Latest News

മകന്റെ അസുഖം മാറാന്‍ മകളെ നരബലി നല്‍കി; മാതാവ് ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍

മകന്റെ അസുഖം മാറാന്‍ മകളെ നരബലി നല്‍കി; മാതാവ് ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍
X

ഹസാരിബാഗ്: ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ മന്ത്രവാദ വിശ്വാസത്തെ തുടര്‍ന്ന് സ്വന്തം മകളെ നരബലി നല്‍കി മാതാവ്. കുസുംബ ഗ്രാമത്തിലാണ് സംഭവം. മാതാവ് രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), നാട്ടുകാരനായ ഭീം റാം (40) എന്നിവരാണ് പിടിയിലായത്. നരബലിയാണ് നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് അറിയിച്ചു.

പ്രതിയായ രശ്മി ദേവിയുടെ ഇളയ മകന്‍ ശാരീരിക മാനസിക അസുഖങ്ങള്‍ നേരിട്ടിരുന്നു. കുട്ടിയുടെ രോഗ ശാന്തിക്കായി മന്ത്രവാദിനിയെ സമീപിച്ചിരുന്ന ഇവര്‍ക്ക്, 'കന്യകയെ ബലി നല്‍കിയാല്‍ രോഗം മാറും' എന്ന ഉപദേശം നല്‍കുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാര്‍ച്ച് 24നുള്ള അഷ്ടമി രാത്രിയില്‍, രാമനവമി ഘോഷയാത്രയോടനുബന്ധിച്ച് ഗ്രാമം മുഴുവന്‍ തിരക്കിലായ സമയത്താണ് കൊലപാതകം നടത്തിയത്. മന്ത്രവാദിനിയുടെ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബലി കര്‍മ്മങ്ങള്‍ നടത്തി. തുടര്‍ന്ന് മൃതദേഹം സമീപത്തെ തോട്ടത്തില്‍ കുഴിച്ചുമൂടി.

സംഭവം മറച്ചുവക്കാന്‍ ശ്രമിച്ച പ്രതികള്‍, ആദ്യം കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് തെറ്റിദ്ധരിപ്പിച്ചു. കൂട്ടബലാല്‍സംഗം നടന്നുവെന്ന പ്രചരണവും നടത്തി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടവും ഫോറന്‍സിക് പരിശോധനയും വഴി ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ പോലിസ് ചോദ്യം ചെയ്യല്‍ ശക്തമാക്കി. ഇതിനെത്തുടര്‍ന്ന് ഇവര്‍ കുറ്റം സമ്മതിച്ചു. കേസില്‍ അറസ്റ്റിലായ ഭീം റാം മുന്‍പും ഇരട്ടക്കൊലക്കേസില്‍ പ്രതിയായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാര്‍ഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജസ്റ്റിസ് സുജിത് നാരായണ്‍ പ്രസാദ്, ജസ്റ്റിസ് സഞ്ജയ് പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനും ഡിജിപിക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it