Kerala

ഘടകകക്ഷികള്‍ അതൃപ്തിയില്‍; സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ എല്‍ഡിഎഫ് യോഗം ഇന്നുചേരും

സീറ്റുവേണമെന്ന ആവശ്യത്തില്‍ ഘടകകക്ഷികളായ എന്‍സിപിയും ജനാധിപത്യ കേരളാ കോണ്‍ഗ്രസും ജനതാദള്‍-എസും ഉറച്ചുനില്‍ക്കുകയാണ്. ഇത്തവണ സീറ്റ് ഉണ്ടാകില്ലെന്ന കാര്യം ഇന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും.

ഘടകകക്ഷികള്‍ അതൃപ്തിയില്‍; സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ എല്‍ഡിഎഫ് യോഗം ഇന്നുചേരും
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ എല്‍ഡിഎഫ് യോഗം ഇന്നുചേരും. വൈകീട്ട് മൂന്നിനാണ് യോഗം. ഇതിനു മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ചേരും. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലത്തില്‍ 16 ഇടത്ത് സിപിഎമ്മും നാലിടത്ത് സിപിഐയുമാണ് മല്‍സരിക്കുക. മറ്റു ഘടകകക്ഷികള്‍ക്കൊന്നും ഇത്തവണ സീറ്റ് നല്‍കാത്തത് മുന്നണിയില്‍ ആഭ്യന്തരകലഹം രൂക്ഷമാക്കിയിട്ടുണ്ട്. അതേസമയം, സിപിഎം മല്‍സരിക്കുന്ന പൊന്നാനിയില്‍ ആരു മല്‍സരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ല.

കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സമിതിയും ഇക്കാര്യത്തില്‍ ധാരണയില്ലാതെ പിരിയുകയായിരുന്നു. പി വി അന്‍വര്‍ എംഎല്‍എ, വി അബ്ദുറഹ്മാന്‍, റിയാസ് പുളിക്കലത്ത് എന്നിവരുടെ പേരുകളാണ് പൊന്നാനിയിലേക്ക് പ്രാദേശിക നേതൃത്വം നല്‍കിയത്. എന്നാല്‍, അബ്ദുറഹ്മാനും റിയാസ് പുളിക്കലത്തും പിന്‍മാറിയതോടെ പിവി അന്‍വര്‍ മാത്രമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ അന്‍വറിനെതിരായി ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ തിരിച്ചടിയാവുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അതിനിടെ, മലപ്പുറം കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചയില്‍ പിടി കുഞ്ഞുമുഹമ്മദിന്റെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്.

അതിനിടെ, സീറ്റുവേണമെന്ന ആവശ്യത്തില്‍ ഘടകകക്ഷികളായ എന്‍സിപിയും ജനാധിപത്യ കേരളാ കോണ്‍ഗ്രസും ജനതാദള്‍-എസും ഉറച്ചുനില്‍ക്കുകയാണ്. രാജ്യസഭാ സീറ്റ് ലഭിച്ചതിനാല്‍ ലോക് താന്ത്രിക് ജനതാദള്‍ ഏറെക്കുറെ സംതൃപ്തിയിലാണ്. പത്തനംതിട്ട സീറ്റാണ് എന്‍സിപിയും ജനാധിപത്യ കേരളാ കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്. ജനതാദള്‍-എസ് കോട്ടയത്തിനു വേണ്ടിയും വാദിക്കുന്നു. എന്നാല്‍, ഈ രണ്ടു സീറ്റിലും സിപിഎം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. സീറ്റില്ലെങ്കില്‍ സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന വാദവും ജെഡിഎസില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, ഇതൊന്നും സിപിഎം ഗൗരവമായി എടുത്തിട്ടുമില്ല. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ ജെഡിഎസ് സംസ്ഥാന സമിതി യോഗവും വൈകീട്ട് ചേരും.

Next Story

RELATED STORIES

Share it