Kerala

എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണത്തില്‍ സന്തോഷം; എംപി സ്ഥാനം രാജിവയ്ക്കില്ലെന്ന് ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്നും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗമില്ലാത്ത യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാവുമെന്നുമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും രംഗത്തെത്തി.

എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണത്തില്‍ സന്തോഷം; എംപി സ്ഥാനം രാജിവയ്ക്കില്ലെന്ന് ജോസ് കെ മാണി
X

കോട്ടയം: യുഡിഎഫില്‍നിന്ന് പുറത്തായാലും തങ്ങള്‍ യുപിഎയുടെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ എംപി സ്ഥാനം രാജിവയ്ക്കില്ലെന്നും ജോസ് കെ മാണി എംപി. തങ്ങളെക്കുറിച്ചുള്ള എല്‍ഡിഎഫിന്റെ പ്രസ്താവനയില്‍ സന്തോഷമുണ്ടെന്നും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് മുന്നണികളിലേക്ക് മാറുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാവും. മുന്നണികളുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയോ ആലോചനയോ നടന്നിട്ടില്ല. കേരള കോണ്‍ഗ്രസില്‍ മുമ്പും പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്.

ജോസഫ് മൂന്നുദിവസം മുമ്പ് പറഞ്ഞതാണ് യുഡിഎഫ് ആവര്‍ത്തിച്ചത്. എന്തെങ്കിലും കൂട്ടുകെട്ടുണ്ടോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന് അടിത്തറ ഉള്ളതുകൊണ്ടാണ് കോടിയേരി അത്തരത്തില്‍ പറഞ്ഞത്. ഇടത് നേതാക്കളുടെ പ്രതികരണത്തില്‍ സന്തോഷമേയുള്ളു. യുഡിഎഫ് തങ്ങളോട് കാട്ടിയത് വലിയ അനീതിയാണെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് ബഹുജന പിന്തുണയുള്ള പാര്‍ട്ടിയാണെന്നും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗമില്ലാത്ത യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാവുമെന്നുമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളെ പിന്തുണച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും രംഗത്തെത്തി.

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്വാധീനമുളള കക്ഷിതന്നെയെന്നും ഇതുസംബന്ധിച്ച കോടിയേരിയുടെ ദേശാഭിമാനിയിലെ ലേഖനത്തിലെ വാക്കുകള്‍ യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് മുന്നണി വിട്ട ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച് എല്‍ഡിഎഫ് പ്രതികരിക്കും. യുഡിഎഫിലെ നിലവിലെ പ്രതിസന്ധിയും നിലവില്‍ കേരളത്തില്‍ രൂപപ്പെട്ടുവന്ന രാഷ്ട്രീയകാര്യങ്ങളും വിശകലനം ചെയ്യും. എല്‍ഡിഎഫ് വിപുലീകരണത്തെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.

യുഡിഎഫ് വിട്ടവര്‍ നിലപാട് വ്യക്തമാക്കിയാല്‍ എല്‍ഡിഎഫ് അഭിപ്രായം പറയും. തങ്ങളെ സമീപിച്ചെന്ന് ജോസ് കെ മാണി ഇതുവരെയും പറഞ്ഞിട്ടില്ലല്ലോയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അവശനിലയിലായവരുടെ വെന്റിലേറ്ററല്ല ഇടതുമുന്നണിയെന്നായിരുന്നു നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തില്‍ സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ നിലപാട് നിര്‍ണായകമാവും.

Next Story

RELATED STORIES

Share it