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അത് ഉത്തരവായി പുറത്തിറങ്ങിയിട്ടുണ്ട്.

ലോക്ക് ഡൗൺ: ലഭ്യമായ അവശ്യ സേവനങ്ങൾ ഇവയൊക്കെയാണ്
X

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ആദ്യത്തെ ദിവസമാണ്. രാജ്യമാകെ ലോക്ക്ഡൗണിലേക്ക് പോയിട്ടുണ്ട്. ഇത്തരമൊരു അവസ്ഥ നമ്മുടെ നാട്ടില്‍ ആദ്യമാണ്. അതിന്‍റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള ഇടപെടലിനാണ് നാം തയ്യാറാകേണ്ടത്. എന്നാല്‍, ഇന്ന് അതിനു വിരുദ്ധമായ ചില കാഴ്ചകള്‍ നമ്മുടെ നാട്ടില്‍ കണ്ടു. അത് അനാവശ്യമായ യാത്രകളും പുറത്തിറങ്ങലുമാണ്.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അത് ഉത്തരവായി പുറത്തിറങ്ങിയിട്ടുണ്ട്.

പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്.

എല്ലാ യാത്രാ വാഹനങ്ങളും സര്‍വീസ് അവസാനിപ്പിക്കും.

ടാക്സികളും ഓട്ടോറിക്ഷകളും അടിയന്തര വൈദ്യസഹായത്തിനും അവശ്യ സാധനങ്ങളും ഔഷധങ്ങളും വാങ്ങുന്നതിനും മാത്രമേ സര്‍വീസ് നടത്താന്‍ പാടുള്ളു.

സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ ഒരു മുതിര്‍ന്ന ആള്‍ക്കു കൂടി മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുണ്ടായിരിക്കുകയുള്ളൂ.

ആഘോഷങ്ങള്‍ക്കോ മതപരമോ സാമൂഹികമായോ ആയ ഒത്തുചേരലുകള്‍ക്ക് ഉള്‍പ്പെടെ അഞ്ചിലധികം പേര്‍ പൊതുസ്ഥലത്ത് ഒത്തുചേരുന്നത് നിരോധിച്ചിരിക്കുന്നു.

ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനം, പാല്‍, ബ്രഡ്, പച്ചക്കറി, മുട്ട, ഇറച്ചി, മീന്‍, കോഴി-കന്നുകാലി തീറ്റ എന്നിവ വില്‍ക്കുന്ന കടകള്‍/ബേക്കറികള്‍ എന്നിവ എല്ലാ ദിവസവും 7 മണി മുതല്‍ 5 മണി വരെ തുറന്നുപ്രവര്‍ത്തിക്കും.

കടകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമാണ് തുറക്കുന്നത്. അല്ലാതെ വിനോദത്തിനും ആര്‍ഭാടത്തിനുമുള്ള ഒരു കടയും തുറക്കില്ല. കടകളിലെത്തി കൃത്യമായ സുരക്ഷാക്രമീകരണത്തോടെ സാധനങ്ങള്‍ വാങ്ങി അപ്പോള്‍ തന്നെ തിരിച്ചുപോകണം. തങ്ങിനില്‍ക്കാന്‍ പാടില്ല. കടകളില്‍ കൈകഴുകാനുള്ള സൗകര്യം ഒരുക്കണം. ഒപ്പം നിശ്ചിത അകലം പാലിക്കണം.

പ്രാദേശികമായി കടകളില്‍ ഭക്ഷ്യസാധനങ്ങള്‍ ഉണ്ടെന്ന് കച്ചവടക്കാരുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണം. വീടുകളില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചുനല്‍കുന്നതിനും മാനസിക പ്രയാസം ഒഴിവാക്കാന്‍ കൗണ്‍സിലര്‍മാരെ ഉപയോഗിച്ച് ഇടപെടുന്നതിനും എംഎല്‍എമാര്‍ നേതൃത്വം വഹിക്കണം.

സ്വകാര്യ വാഹനങ്ങളില്‍ ആളുകള്‍ അധികമായി പുറത്തിറങ്ങുന്ന പ്രവണത ഇന്ന് കണ്ടിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങാനാണ് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. അതിനെ ആരും അവസരമായി കാണരുത്. സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവരില്‍നിന്ന് എന്തിനാണ് യാത്ര, എപ്പോള്‍ തിരിച്ചെത്തും, ഏതു വാഹനം എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം വാങ്ങാന്‍ പോലിസ് തീരുമാനിച്ചിട്ടുണ്ട്. അത് പൊലീസിന് നല്‍കണം. അതില്‍ പറയുന്ന കാര്യത്തിനില്ല യാത്ര എങ്കില്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാകും. നാട്ടിന്‍ പുറങ്ങളിലെ കവലകളിലും ക്ലബുകളിലും ആള്‍ക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ല.

