Football

ചാംപ്യന്‍സ് ലീഗ്; റയലിനെ വീഴ്ത്തി ബയേണ്‍; സ്‌പോര്‍ട്ടിങിനെതിരേ ആഴ്സണലിനും ജയം

ചാംപ്യന്‍സ് ലീഗ്; റയലിനെ വീഴ്ത്തി ബയേണ്‍; സ്‌പോര്‍ട്ടിങിനെതിരേ ആഴ്സണലിനും ജയം
X

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മല്‍സരങ്ങളില്‍ ജര്‍മ്മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനും ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലിനും വിജയം. കരുത്തരുടെ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബയേണ്‍ പരാജയപ്പെടുത്തിയപ്പോള്‍, സ്‌പോര്‍ട്ടിംഗ് സിപിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഴ്സണല്‍ മറികടന്നത്.

മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മല്‍സരത്തില്‍ ലൂയിസ് ഡയസ് (40'), ഹാരി കെയ്ന്‍ (46') എന്നിവരാണ് ബയേണിനായി വലകുലുക്കിയത്. മല്‍സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബയേണിന് ഡേയോട്ട് ഉപമെക്കാനോയിലൂടെ ആദ്യമേ ലീഡ് നേടാന്‍ അവസരം ലഭിച്ചെങ്കിലും അത് പാഴായി. 40-ാം മിനുറ്റില്‍ ഹാരി കെയ്നും ഗ്‌നാബ്രിയും ചേര്‍ന്നൊരുക്കിയ നീക്കത്തിനൊടുവില്‍ ലൂയിസ് ഡയസ് ബയേണിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതി തുടങ്ങി വെറും 30 സെക്കന്‍ഡിനുള്ളില്‍ ഹാരി കെയ്ന്‍ ഉജ്ജ്വലമായൊരു ഷോട്ടിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

72-ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജൂഡ് ബെല്ലിംഗ്ഹാമിന്റെ പാസില്‍ നിന്നും കിലിയന്‍ എംബാപ്പെ റയലിനായി ഒരു ഗോള്‍ മടക്കിയെങ്കിലും സമനില പിടിക്കാന്‍ അവര്‍ക്കായില്ല. മാനുവല്‍ നോയറുടെ തകര്‍പ്പന്‍ സേവുകളും ബയേണിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി.

ലിസ്ബണില്‍ നടന്ന പോരാട്ടത്തില്‍ സ്‌പോര്‍ട്ടിംഗ് സിപിക്കെതിരെ അവസാന നിമിഷം നേടിയ ഗോളിലാണ് ആഴ്സണല്‍ ജയിച്ചുകയറിയത്. മത്സരത്തിന്റെ 80-ാം മിനുറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ പാസില്‍ നിന്നും കായ് ഹാവെര്‍ട്സ് വിജയഗോള്‍ നേടി. ഇരുടീമുകളും ഗോളിനടുത്തെത്തിയെങ്കിലും പോസ്റ്റ് വില്ലനായത് തിരിച്ചടിയായി.

ഈ മത്സരത്തിലൂടെ ആഴ്സണലിന്റെ യുവതാരം മാക്സ് ഡൗമാന്‍ ഒരു ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കി. 16 വയസ്സും 97 ദിവസവും പ്രായമുള്ളപ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളത്തിലിറങ്ങിയ ഡൗമാന്‍, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. അടുത്ത ആഴ്ച ലണ്ടനിലെ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പാദ മല്‍സരങ്ങള്‍ സെമി ഫൈനല്‍ ജേതാക്കളെ തീരുമാനിക്കും.





Next Story

RELATED STORIES

Share it