Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: സെക്ടറല്‍ ഓഫിസര്‍മാരെയും സെക്ടറല്‍ അസിസ്റ്റന്റുമാരെയും നിയമിച്ചു

പോളിങ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി റിപോര്‍ട്ട് ചെയ്യുകയും സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കുകയുമാണ് ഇവരുടെ ചുതമല.

തദ്ദേശ തിരഞ്ഞെടുപ്പ്: സെക്ടറല്‍ ഓഫിസര്‍മാരെയും സെക്ടറല്‍ അസിസ്റ്റന്റുമാരെയും നിയമിച്ചു
X

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറല്‍ ഓഫിസര്‍മാരെയും സെക്ടറല്‍ അസിസ്റ്റന്റുമാരെയും നിയമിച്ച് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ എം അഞ്ജന ഉത്തരവായി. പോളിങ് സ്റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി റിപോര്‍ട്ട് ചെയ്യുകയും സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കുകയുമാണ് ഇവരുടെ ചുതമല. വോട്ടെടുപ്പിന് മുമ്പ് സെക്ടര്‍ ഓഫിസര്‍മാര്‍ തങ്ങളുടെ ചുമതലയിലുള്ള പോളിങ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടോയെന്ന് പരിശോധിക്കണം.

പോളിങ്ങിന്റെ തലേ ദിവസം വൈകീട്ട് എല്ലാ പോളിങ് കേന്ദ്രങ്ങളിലും എത്തി വോട്ടര്‍പട്ടികയുടെ മാര്‍ക്ക്ഡ് കോപ്പി പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് രേഖാമൂലം കൈമാറണം. എല്ലാ പോളിങ് ഉദ്യോഗസ്ഥരും പോളിങ് കേന്ദ്രത്തിലെത്തിയിട്ടുണ്ടെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ ലഭിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം. കൊവിഡ്-19 പ്രതിരോധ സാമഗ്രികള്‍ പോളിങ് സ്റ്റേഷനുകളില്‍ ലഭ്യമായിട്ടുണ്ടോ എന്നും പരിശോധിക്കണം.

പോളിങ് കേന്ദ്രങ്ങളില്‍ ഏതെങ്കിലും പോളിംഗ് സാമഗ്രികളുടെ കുറവുണ്ടായാല്‍ അവ ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കേണ്ടതും സെക്ടറര്‍ ഓഫിസര്‍മാരാണ്. ഇതിന് ആവശ്യമായ ഫോറങ്ങളും തിരഞ്ഞെടുപ്പ് സാമഗ്രികളും എപ്പോഴും വാഹനത്തില്‍ കരുതിയിരിക്കണം. ഏതെങ്കിലും പോളിങ് കേന്ദ്രത്തില്‍ അടിയന്തര സാഹചര്യത്തില്‍ പുതിയ വോട്ടിങ് യന്ത്രം ആവശ്യമായി വന്നാല്‍ അവ ഉടന്‍ ലഭ്യമാക്കി റിട്ടേണിങ് ഓഫിസറുമായി ബന്ധപ്പെട്ട് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുന്നതിന് നടപടി സ്വീകരിക്കണം.

ഓരോ രണ്ടുമണിക്കൂര്‍ ഇടവിട്ട് പോളിങ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പോളിങ് പുരോഗതി വിവരം ശേഖരിച്ച് റിട്ടേണിങ് ഓഫിസന്റെ അറിയിക്കുകയും ചെയ്യണം. പ്രിസൈഡിങ് ഓഫിസര്‍ പോള്‍ മാനേജര്‍ ആപ്ലിക്കേഷന്‍ മുഖേന വരണാധികാരിക്ക് വിവരങ്ങള്‍ കൃത്യമായി റിപോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പോളിങ് സ്റ്റേഷനിലോ അവയുടെ പരിസരത്തോ ഏന്തെങ്കിലും തര്‍ക്കങ്ങളുണ്ടായാല്‍ പോലിസുമായി ബന്ധപ്പെട്ട് പരിഹരിക്കണം.

പോളിങ് സ്റ്റേഷനുകളിലോ പരിസരത്തോ സ്ഥാനാര്‍ഥികളോ പ്രവര്‍ത്തകരോ വോട്ടര്‍മാരോ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ പോലിസിനെയോ മറ്റ് അധികാരികളെയോ അറിയിച്ച് നടപടി സ്വീകരിക്കണം. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, വരണാധികാരി, പ്രിസൈഡിംഗ് ഓഫിസര്‍മാര്‍, പ്രദേശത്ത് ക്രമസമാധാന ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥര്‍മാര്‍ എന്നിവരുടെ മൊബൈല്‍ നമ്പരുകള്‍ സെക്ടറല്‍ ഓഫീസര്‍മാരുടെ കൈവശമുണ്ടായിരിക്കണം.

വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ് മുതല്‍ പോളിങ്ങിന് ശേഷം സാധനങ്ങള്‍ തിരികെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കുന്നതു വരെയാണ് സെക്ടറല്‍ ഓഫിസര്‍മാരുടെ സേവന സമയം. വിവിധ ബ്ലോക്കുകളിലായി റിസര്‍വ് ഉള്‍പ്പെടെ ആകെ 174 സെക്ടറല്‍ ഓഫിസര്‍മാരെയും 43 സെക്ടറല്‍ അസിസ്റ്റന്റുമാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. കോട്ടയം മുനിസിപ്പാലിറ്റിയില്‍ അഞ്ചും വൈക്കം, ചങ്ങനാശേരി, പാലാ, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികളില്‍ രണ്ടുവീതവും സെക്ടറല്‍ ഓഫിസര്‍മാരാണുള്ളത്.

Next Story

RELATED STORIES

Share it