സാഹചര്യം മുതലെടുക്കാന്‍ ആരും ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സാധനങ്ങള്‍ വില കൂട്ടി വില്‍ക്കാനോ പൂഴ്ത്തിവെക്കാനോ പാടില്ല. ചില കേന്ദ്രങ്ങളില്‍ അത്തരം പ്രവണത വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ക്ക് ഒറ്റയടിക്ക് ചിലര്‍ വില വര്‍ധിപ്പിച്ചു. അത് നിയമവിരുദ്ധമാണ്. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ദാക്ഷണ്യവുമില്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവശ്യ സര്‍വീസുകളുടെ ഭാഗമായി ജോലിക്കെത്തേണ്ടവര്‍ക്ക് പാസ് സൗകര്യം ഏര്‍പ്പെടുത്താന്‍ പൊലീസ് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ ഐഡി ഉപയോഗിക്കാം. അക്രഡിറ്റേഷന്‍ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും അതത് സ്ഥാപനങ്ങളുടെ ഐഡി കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. കടകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് ഈ പാസ് പ്രയോജനപ്പെടുത്താം. ഡ്യൂട്ടി കഴിഞ്ഞ് രാത്രികാലങ്ങളില്‍ വീട്ടിലേക്കു പോകുന്ന മാധ്യമ പ്രവര്‍ത്തകരെയും പത്ര ജീവനക്കാരെയും തടയരുത് എന്ന് പൊലീസ് നിര്‍ദേശം നല്‍കും.

കൊറിയര്‍ സര്‍വീസസ് നിലക്കുന്നു എന്ന അവസ്ഥ സംജാതമാകുന്നുണ്ട്. മരുന്നുകളും മറ്റും ദൂരെ സ്ഥലങ്ങളിലേക്ക് എത്തിക്കാനുളള സാഹചര്യം നിലക്കുമെന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്. അക്കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി വിളിച്ച ഇന്നത്തെ യോഗതീരുമാനം

1. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, നിംസ്, ഐസര്‍ തിരുവനന്തപുരം എന്നിവിടങ്ങളിലെ പരിശോധനാ സംവിധാനം സര്‍ക്കാരിന് ഉപയോഗിക്കാം.

2. തൊഴിലുറപ്പ് ജോലിക്കാരുടെ ജോലി ക്രമീകരിക്കും.

3. വീടില്ലാതെ തെരുവോരത്ത് കഴിയുന്നവര്‍ക്ക് താമസവും ഭക്ഷണവും ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. അവരുടെ ആരോഗ്യ പരിരക്ഷയും ഉറപ്പാക്കും.

4. പച്ചക്കറികള്‍ കൊണ്ടുവരുന്നത് അതിരാവിലെയാണ്. രാവിലെ തന്നെ അത് റീട്ടെയില്‍ കടകളില്‍ എത്തിക്കാന്‍ സംവിധാനമുണ്ടാക്കും.

5. പ്രാഥമിക, കുടുംബ ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് യാത്രാസൗകര്യം - സ്വന്തമായി വാഹനമില്ലാത്തവരെ വീട്ടിലെത്തിക്കാന്‍ സൗകര്യം.

6. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളില്‍ കട നടത്തുന്നവര്‍ക്ക് വാടക അടയ്ക്കുന്നതില്‍ രണ്ടുമാസത്തെ സാവകാശം.

7. മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകില്ല.

8. ഭക്ഷണത്തിന് റസ്റ്റോറന്‍റുകളെ ആശ്രയിക്കുന്നവര്‍ പല നഗരങ്ങളിലുമുണ്ട്. അവര്‍ പട്ടിണിയാവരുത്. അക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി.

9. വാര്‍ഷിക പദ്ധതിക്ക് മിനിമം ക്വാറത്തില്‍ ഡിപിസി ചേര്‍ന്ന് മാര്‍ച്ച് 31-നുമുമ്പ് അംഗീകാരം നല്‍കും. പിന്നീട് വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാം.

Next Story

RELATED STORIES

Share it