Kerala

സംസ്ഥാനങ്ങള്‍ എതിരുനിന്നാല്‍ കേന്ദ്രത്തിന് എന്‍ആര്‍സി നടപ്പാക്കാന്‍ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

'നിര്‍ഭയ നാട് നിരാക്ഷേപ വിദ്യഭ്യാസം' എന്ന പ്രമേയത്തില്‍ കോഴിക്കോട്ട് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (കെഎസ്ടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങള്‍ എതിരുനിന്നാല്‍ കേന്ദ്രത്തിന് എന്‍ആര്‍സി നടപ്പാക്കാന്‍ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി
X

കോഴിക്കോട്: രാജ്യത്തെ സംസ്ഥാനങ്ങള്‍ എതിരുനിന്നാല്‍ കേന്ദ്രസര്‍ക്കാരിന് എന്‍ആര്‍സി നടപ്പാക്കാന്‍ കഴിയില്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനങ്ങള്‍ നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ മാനത്തുനിന്നിറങ്ങി ബിജെപിക്ക് എന്‍ആര്‍സി യാഥാര്‍ഥ്യമാക്കാന്‍ കഴിയുമോയെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. 'നിര്‍ഭയ നാട് നിരാക്ഷേപ വിദ്യഭ്യാസം' എന്ന പ്രമേയത്തില്‍ കോഴിക്കോട്ട് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (കെഎസ്ടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ പോയിട്ട് ലോകത്ത് തന്നെ ചെലവാകാത്തതാണ് പൗരത്വ ഭേദഗതി നിയമം. നിയമത്തിനെതിരെയുള്ള സമരം വിജയിപ്പിക്കേണ്ട വെല്ലുവിളി ജനാധിപത്യവിശ്വാസികള്‍ ഏറ്റെടുക്കേണ്ടതുണ്ട്.

രാജ്യത്തെ ജനങ്ങളെ മതപരമായി വിഭജിച്ച് കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തൊഴിലില്ലായ്മ, പട്ടിണി, സാമ്പത്തിക പ്രതിസന്ധി എന്നിവയെക്കുറിച്ചൊന്നും ബിജെപി സംസാരിക്കില്ല. അതിനവര്‍ക്ക് ധൈര്യമില്ല. ഭരണഘടനാവിരുദ്ധമായ സിഎഎയ്‌ക്കെതിരേ രാജ്യം ഐതിഹാസികമായ സമരം നടത്തുമ്പോള്‍ ഈ സന്ദര്‍ഭം മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. സിഎഎ മുസ്‌ലിംകള്‍ക്കെതിരാണെന്നതിനേക്കാള്‍ ഭരണഘടനാവിരുദ്ധമാണെന്ന കാര്യം മറന്നുപോവരുത്. രാജ്യവിരുദ്ധമായ നിയമങ്ങള്‍ക്കെതിരേ പൊതുസമൂഹത്തിന്റെ കൂടെ പിന്തുണയോടെയുള്ള സമരമാണ് അനിവാര്യമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് എ കെ സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍, കെഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി വി കെ മൂസ, സെക്രട്ടറി പി കെ അസീസ്, സി കെ സുബൈര്‍, നജീബ് കാന്തപുരം, സി പി ചെറിയമുഹമ്മദ്, അബ്ദുല്ല വാവൂര്‍, അഡ്വ പി കുല്‍സു, എം കെ ഹംസ, അബ്ദുല്ല വാവൂര്‍ സംസാരിച്ചു. ഉസ്മാന്‍ താമരത്ത് പ്രമേയപ്രഭാഷണം നടത്തി.

Next Story

RELATED STORIES

Share it