Kerala

കെഎസ്ആർടിസിയിൽ പ്രതിസന്ധി; സംസ്ഥാനത്ത് 596 ഷെഡ്യൂളുകൾ മുടങ്ങി

520 ജൻറം ബസുകൾ ഉൾപ്പടെ കെഎസ്ആർടിസിയിൽ ആകെ 5838 ഷെഡ്യൂൾ ഉള്ളതിൽ കഴിഞ്ഞ ഞായറാഴ്ച 4416 സർവീസുകളാണ് നടന്നത്. എംപാനൽ ജീവനക്കാർ ഉണ്ടായിട്ടുപോലും അന്ന് 1422 ഷെഡ്യൂളുകളാണ് ക്യാൻസൽ ചെയ്തത്. എന്നാൽ, ഇന്നലെ എംപാനൽ ഡ്രൈവർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിന് പിന്നാലെ ഇന്ന് ആകെയുള്ള 5838 ഷെഡ്യൂളുകളിൽ 3820 ഷെഡ്യൂളുകളാണ് ഓപറേറ്റ് ചെയ്യാനായത്.

കെഎസ്ആർടിസിയിൽ പ്രതിസന്ധി; സംസ്ഥാനത്ത് 596 ഷെഡ്യൂളുകൾ മുടങ്ങി
X

തിരുവനന്തപുരം: എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് പിന്നാലെ താല്‍കാലിക ഡ്രൈവര്‍മാരെയും പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായി. ഇന്ന് സംസ്ഥാനത്താകെ അറുന്നൂറിനടുത്ത് സര്‍വീസുകളെയാണ് ഡ്രൈവര്‍മാരുടെ പിരിച്ചുവിടല്‍ ബാധിച്ചത്. ബദല്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വരും ദിവസങ്ങളില്‍ യാത്ര കൂടുതല്‍ ബുദ്ധിമുട്ടിലാകും.

കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ ആഴ്ചയിലേക്കാൾ 596 ഷെഡ്യൂളുകളാണ് ഇന്ന് അധികമായി ക്യാൻസൽ ചെയ്തത്. 520 ജൻറം ബസുകൾ ഉൾപ്പടെ കെഎസ്ആർടിസിയിൽ ആകെ 5838 ഷെഡ്യൂൾ ഉള്ളതിൽ കഴിഞ്ഞ ഞായറാഴ്ച 4416 സർവീസുകളാണ് നടന്നത്. എംപാനൽ ജീവനക്കാർ ഉണ്ടായിട്ടുപോലും അന്ന് 1422 ഷെഡ്യൂളുകളാണ് ക്യാൻസൽ ചെയ്തത്.

എന്നാൽ, ഇന്നലെ എംപാനൽ ഡ്രൈവർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിന് പിന്നാലെ ഇന്ന് ആകെയുള്ള 5838 ഷെഡ്യൂളുകളിൽ 3820 ഷെഡ്യൂളുകളാണ് ഓപറേറ്റ് ചെയ്യാനായത്. 2018 ഷെഡ്യൂളുകൾ ക്യാൻസൽ ചെയ്തു. കഴിഞ്ഞ ആഴ്ചയിലേക്കാൾ 596 ഷെഡ്യൂളുകളാണ് അധികമായി റദ്ദാക്കേണ്ടി വന്നത്. ദീർഘദൂര സർവീസുകളിൽ താൽക്കാലിക ജീവനക്കാരെ ഉപയോഗിക്കാത്തതിനാൽ അത്തരം ഷെഡ്യൂളുകൾക്ക് തടസ്സമില്ല. എ.സി ബസ്സുകളിൽ എം പാനൽ ജീവനക്കാർക്ക് ട്രെയിനിങ് കൊടുത്തിട്ടില്ലാത്തതിനാൽ അത്തരം സർവീസുകളും മുടങ്ങില്ല.


ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയതോടെ 2017 എംപാനൽ ഡ്രൈവർമാർക്കാണ് ജോലി നഷ്ടപ്പെട്ടത്. തെക്കൻ മേഖലയിലാണ് കൂടുതൽ പേരെ പിരിച്ചുവിട്ടത് - 1479 പേർ. മധ്യമേഖലയിൽ 257ഉം വടക്കൻ മേഖലയിൽ 371 പേരെയും പിരിച്ചുവിട്ടു. താൽകാലിക ഡ്രൈവര്‍മാരുടെ കുറവാണ് ഇത്രയേറെ സർവീസുകൾ കുറയാൻ കാരണം. തെക്കന്‍ മേഖലയില്‍ മാത്രം നൂറോളം സര്‍വീസുകളാണ് ഇന്ന് മുടങ്ങിയത്.

രാവിലെ പലയിടത്തും ബസ്സോടിക്കാൻ ആളില്ലാത്ത സ്ഥിതിയായിരുന്നു. കൊട്ടാരക്കര ഡിപ്പോയിൽ മാത്രം 40 സർവ്വീസ് മുടങ്ങി. കൊല്ലത്ത് 15, കണിയാപുരത്ത് 13 എന്നിങ്ങനെയാണ് മുടങ്ങിയ സർവീസുകളുടെ എണ്ണം. കൊല്ലം ചാത്തന്നൂർ സബ്ഡിപ്പോയിൽ പത്തും കരുനാഗപ്പള്ളിയിൽ ഏഴും സർവ്വീസുകൾ മുടങ്ങി. ആര്യങ്കാവ് ഡിപ്പോയിൽ ഡ്രൈവർ ഇല്ലാത്തതിനാൽ റോസ്‍മല ട്രിപ്പ് മുടങ്ങി. ചടയമംഗലം സബ് ഡിപ്പോയിൽ 55 സർവീസുകളുള്ളതിൽ 18 സർവീസുകൾ ഇന്ന് റദ്ദാക്കി. മധ്യകേരളത്തിലും പ്രതിസന്ധി രൂക്ഷമായിരുന്നു. വടക്കന്‍ മേഖലയില്‍ വയനാടാണ് കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങിയത്-40. പാലക്കാട് 9ഉം കാസര്‍കോടും മലപ്പുറത്തും 2 വീതം സര്‍വീസുകളും മുടങ്ങി. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങാനാണ് സാധ്യത.

എംപാനല്‍ ഡ്രൈവര്‍മാരെ ഏപ്രിലില്‍ പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ വിധി നടപ്പാക്കാന്‍ സുപ്രീംകോടതി ജൂണ്‍ 30 വരെ സാവകാശം അനുവദിക്കുകയായിരുന്നു. കണ്ടക്ടര്‍മാരെ നിയോഗിച്ചത് പോലെ ലീവ് വേക്കന്‍സിയില്‍ ഡ്രൈവര്‍മാരെ നിയോഗിക്കാനാണ് കെഎസ്ആര്‍ടിസിയുടെ ആലോചന. അതേസമയം, പ്രവൃത്തി ദിനമായ നാളെയാകും കടുത്ത പ്രശ്നം. നാളെ അവധിയായ ജീവനക്കാരോട് അത് റദ്ദാക്കി ജോലിക്ക് ഹാജരാകാൻ കെഎസ്‍ആർടിസി എംഡി നിർദേശം നൽകിയിട്ടുണ്ട്.

Next Story

RELATED STORIES

Share it