Kerala

ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്ത്; കിടപ്പു രോഗികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ, ക്ഷേമപെന്‍ഷന്‍ 3000 രൂപ

ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്ത്; കിടപ്പു രോഗികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ, ക്ഷേമപെന്‍ഷന്‍ 3000 രൂപ
X

കോഴിക്കോട്: ഇടതുമുന്നണിയുടെ പ്രകടന പത്രിക മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രിക പ്രകാശനം ചെയ്തു. രണ്ട് പുസ്തകമായാണ് എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. കിടപ്പു രോഗികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ, കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ജോലി, ക്യാമ്പസ് പ്ലേസ്‌മെന്റ് തുടങ്ങി 60 ഇന പരിപാടികളാണ് പ്രകടന പത്രികയില്‍ എല്‍ഡിഎഫ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ക്ഷേമപെന്‍ഷന്‍ 3000 രൂപ ആക്കും എന്ന് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ജോലി ലഭ്യമാക്കും. ഈ അധ്യയന വര്‍ഷം 60000 കുട്ടികള്‍ക്ക് ജോലി ഉറപ്പാക്കും. സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്കും ജോലി, അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ തുടങ്ങിയവയും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിവേഗ തെക്ക് വടക്ക് റെയില്‍പാതയ്ക്കു വേണ്ടിയുള്ള ശ്രമം തുടരുമെന്നും പത്രികയില്‍ പറയുന്നു.

വ്യവസായ മേഖലയില്‍ അഞ്ച് വര്‍ഷം കൊണ്ട് 2 ലക്ഷം കോടി നിക്ഷേപം, സാര്‍വത്രിക ആരോഗ്യ പരിരക്ഷാ പദ്ധതി - പരിധിയില്ലാത്ത ചികിത്സാ ആനുകൂല്യം ലഭ്യമാക്കും, പൊതുമേഖലയെ രക്ഷിക്കാന്‍ വൈവിധ്യവത്കരണം എന്നിവയും പത്രികയിലെ വാഗ്ദാനങ്ങളാണ്. പൗരത്വ നിയമത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ നേറ്റിവിറ്റി കാര്‍ഡ് നല്‍കും. പ്രാദേശിക ചാനലുകളുടെ കൂട്ടായ്മ രൂപീകരിക്കും. മാധ്യമ പ്രവര്‍ത്തക ക്ഷേമനിധി, പത്രപ്രവര്‍ത്തക പെന്‍ഷന്‍ എന്നിവ കൂടുതല്‍ വിപുലവും ഫലപ്രദവുമാക്കും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഇടുക്കി, വയനാട്, കാസര്‍കോട്, കുട്ടനാട്, തീരദേശം പ്രത്യേക പാക്കേജുകള്‍ തുടരും. ഡിസൈന്‍ഡ് സ്മാര്‍ട്ട് റോഡുകളും വാ?ഗ്ദാനത്തിലുള്‍പ്പെടുന്നു. കേരള ബാങ്ക് കേന്ദ്രസര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നതിന് പകരം പരമാവധി നാട്ടിലെ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കും.

തിരുവനന്തപുരം, കോഴിക്കോട് മെട്രോയും ഇടതുമുന്നണി ഉറപ്പുനല്‍കുന്നു. കെഎസ്ആര്‍ടിസിയില്‍ ശമ്പള പെന്‍ഷന്‍ പരിഷ്‌കരണവും നടപ്പാക്കും. വാട്ടര്‍ മെട്രോ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. എല്ലാ റേഷന്‍ കടകളും കെ സ്റ്റോറുകളാക്കാനും പദ്ധതിയുണ്ട്. എല്ലാ വാര്‍ഡുകളിലും 30 മിനിറ്റ് ഫിറ്റ്‌നസ് സര്‍ക്കിളുകള്‍ എല്‍ഡിഎഫ് വാ?ഗ്ദാനം ചെയ്യുന്നു. ഇതിനായി 30 മിനിറ്റ് വീട്ടില്‍ നിന്ന് നടക്കാവുന്ന ദൂരത്തില്‍ കളിസ്ഥലമോ പാര്‍ക്കോ ജിമ്മോ കൊണ്ടുവരും. 2031 ആകുമ്പോള്‍ പേ വിഷബാധ മരണങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കും. കേന്ദ്രം വീണ്ടും അവഗണന തുടര്‍ന്നാല്‍ അന്തര്‍ ദേശീയ തലത്തില്‍ എയിംസിനേക്കാള്‍ മികച്ച മെഡിക്കല്‍ ഗവേഷണ ആശുപത്രി കൊണ്ടുവരുമെന്ന വമ്പന്‍ പ്രഖ്യാപനവും പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നു. ഇത് ജനകീയ വിഭവ സമാഹരണത്തോടെയാകും സ്ഥാപിക്കുക.

ലൈഫ് മിഷന്‍ 2.0 - രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമായി മാറും. കേരള ചിക്കന്‍ മാതൃകയില്‍ ആട് ഗ്രാമം, പോത്ത് ഗ്രാമം, മുയല്‍ ഗ്രാമം എന്നിവ നടപ്പാക്കുമെന്നും എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ പറയുന്നു. പ്രതിരോധ മേഖലയിലെ സ്ഥാപനങ്ങളെ കൂട്ടിയിണക്കി സാങ്കേതിക ഇന്നൊവേഷന്‍ ഹബ്ബും ഇടനാഴിയും ഇടതുമുന്നണിയുടെ പദ്ധതിയിലുണ്ട്. 60 ഇന പരിപാടികള്‍ക്കൊപ്പം 950 വാഗ്ദാനങ്ങളുടെ വിശദമായ പ്രകടന പത്രിയും എല്‍ഡിഎഫ് പുറത്തിറക്കിയിട്ടുണ്ട്.



Next Story

RELATED STORIES

Share it