Kerala

കൊവിഡ് ചികില്‍സയിലും ക്വാറന്റൈനിലും കഴിയുന്നവര്‍ വോട്ടുചെയ്യുന്നത് എങ്ങനെ ?

ഇവരെ സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ എന്നാണ് വിളിക്കുക. ഇവര്‍ക്കു നല്‍കുന്ന തപാല്‍ ബാലറ്റ് പേപ്പര്‍ സ്‌പെഷ്യല്‍ തപാല്‍ ബാലറ്റ് എന്നാണ് അറിയപ്പെടുന്നത്.

കൊവിഡ് ചികില്‍സയിലും ക്വാറന്റൈനിലും കഴിയുന്നവര്‍ വോട്ടുചെയ്യുന്നത് എങ്ങനെ ?
X

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ എന്നാണ് വിളിക്കുക. ഇവര്‍ക്കു നല്‍കുന്ന തപാല്‍ ബാലറ്റ് പേപ്പര്‍ സ്‌പെഷ്യല്‍ തപാല്‍ ബാലറ്റ് എന്നാണ് അറിയപ്പെടുന്നത്.

സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ രണ്ടുവിഭാഗം

സ്‌പെഷ്യല്‍ വോട്ടര്‍മാരെ രണ്ടുവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വോട്ടെടുപ്പ് ദിനത്തിന് പത്തുദിവസം മുമ്പുള്ള തിയ്യതിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരും കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുമാണ് ആദ്യവിഭാഗം. ഇതിനുശേഷമുള്ള ദിവസങ്ങളിലും തിരഞ്ഞെടുപ്പിന്റെ തലേദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണി വരെയും ആരോഗ്യവകുപ്പ് സമ്പര്‍ക്ക പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തി ക്വാറന്റൈന്‍ നിര്‍ദേശിക്കുന്നവരും പുതുതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുമാണ് രണ്ടാമത്തെ വിഭാഗം.

പോളിങ് ബൂത്തില്‍ വോട്ടുചെയ്യാനാവില്ല

ഈ വിഭാഗങ്ങളില്‍പെടുന്നവര്‍ പിന്നീട് രോഗമുക്തി നേടിയാലും ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായാലും പ്രത്യേക തപാല്‍ വോട്ടുമാത്രമാണ് ചെയ്യാന്‍ കഴിയുക. സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിയ വോട്ടര്‍ പട്ടികയാവും പോളിങ് ബൂത്തുകളിലെ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് നല്‍കുക. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍പെടുന്നവര്‍ക്ക് പോളിങ് ബൂത്തിലെത്തി വോട്ടുചെയ്യാന്‍ കഴിയില്ല.

ക്വാറന്റൈനില്‍ കഴിയുന്നവരുടെ പട്ടിക വോട്ടെടുപ്പിന് പത്തുദിവസം മുമ്പ് മുതല്‍ ജില്ലയുടെ വെബ് സൈറ്റില്‍ (www.kottayam.nic.in) പ്രസിദ്ധീകരിക്കും. രോഗം സ്ഥിരീകരിച്ച് ചികില്‍സയിലിരിക്കുന്നവരുടെ പട്ടിക ഇത്തരത്തില്‍ പ്രസിദ്ധീകരിക്കില്ല.

രണ്ടുവിധത്തില്‍ വോട്ടുചെയ്യാം

19 ഡി എന്ന ഫോറത്തില്‍ വരണാധികാരിക്ക് അപേക്ഷ നല്‍കുന്നതാണ് ആദ്യ മാര്‍ഗം. ഈ ഫോറം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഇങ്ങനെ അപേക്ഷിക്കുമ്പോള്‍ 19 സി എന്ന ഫോറത്തില്‍ നല്‍കിയ അര്‍ഹതാ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്.

രണ്ടാമത്തെ സംവിധാനത്തില്‍ ഇവര്‍ ചികില്‍സയിലോ ക്വാറന്റൈനിലോ ഇരിക്കുന്ന സ്ഥലത്ത് എത്തിക്കുന്ന ബാലറ്റ് പേപ്പറില്‍ വോട്ടുചെയ്യാം. ഇതിനായി പ്രത്യേക പോളിങ് ഓഫിസര്‍മാരെയും പോളിങ് അസിസ്റ്റന്റുമാരെയും നിയോഗിച്ചിട്ടുണ്ട്. വോട്ടുചെയ്തശേഷം ബാലറ്റുകളും ഫോറങ്ങളും ഇവര്‍തന്നെയാവും സ്വീകരിക്കുക.

തിരിച്ചറിയല്‍ കാര്‍ഡ് കരുതുക; വിവരങ്ങള്‍ എഴുതി സൂക്ഷിക്കുക

പത്തുദിവസം മുമ്പ് മുതല്‍ വോട്ടിംഗ് തലേന്നു വരെയുള്ള ദിവസങ്ങളില്‍ വോട്ടര്‍മാരെ നേരത്തെ അറിയിച്ചിട്ടാവും ഉദ്യോഗസ്ഥര്‍ ബാലറ്റുമായി എത്തുക. അവര്‍ എത്തുമ്പോള്‍ വോട്ടുചെയ്യാന്‍ ഉദ്ദേശിക്കുന്ന വോട്ടര്‍മാര്‍ ഫോട്ടോ പതിച്ച ഒരു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കൈയില്‍ കരുതണം.

വോട്ട് ചെയ്യേണ്ട തദ്ദേശസ്ഥാപനത്തിന്റെ പേര്, വാര്‍ഡ് നമ്പര്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍, വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍ എന്നിവ നേരത്തെ എഴുതി സൂക്ഷിക്കുന്നതും ഉചിതമായിരിക്കും.

ആദ്യം സമ്മതം അറിയിക്കണം

പോളിംഗ് ഓഫിസര്‍ വോട്ടറോട് വോട്ടുചെയ്യുന്നതിന് സമ്മതം ആരായുന്നതാണ് ആദ്യ പടി. വോട്ടുചെയ്യുന്നതിന് സമ്മതമല്ലെന്നാണ് വോട്ടര്‍ അറിയിക്കുന്നതെങ്കില്‍ ആ വിവരം പോളിങ് ഓഫിസര്‍ തന്റെ പക്കലുള്ള രജിസ്റ്ററിലും 19 ബി എന്ന ഫോറത്തിലും രേഖപ്പെടുത്തി വോട്ടറുടെ ഒപ്പു വാങ്ങി മടങ്ങും.

വോട്ടുചെയ്യുന്നതിന് സമ്മതം അറിയിക്കുന്നപക്ഷം തിരിച്ചറിയല്‍ രേഖ പോളിങ് ഓഫിസര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം 19 ബി എന്ന അപേക്ഷാഫോറത്തില്‍ ഒപ്പിട്ട് ബാലറ്റ് പേപ്പറുകള്‍ അടങ്ങിയ കവറുകളും സാക്ഷ്യപത്രത്തിനുള്ള ഫോറവും കൈപ്പറ്റാം.

മുനിസിപ്പാലിറ്റിയില്‍ ഒരുവോട്ട്, പഞ്ചായത്തില്‍ മൂന്ന്

മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ മേഖലകളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്ക് ഒരു ജനപ്രതിനിധിയെ മാത്രമേ തിരഞ്ഞെടുക്കേണ്ടതുള്ളൂ. അതായത് ഇവര്‍ ഒരു വോട്ടുമാത്രം രേഖപ്പെടുത്തിയാല്‍ മതിയാവും.

എന്നാല്‍, പഞ്ചായത്ത് മേഖലകളിലെ വോട്ടര്‍മാര്‍ ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ഓരോ പ്രതിനിധിയെ വീതം തിരഞ്ഞെടുക്കുന്നതിനായി വോട്ടുചെയ്യണം. പഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ മൂന്ന് ബാലറ്റുകള്‍ ഉപയോഗിച്ച് മൂന്നുവോട്ടുകള്‍ ചെയ്യണം. ഇവര്‍ക്ക് മൂന്നുസെറ്റ് ഫോറങ്ങള്‍, കവറുകള്‍, ബാലറ്റ് എന്നിവയാകും നല്‍കുക.

ബാലറ്റ് നേരിട്ടോ തപാലിലോ നല്‍കാം

അപ്പോള്‍തന്നെ രഹസ്യമായി വോട്ട് രേഖപ്പെടുത്തി കവറിലിട്ട് പോളിങ് ഓഫിസര്‍ക്ക് കൈമാറുകയോ പിന്നീട് രേഖപ്പെടുത്തി അതത് റിട്ടേണിങ് ഓഫിസര്‍ക്ക് നേരിട്ട് അയച്ചുകൊടുക്കുകയോ ചെയ്യാം.

അയച്ചുകൊടുക്കുകയാണെങ്കില്‍ ബാലറ്റിനൊപ്പം നല്‍കേണ്ട ഫോറം 16 എന്ന സത്യവാങ്മൂലത്തില്‍ പോളിങ് ഓഫിസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി വാങ്ങാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ വോട്ടുചെയ്യുമ്പോള്‍ പഞ്ചായത്ത് മേഖലകളില്‍ താമസിക്കുന്നവര്‍ ജില്ലാ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപ്പഞ്ചായത്തിലെയും വോട്ടുകള്‍ വെവ്വേറെയാണ് പോസ്റ്റുചെയ്യേണ്ടത്.

കൊവിഡ് പ്രതിരോധം ഉറപ്പാക്കണം

പോളിങ് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ആദ്യം മാസ്‌ക് ശരിയായി ധരിക്കുക. തുടര്‍ന്ന് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ വൃത്തിയായി രണ്ടുകൈകളും കഴുകിയശേഷം മാത്രം അവരുടെ മുന്നിലെത്താന്‍ ശ്രദ്ധിക്കണം.

കവറുകള്‍ ഒട്ടിക്കുന്നതിനുള്ള പശ, പേന എന്നിവ കയ്യില്‍ കരുതുന്നതും അഭികാമ്യമാണ്. കൊവിഡ് പരിചരണ കേന്ദ്രങ്ങളിലും ആശുപത്രികളിലും പോളിങ് ഓഫിസര്‍ എത്തുമ്പോള്‍ അവിടെവച്ചുതന്നെയാണ് വോട്ടുരേഖപ്പെടുത്തുന്നതെങ്കില്‍ ലഭ്യമായ സൗകര്യങ്ങള്‍ക്കുള്ളില്‍ രോഗികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ ഒരു മറ ഒരുക്കുന്നത് നല്ലതാണ്.

ബാലറ്റും ഫോറങ്ങളും

മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 19ബി എന്ന അപേക്ഷ ഫോറം, ഫോറം 16ലുള്ള സത്യവാങ്മൂലം, ബാലറ്റ് അടങ്ങിയ ഫോറം 18, ചെറുതും വലുതുമായ കവറുകള്‍ എന്നിവ ഉള്‍പ്പെട്ട ഒരു സെറ്റായിരിക്കും വോട്ടര്‍മാരുടെ കൈവശം നല്‍കുക.

പഞ്ചായത്ത് മേഖലകളിലുള്ളവര്‍ക്ക് ഗ്രാമപഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള ബാലറ്റുകളും ഫോറങ്ങളും ഉള്‍പ്പെട്ട മൂന്നു സെറ്റുകളാവും നല്‍കുക.

ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ബാലറ്റിന് വെള്ള നിറമാണ്. ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റേതിന് പിങ്ക് നിറവും ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റേതിന് നീല നിറവുമാണ്. മൂന്നു തലങ്ങളിലും ഉപയോഗിക്കുന്ന കവറുകള്‍ക്കും ഫോമുകള്‍ക്കും ഒരേ നിറമായിരിക്കും

ബാലറ്റ് പേപ്പറിനുള്ള അപേക്ഷ

കോട്ടയം ജില്ലയിലെ മാടപ്പള്ളി ബ്ലോക്കിലെ വാകത്താനം ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡായ തോട്ടയ്ക്കാട് രണ്ടാമത്തെ പോളിങ് സ്റ്റേഷനിലെ 607ാം ക്രമനമ്പരിലുള്ളയാളാണ് വോട്ടര്‍ എന്ന് സങ്കല്‍പ്പിക്കുക.

ആദ്യമായി 19 ബി എന്ന ഫോറത്തില്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ പൂരിപ്പിക്കണം. ഈ ഫോറത്തില്‍ ആദ്യം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേരാണ് എഴുതേണ്ടത്. തുടര്‍ന്ന് ജി 54 വാകത്താനം എന്ന് എഴുതുക. അതിനുശേഷം ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവ വെട്ടിക്കളയുക. ഇപ്പോള്‍ ഗ്രാമപ്പഞ്ചായത്ത് മാത്രമാവും ശേഷിക്കുക.

അടുത്ത വരിയില്‍ നിയോജക മണ്ഡലത്തിന്റെ നമ്പരും പേരും എഴുതുക. ഇവിടെ വാര്‍ഡ് നമ്പര്‍ ആയ ഏഴ് തോട്ടയ്ക്കാട് എന്ന് എഴുതാം. പിന്നീടുള്ള വരികളില്‍ പൊതുതിരഞ്ഞെടുപ്പ് തിയ്യതിയും സ്വന്തം പോളിങ് സ്റ്റേഷന്റെ പേരും എഴുതണം. തുടര്‍ന്ന് പേര്, മേല്‍വിലാസം, വോട്ടര്‍ പട്ടികയിലെ ക്രമനമ്പര്‍, പോളിങ് സ്റ്റേഷന്‍ നമ്പര്‍ സ്ഥലം, തിയ്യതി എന്നിവ രേഖപ്പെടുത്തി ഒപ്പുവയ്ക്കണം. ഇതോടെ ബാലറ്റ് പേപ്പര്‍ കിട്ടുന്നതിനുള്ള അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാവും.

സത്യപ്രസ്താവന

വോട്ടുചെയ്യുന്നതിന് മുമ്പായി ഫോറം 16ലുള്ള സത്യപ്രസ്താവന പൂരിപ്പിക്കണം. മുമ്പ് പറഞ്ഞതുപോലെ ഗ്രാമപ്പഞ്ചായത്ത്, നിയോജക മണ്ഡലം അഥവാ വാര്‍ഡ്, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റിന്റെ ക്രമനമ്പര്‍ എന്നിവ രേഖപ്പെടുത്തി പേരും മേല്‍വിലാസവും എഴുതി ഒപ്പിടണം. തുടര്‍ന്ന് പോളിങ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തി നല്‍കും.

വോട്ടുചെയ്യുന്നത് ഇങ്ങനെ

ബാലറ്റ് പേപ്പറില്‍ രഹസ്യമായാണ് വോട്ട് രേഖപ്പടുത്തേണ്ടത്. ബാലറ്റ് പേപ്പറില്‍ വോട്ട് നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനു നേരെ വലതുവശത്ത് പേന ഉപയോഗിച്ച് ശരി അടയാളമോ, ഗുണന ചിഹ്നമോ വ്യക്തമായി രേഖപ്പടുത്തിയാല്‍ മതിയാവും. ഒരു ബാലറ്റ് പേപ്പറില്‍ ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യരുത്, രണ്ടു സ്ഥാനാര്‍ഥികളുടെ പേരുകള്‍ക്ക് ഇടയിലായും വോട്ടുചേയ്യാന്‍ പാടില്ല. ബാലറ്റ് പേപ്പറില്‍ യാതൊരു കാരണവശാലും ഒപ്പുവയ്ക്കരുത്. ഇങ്ങനെ ചെയ്താല്‍ ബാലറ്റുകള്‍ അസാധുവാകും.

പഞ്ചായത്ത് പ്രദേശത്തുള്ളവര്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഇപ്രകാരം മൂന്ന് ബാലറ്റ് പേപ്പറുകളില്‍ ഗ്രാമപ്പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ജില്ലാ പഞ്ചായത്തിലെയും ഓരോ സ്ഥാനാര്‍ഥിക്ക് വീതം വോട്ടുചെയ്യണം.

വോട്ട് രേഖപ്പെടുത്തിയ ശേഷം ഓരോ ബാലറ്റിനും ഒപ്പം തരുന്ന ഫോറം 18 എന്ന ചെറിയ കവറിനു പുറത്ത് തദ്ദേശ സ്ഥാപനത്തിന്റെയും നിയോജക മണ്ഡലത്തിന്റെയും പേര്, ബാലറ്റ് പേപ്പറിന്റെ ക്രമനമ്പര്‍, ഗ്രാമപഞ്ചായത്ത്/ ബ്ലോക്ക് പഞ്ചായത്ത്/ ജില്ലാ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി എന്നിവയില്‍ ശരിയായത്. എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തി ബാലറ്റ് മടക്കി നിക്ഷേപിച്ച് കവര്‍ ഒട്ടിക്കുക.

മുമ്പ് സൂചിപ്പിച്ച വാകത്താനം പഞ്ചായത്തിലെ വോട്ടര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് വോട്ടു ചെയ്യുമ്പോള്‍ കവറുകളിലും ഫോറങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് ബി 50 മാടപ്പള്ളി എന്നും നിയോജകമണ്ഡലത്തിന്റെ പേര് 04 വാകത്താനം എന്നും എഴുതണം. ഇതേ ആള്‍ ജില്ലാ പഞ്ചായത്തിലേക്ക് വോട്ടുചെയ്യുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് ഡി05 കോട്ടയം എന്നും നിയോജകമണ്ഡലത്തിന്റെ പേര് 16 വാകത്താനം എന്നുമാണ് എഴുതേണ്ടത്.

ബാലറ്റ് അടങ്ങിയ കവറുകള്‍ ഓരോന്നും സത്യപ്രസ്താവനയ്‌ക്കൊപ്പം വലിയ കവറിലാക്കുന്നതാണ് അടുത്ത നടപടി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടുകള്‍ ഓരോന്നും ഫോറം 19 എന്ന വലിയ കവറുകള്‍ പ്രത്യേകമായുണ്ട്. വലിയ കവറിനു പുറത്തും തദ്ദേശസ്ഥാപനത്തിന്റെ പേരും നിയോജക മണ്ഡലം അഥവാ വാര്‍ഡിന്റെയോ ഡിവിഷന്റയോ പേരും രേഖപ്പെടുത്തിയശേഷം വോട്ടര്‍ കവറിനു മുകളില്‍ നിര്‍ദിഷ്ഠ സ്ഥലത്ത് ഒപ്പുവയക്കണം. ഇതിനുശേഷം കവറുകള്‍ പോളിങ് ഓഫിസര്‍ക്ക് കൈമാറുകയോ തപാലില്‍ അയയ്ക്കുയോ ചെയ്യാം. ബാലറ്റുകള്‍ അടങ്ങിയ കവറുകള്‍ സ്വീകരിക്കുന്ന പോളിങ് ഓഫിസര്‍ അപ്പോള്‍തന്നെ കൈപ്പറ്റ് രസീത് നല്‍കും.

തപാലില്‍ അയയ്ക്കുമ്പോള്‍

വോട്ട് പിന്നീട് തപാലില്‍ അയയ്ക്കുകയാണെങ്കില്‍ ഡിസംബര്‍ 16ന് രാവിലെ എട്ടുമണിക്ക് മുമ്പ് റിട്ടേണിങ് ഓഫിസര്‍ക്ക് ലഭിച്ചിരിക്കണം. വോട്ടുകള്‍ തപാലില്‍ അയയ്ക്കുന്നതിന് പണമടയ്ക്കുകയോ സ്റ്റാമ്പ് ഒട്ടിക്കുകയോ വേണ്ടതില്ല. താമസിച്ച് ലഭിക്കുന്ന വോട്ടുകള്‍ അസാധുവാകും. സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ കൈയില്‍ മഷിയടയാളം രേഖപ്പെടുത്തുന്നതല്ല.

Next Story

RELATED STORIES

Share it