Kerala

കൊവിഡ് പ്രതിസന്ധി;കേരളത്തിലെ കലാകാരന്മാര്‍ക്കായി നൂതന പദ്ധതികളുമായി കെസിബിസി മാധ്യമ കമ്മീഷന്‍

'ആള്‍ട്ടര്‍' (ആര്‍ട്ട് ലവേഴ്‌സ് ആന്റ് തീയ്യറ്റര്‍ എന്‍തൂസിയാസ്റ്റ്‌സ് റൂട്ട്) എന്ന പേരില്‍ പാലാരിവട്ടം പി ഒ സിയില്‍ പ്രതിമാസ രംഗകലാവതരണങ്ങള്‍ നടത്തുന്നതാണ് പ്രഥമ പരിപാടി.ആള്‍ട്ടറിന്റെ ഉദ്ഘാടനം ഈ മാസം 24 ന് വൈകുന്നേരം അഞ്ചിന് പാലാരിവട്ടം പി ഒ സിയില്‍ കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിര്‍വ്വഹിക്കും

കൊവിഡ് പ്രതിസന്ധി;കേരളത്തിലെ കലാകാരന്മാര്‍ക്കായി നൂതന പദ്ധതികളുമായി കെസിബിസി മാധ്യമ കമ്മീഷന്‍
X

കൊച്ചി : കൊവിഡ് വ്യാപനത്തോടെ തൊഴില്‍പരമായും സാമ്പത്തികമായും പ്രതിസന്ധിയിലായ കേരളത്തിലെ കലാകാരന്മാര്‍ക്കുവേണ്ടി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മാധ്യമ കമ്മീഷന്‍ തീരുമാനിച്ചു. കേരളത്തെ ദുരന്തത്തിലാഴ്ത്തിയ പ്രളയകാലത്തുപോലും മുടക്കം കൂടാതെ 33 വര്‍ഷമായി മാധ്യമ കമ്മീഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രൊഫഷണല്‍ നാടകമേളയുടെ നടത്തിപ്പിലൂടെ ബോധ്യപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തിലും കൊവിഡ് വ്യാപനത്തോടെ ദാരുണമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന കലാകാരന്മാരുടെ പ്രത്യേകിച്ച് രംഗകലാകലാരന്മാരുടെ അവസ്ഥകളെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലുമാണ് മാധ്യമ കമ്മീഷന്‍ ഏതാനും നവീന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് പി ഒ സി ഡയറക്ടര്‍ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാരിന്റെ കൊവിഡ്കാല നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതു പ്രകാരം 'ആള്‍ട്ടര്‍' (ആര്‍ട്ട് ലവേഴ്‌സ് ആന്റ് തീയ്യറ്റര്‍ എന്‍തൂസിയാസ്റ്റ്‌സ് റൂട്ട്) എന്ന പേരില്‍ പാലാരിവട്ടം പി ഒ സിയില്‍ പ്രതിമാസ രംഗകലാവതരണങ്ങള്‍ നടത്തുന്നതാണ് പ്രഥമ പരിപാടി. ഇതിന്റെ തുടര്‍ച്ചയായി കേരളത്തിലെ പ്രൊഫഷണല്‍ നാടകരചയിതാക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍ എന്നിവര്‍ക്കുവേണ്ടി കേരളത്തിലെ പ്രഗത്ഭ നാടകവിദഗ്ധരും കലാകാരന്മാരുമായ എം തോമസ് മാത്യു, ടി എം എബ്രഹാം, ജോണ്‍ ടി വേക്കന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ക്രിയാത്മക ചര്‍ച്ച, പരിശീലനം, നാടകസംഘങ്ങളുടെ സംഘാടകര്‍ക്കുവേണ്ടിയുള്ള പ്രത്യേക ചര്‍ച്ചായോഗം എന്നിവയും നടത്താന്‍ തീരുമാനിച്ചു.

ആള്‍ട്ടറിന്റെ ഉദ്ഘാടനം ഈ മാസം 24 ന് വൈകുന്നേരം അഞ്ചിന് പാലാരിവട്ടം പി ഒ സിയില്‍ കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിര്‍വ്വഹിക്കും. പി ഒ സിയുടെ ഡയറക്ടര്‍ ഫാ. ജേക്കബ് ജി . പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിക്കും.യോഗത്തില്‍ കേരളത്തിലെ മുതിര്‍ന്ന നാടക അഭിനേത്രി കെ പി എ സി ബിയാട്രീസ് മുഖ്യ അതിഥിയാകും. സമ്മേളനത്തിന് ശേഷം ആറിന് ആള്‍ട്ടറിന്റെ ആദ്യ രംഗാവതരണമായി നിരവധി പുരസ്‌കാരങ്ങള്‍ നേടി ശ്രദ്ധേയമായ കൊച്ചിന്‍ ചന്ദ്രകാന്തയുടെ 'അന്നം' എന്ന നാടകം അരങ്ങേറും. പ്രവേശനം പാസ് മൂലമായിരിക്കും. പാസിനു ബന്ധപ്പെടേണ്ട നമ്പര്‍ 8281054656. തുടര്‍ന്നുള്ള മാസങ്ങളില്‍ രംഗാവതരണങ്ങള്‍ നടത്തുന്നതിന് കലാകാരന്മാരില്‍നിന്നും നാടകസംഘങ്ങളില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നതായും മാധ്യമ കമ്മീഷന്‍ ഭാരവാഹികള്‍ അറിയിച്ചു.രംഗാവതരണത്തിനുവേണ്ടി സെക്രട്ടറി, കെ സി ബി സി മാധ്യമ കമ്മീഷന്‍, പി ഒ സി, പാലാരിവട്ടം, കൊച്ചി - 682 025 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.

Next Story

RELATED STORIES

Share it