Kerala

പുറത്തുനിന്നും അമിതമായി വൈദ്യുതി വാങ്ങി കെഎസ്‌ഇബി; സംസ്ഥാനത്ത് ഉൽപാദനം കുറയുന്നു

കേന്ദ്രപൂളില്‍ നിന്നുള്ള വിഹിതം കുറവാണെന്ന സാഹചര്യം മുതലെടുത്താണ്‌ കെഎസ്‌ഇബി അധിക അളവ്‌ വൈദ്യുതി പുറത്തുനിന്നു വാങ്ങുന്നത്‌. സ്വകാര്യ മേഖല വാഗ്‌ദാനം ചെയ്യുന്ന കമ്മീഷനാണ്‌ ഇതിനു പിന്നിലെന്ന്‌ ആക്ഷേപമുണ്ട്‌.

പുറത്തുനിന്നും അമിതമായി വൈദ്യുതി വാങ്ങി കെഎസ്‌ഇബി; സംസ്ഥാനത്ത് ഉൽപാദനം കുറയുന്നു
X

തിരുവനന്തപുരം: പുറത്തുനിന്നും കെഎസ്‌ഇബി അമിതമായി വൈദ്യുതി വാങ്ങുന്നതിനാല്‍ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ ഉൽപാദനം കുറയുന്നു. ശക്തമായ മഴയെത്തുടര്‍ന്ന്‌ അണക്കെട്ടുകളില്‍ അധികജലം ഉണ്ടെങ്കിലും ഉപയോഗിക്കാനാകാത്ത സ്ഥിതി. ഉൽപാദനം കൂട്ടിയില്ലെങ്കില്‍ മഴക്കാലത്ത്‌ അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വരുമെന്നു വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കി.

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 80 ദശലക്ഷം യൂനിറ്റാണ്‌. എന്നാല്‍ ആഭ്യന്തര ഉൽപാദനം 23 ദശലക്ഷം യൂനിറ്റ്‌ മാത്രം. ബാക്കി 57 ദശലക്ഷം യൂനിറ്റ്‌ വൈദ്യുതിയും പുറത്തുനിന്നു വാങ്ങുകയാണ്‌. കേന്ദ്രപൂളില്‍ നിന്നുള്ള വിഹിതം കുറവാണെന്ന സാഹചര്യം മുതലെടുത്താണ്‌ കെഎസ്‌ഇബി അധിക അളവ്‌ വൈദ്യുതി പുറത്തുനിന്നു വാങ്ങുന്നത്‌. സ്വകാര്യ മേഖല വാഗ്‌ദാനം ചെയ്യുന്ന കമ്മീഷനാണ്‌ ഇതിനു പിന്നിലെന്ന്‌ ആക്ഷേപമുണ്ട്‌.

വൈദ്യുതി വാങ്ങാനായി വിവിധ കമ്പനികളുമായി ഒപ്പിട്ട ദീര്‍ഘകാല, ഹ്രസ്വകാല കരാറുകളില്‍നിന്നു പിന്‍മാറാന്‍ കഴിയാത്ത സ്ഥിതിയിലാണു കെഎസ്‌ഇബി. കരാര്‍ പ്രകാരം ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും വൈദ്യുതി വാങ്ങണം. വാങ്ങാതിരുന്നാല്‍ പണം നഷ്‌ടമാകുന്നതിനൊപ്പം പിഴയുമുണ്ടാകും. ഈ സാഹചര്യത്തില്‍ ആഭ്യന്തര ഉൽപാദനം കുറച്ച്‌ പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങാന്‍ മാത്രമേ കെഎസ്‌ഇബിക്കു കഴിയുകയുള്ളൂ.

കൂടുതല്‍ ആവശ്യമുള്ള സമയത്ത് വാങ്ങുന്ന വൈദ്യുതിക്കു വിലയും കൂടും. സംസ്ഥാനത്ത്‌ വ്യവസായശാലകള്‍ കുറവായതിനാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി ഉപഭോഗത്തില്‍ എട്ട്‌ ദശലക്ഷം യൂനിറ്റ്‌ കുറവു വന്നിട്ടുണ്ടെന്നാണ്‌ അറിയുന്നത്‌. എങ്കിലും കരാര്‍ പ്രകാരമുള്ള വൈദ്യുതി വാങ്ങേണ്ട ഗതികേടിലാണു കേരളം. ആഭ്യന്തര ഉൽപാദനം മുന്നില്‍ക്കണ്ട്‌, ആവശ്യമായിവരുന്ന അധിക വൈദ്യുതി മാത്രം പുറത്തുനിന്നു വാങ്ങാനുള്ള നടപടിയാണ്‌ ഇതിനു പരിഹാരമായി വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്‌.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി ജലസംഭരണികളില്‍ ഇപ്പോള്‍ അമ്പത്‌ ശതമാനത്തോളം ജലമുണ്ട്‌. 760 മെഗാവാട്ട്‌ ഉൽപാദന ശേഷിയുള്ള ഇടുക്കിയില്‍ ഇപ്പോള്‍ മൂന്നു ജനറേറ്റര്‍ മാത്രമാണു പ്രവര്‍ത്തിക്കുന്നത്‌. ശേഷിക്കുന്ന മൂന്നു ജനറേറ്റര്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ത്തിയിരിക്കുകയാണ്‌. കാലവര്‍ഷത്തിനു മുമ്പുതന്നെ ഇവയുടെ നവീകരണം പൂര്‍ത്തീയാക്കേണ്ടതായിരുന്നെങ്കിലും കൊവിഡ്‌ വ്യാപനത്തെത്തുടര്‍ന്നു പണികള്‍ പാതിവഴി സ്‌തംഭിക്കുകയായിരുന്നു. ഇപ്പോള്‍ പ്രതിദിന ഉൽപാദനം 360 മെഗാവാട്ട്‌ മാത്രം. ഇക്കുറി വേനല്‍ മഴ ശക്തമായാല്‍ ജൂലൈ മാസത്തോടെ ചെറുതോണി അണക്കെട്ട്‌ തുറന്നു വിടാനുള്ള സാധ്യതയിലേക്കാണ്‌ ഇത്‌ വിരല്‍ ചൂണ്ടുന്നത്‌.

ശബരിഗിരി പദ്ധതിയുടെ ഭാഗമായ കക്കി, പമ്പ അണക്കെട്ടുകളില്‍ ഇപ്പോള്‍ 21.54 ശതമാനം മാത്രം വെള്ളമാണുള്ളത്‌. 340 മെഗാവാട്ട്‌ ശേഷിയുള്ള ഇവിടെ ഇപ്പോള്‍ ആറു ജനറേറ്ററുകളും ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്നാല്‍ നേരത്തെ ഇതായിരുന്നില്ല സ്ഥിതി. പീക്ക്‌ പിരീഡായ വൈകിട്ട്‌ ആറു മുതല്‍ രാത്രി 10 വരെയുള്ള സമയത്ത്‌ മാത്രമായിരുന്നു പദ്ധതി പ്രവര്‍ത്തിച്ചിരുന്നത്‌.

Next Story

RELATED STORIES

Share it