Kerala

മിഠായിത്തെരുവിലെ ആര്‍എസ്എസ് അക്രമം; ജില്ലാ പോലിസ് മേധാവിയെ രൂക്ഷമായി വിമര്‍ശിച്ച് പോലിസുകാരന്‍

എണ്ണത്തില്‍ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെലല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്‍ അത്ര ദുര്‍ബലമായിരുന്നു അദ്ദേഹമൊരുക്കിയ ബന്തവസ്സ്.

മിഠായിത്തെരുവിലെ ആര്‍എസ്എസ് അക്രമം; ജില്ലാ പോലിസ് മേധാവിയെ രൂക്ഷമായി വിമര്‍ശിച്ച് പോലിസുകാരന്‍
X

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവില്‍ ആര്‍എസ്എസ് സംഘം നടത്തിയ അക്രമം തടയുന്നതില്‍ ജില്ലാ പോലിസ് മേധാവിയെ രൂക്ഷമായി വിമര്‍ശിച്ച് സിവില്‍ പോലിസ് ഓഫിസറുടെ ഫേസ്ബുക്ക് പോസ്റ്റ്. ഉമേഷ് വള്ളിക്കുന്ന് എന്ന പോലിസുകാരനാണ് പോലിസ് മേധാവിയുടെ വീഴ്ചകള്‍ അക്കമിട്ടു നിരത്തുന്നത്. പാതിരാവിലും കടകള്‍ക്ക് കാവലിരിക്കുന്ന ചിത്രത്തോടൊപ്പമാണ് വിമര്‍ശനങ്ങളിലൂടെ ആഞ്ഞടിച്ചിട്ടുള്ളത്. അക്രമത്തില്‍ പോലിസിനു വീഴ്ച പറ്റിയിട്ടില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ന്യായീകരിക്കുമ്പോഴാണ് ആര്‍എസ്എസിന്റെ കലാപനീക്കം തടയുന്നതില്‍ എന്തുകൊണ്ടോ കോഴിക്കോട്ടെ പോലിസ് മേധാവി പരാജയപ്പെട്ടതിനെതിരേ തുറന്നെഴുതിയിരിക്കുന്നത്.


''എണ്ണത്തില്‍ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെലല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്‍ അത്ര ദുര്‍ബലമായിരുന്നു അദ്ദേഹമൊരുക്കിയ ബന്തവസ്സ്. മിഠായിത്തെരുവിലേക്ക് ധാരാളം വഴികളുള്ളത് കൊണ്ട് അക്രമികളെ നിയന്ത്രിക്കാന്‍ പറ്റിയില്ല എന്നാണദ്ദേഹം പറഞ്ഞത്. ആ വഴികളൊന്നും പുതിയതല്ല. ഊടുവഴികളിലൂടെയല്ല, പ്രധാന റോഡുകളിലൂടയാണ് അക്രമികള്‍ വന്നത്. തുറന്ന കടകളുടെ അടുത്തെത്തുന്നതിനു മുമ്പേ അവരെ തടയാനുള്ള യാതൊരു സംവിധാനവും കണ്ടില്ല. മൂന്നു വഴികളില്‍ അക്രമികളെ തടയാനുള്ള പോലിസിനെ വിന്യസിച്ചാല്‍ തന്നെ വിജയിക്കുമായിരുന്നു. അതുണ്ടായില്ല. അക്രമമുണ്ടായ ശേഷം അറസ്റ്റ് ചെയ്യുന്നതല്ല, അക്രമത്തെ തടയുന്നതാണ് പോലിസിങ് എന്ന് ഒരു ഐപിഎസ് ഉദ്യോഗസ്ഥന് അറിയേണ്ടതല്ലേ? അവിടെ ജോലിക്കു നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് താന്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ബന്തവസിനെക്കുറിച്ചു മനസ്സിലാക്കികൊടുക്കേണ്ടതും മറ്റു യൂനിറ്റുകളില്‍ നിന്നും വന്നു ജോലിചെയ്യുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെങ്കിലും സ്ഥലത്തിന്റെ ലേ ഔട്ടും അക്രമികള്‍ക്ക് വരാനും പോകാനുമുള്ള വഴികളും വരച്ചു കൊടുക്കേണ്ടതല്ലേ?


സര്‍ക്കാരും ഡിജിപിയും നിര്‍ദേശിച്ച പ്രകാരം കടകള്‍ക്കു സുരക്ഷ നല്‍കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും പോലിസിന്റെ വില കളയുന്ന അവസ്ഥയുണ്ടാക്കിയത് അറിവില്ലായ്മ കൊണ്ടോ അതോ മറ്റെന്തെങ്കിലും താല്‍പപര്യങ്ങള്‍ കൊണ്ടോ?. അക്രമികളെ അടിച്ചോടിക്കുമ്പോള്‍ അവര്‍ പോകുന്ന വഴിക്കൊക്കെ അലമ്പുണ്ടാക്കുമെന്നും തച്ചു തകര്‍ക്കുമെന്നും അറിയാത്തതല്ലല്ലോ. 50 പേരെയെങ്കിലും അറസ്റ്റ് ചെയ്തു മാറ്റുവാനുള്ള സംവിധാനം ഇല്ലാതെ പോയതെന്തുകൊണ്ടാണ്?


