Kerala

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്: അന്വേഷണത്തിനിടെ കാസര്‍ഗോഡുനിന്ന് കണ്ടെടുത്തത് വന്‍ ആയുധശേഖരം

കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങിയ ബിലാലില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിയിലെ പൈഗളിഗയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്: അന്വേഷണത്തിനിടെ കാസര്‍ഗോഡുനിന്ന് കണ്ടെടുത്തത് വന്‍ ആയുധശേഖരം
X

കൊച്ചി: പനമ്പിള്ളി നഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായുള്ള തിരച്ചിലില്‍ ക്രൈംബ്രാഞ്ച് കാസര്‍കോടുനിന്ന് വന്‍ ആയുധശേഖരം കണ്ടെടുത്തു. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങിയ ബിലാലില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിയിലെ പൈഗളിഗയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പിസ്റ്റള്‍, വാളുകള്‍, സ്പ്രിങ് കൊണ്ടുള്ള കത്തി, മറ്റ് ആയുധങ്ങള്‍, മൊബൈല്‍ ