Kerala

കൊവിഡ് തടസ്സമാവില്ല; അര്‍ഹതയുളളവര്‍ക്ക് വീട് നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂര്‍ നഗരസഭ നിര്‍മിച്ച 1000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് തടസ്സമാവില്ല; അര്‍ഹതയുളളവര്‍ക്ക് വീട് നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍
X

തൃശൂര്‍: അര്‍ഹതയുളളവര്‍ക്ക് മുഴുവുന്‍ വീടു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് മഹാമാരി പോലുളള പ്രതിസന്ധികള്‍ ഇതിനിടയല്‍ വന്നെങ്കിലും അവ ബാധിക്കാതെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വന്തമായി വീട് ഇല്ലാത്തവരെ അഭിമാനബോധമുള്ളവരാക്കി മാറ്റാന്‍ ലൈഫ് പദ്ധതി സഹായിച്ചു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂര്‍ നഗരസഭ നിര്‍മിച്ച 1000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് പദ്ധതി കേരളത്തില്‍ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിസന്ധികള്‍ക്കിടയിലും ലൈഫ് മിഷന്റെ പ്രവര്‍ത്തനം മുടങ്ങാതെ നിര്‍വ്വഹിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ മുന്നോട്ടു പോവുകയാണ്. ഇതിനുവേണ്ടി സുമനസ്സുകളുടെ സഹായം സ്വീകരിക്കാനും യാതൊരു തടസ്സവുമില്ല. പലരും സഹായിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. കേരളത്തില്‍ വീടില്ലാതെ ആരും ബുദ്ധിമുട്ടരുത് എന്നതുകൊണ്ടാണ് പദ്ധതിയില്‍ നിന്ന് ഉള്‍പ്പെടാതെപോയവര്‍ക്ക് അപേക്ഷിക്കാന്‍ സെപ്റ്റംബര്‍ 9 വരെ വീണ്ടും അവസരം നീട്ടി കൊടുത്തത്. സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ലൈഫ് പദ്ധതിയോട് ചേര്‍ത്തു. കേന്ദ്രാവിഷ്‌കൃത പദ്ധതിയോടൊപ്പം വലിയൊരു തുക കൂടി സംസ്ഥാനവിഹിതമായി ചേര്‍ത്താണ് ഗുണഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറി. കൊടുങ്ങല്ലൂര്‍ നഗരസഭ ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ച വെച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളുടെ പേരില്‍ ലൈഫ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്നത് എതിര്‍ക്കുന്ന പ്രവണത നല്ലതല്ല. കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനം ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ലൈഫ് പദ്ധതി ഏതെങ്കിലുമൊരു സര്‍ക്കാരിന്റെ പദ്ധതിയായി കാണേണ്ടതില്ല. ജനങ്ങള്‍ ഏറ്റെടുത്ത പദ്ധതി ആയി ഇത് മാറിക്കഴിഞ്ഞു.

അഡ്വ വി ആര്‍ സുനില്‍ കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, ലൈഫ് മിഷന്‍ സി ഇ ഒ യു വി ജോസ് ഐഎഎസ്, കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, വൈസ് ചെയര്‍പേഴ്‌സന്‍ ഹണി പീതാംബരന്‍, പി എം എ വൈ അര്‍ബന്‍ ഓഫീസര്‍ ജഹാംഗീര്‍ എസ്, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ് കുമാര്‍, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it