തലേദിവസം സ്ത്രീകളുള്‍പ്പെടയുള്ളവരെ അക്രമിച്ച അതേ ഗുണ്ടകള്‍ പിറ്റേന്നും അക്രമത്തിനു മുമ്പില്‍ നിന്നത് കണ്ടു. അക്രമം നടത്തി സുഖമായി വീട്ടില്‍ പോയുറങ്ങി പിറ്റേന്ന് വീണ്ടും അക്രമിയായി വരാന്‍ അവര്‍ക്കെങ്ങനെ ധൈര്യം കിട്ടുന്നു?. ഉത്തരേന്ത്യന്‍ കലാപങ്ങളുടെ മാതൃകയില്‍ റോഡുകളിലൂടെ( ആ സമയത്ത് ഒരു പോലിസ് സാന്നിധ്യവുമില്ലാതെ കോഴിക്കോടന്‍ റോഡുകള്‍!! ) സകലതും തകര്‍ത്തെറിഞ്ഞും തീകൊളുത്തിയും നടന്നു നീങ്ങുന്ന കാഴ്ച കോഴിക്കോടന്‍ ജനതയിലുണ്ടാക്കിയ അരക്ഷിതത്വത്തിനു ഉത്തരവാദി ജില്ലാ പോലിസ് മേധാവിയല്ലേ?. ബന്തവസിന്റെ പരാജയത്തിനു ഏറ്റവും വലിയ ഉദാരണമായിരുന്നു വലിയങ്ങാടിയില്‍ കണ്ടത്. കച്ചവടക്കാര്‍ ധീരമായി കടകള്‍ തുറന്ന വലിയങ്ങാടിയില്‍ നിയോഗിച്ചത് രണ്ടേ രണ്ടു പോലിസുകാരെ. ആളെക്കൂട്ടി വരാമെന്നു ഭീഷണിപ്പെടുത്തി പോയ അക്രമികളെ പേടിച്ചിട്ടായിരിക്കില്ല കടകള്‍ പൂട്ടിയത്. ആ രണ്ടു പോലിസുകാരുടെ ജീവന്‍ കൊണ്ട് കളിക്കാന്‍ കമ്മീഷണറെപ്പോലെ കച്ചവടക്കാര്‍ക്ക് മനസ്സു വരാത്തതുകൊണ്ടാവണം. സ്വന്തം സുരക്ഷക്ക് ഒരു വണ്ടി പോലിസുകാരെ വേണ്ടി വരുമ്പോള്‍ ഒരങ്ങാടിയിലെ കലാപമൊഴിവാക്കാന്‍ വിന്യസിച്ചത് വെറും രണ്ടു പേരെ!. ഇത്രയും പറഞ്ഞത്, ഇനിയെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ കൃത്യമായ ബന്തവസ്സ് സ്‌കീമുണ്ടാക്കി സുരക്ഷയൊരുക്കാന്‍ സിറ്റി പോലിസ് മേധാവി തയ്യാറാവണം എന്നപേക്ഷിക്കാനാണ്. ഹര്‍ത്താലിന്റെ സ്ഥിരം ബന്തവസ്സ് സ്‌കീം തിയ്യതി മാറ്റി കോപ്പി പേസ്റ്റ് ചെയ്താല്‍ പോരാ, അതാതു സമയത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അത് പുതുക്കിപ്പണിയണം. കമാന്റിങ് ഓഫിസര്‍മാര്‍ക്കെങ്കിലും അതിന്റെ പകര്‍പ്പ് നല്‍കണം. പോലിസുകാരെ അടിമകളെന്ന മട്ടില്‍ കാണാതെ അവര്‍ക്കു ധൈര്യവും ഊര്‍ജ്ജവും നല്‍കി നയിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ പോലിസ് മേധാവിയാകുന്നത്. അതിനു കീഴുദ്യോഗസ്ഥര്‍ വിഡ്ഢികളാണെന്ന ധാരണ മാറ്റണം. ചുമലിലുള്ള മൂന്നക്ഷരമൊഴിച്ചാല്‍ ഒപ്പം നില്‍ക്കാന്‍ പറ്റുന്ന വിദ്യാഭ്യാസമുള്ളവരാണ് പോലിസുകാരിലേറെയും. ഫീല്‍ഡില്‍ നില്‍ക്കുന്ന, ജനങ്ങളോടിടപഴകുന്ന എസിപി മുതല്‍ സിവില്‍ പോലിസ് ഓഫിസര്‍ വരെയുള്ള പോലിസുകാര്‍ക്ക് അനുഭവജ്ഞാനം കൂടുതലുണ്ടാവും. അവരില്‍ നിന്ന് വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചാല്‍ ഗുണമുണ്ടാവും. ഹൈറാര്‍ക്കിയുടെ ഉയരത്തില്‍ നിന്ന് കല്‍പ്പനകള്‍ മാത്രം പുറപ്പെടുവിക്കുന്ന ഒരാള്‍ക്ക് മേധാവിയാകാനേ പറ്റൂ, നായകനാവാന്‍ പറ്റില്ല...'' . അക്രമികള്‍ എറിഞ്ഞ വാക്കുകളോളം മൂര്‍ച്ച കല്ലുകള്‍ക്കില്ല! ഉള്ളില്‍ കുത്തിനിറച്ച വീര്യം കൂടിയ വിഷം പതഞ്ഞുണ്ടായ വാക്കുകള്‍! പിറ്റേദിവസം മുതല്‍ കച്ചവടക്കാരുടെ കാലുപിടിച്ച് മാപ്പുപറഞ്ഞ് കേസൊഴിവാക്കിക്കിട്ടാന്‍ യാചിക്കുന്നുണ്ട് വില്ലാളി വീരന്മാര്‍ എന്ന വരികളോടെ അവസാനിപ്പിക്കുന്നഫേസ്ബുക്ക് പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇവിടെ വായിക്കാം: https://www.facebook.com/100000150819898/posts/2489062387775431/




Next Story

RELATED STORIES

Share it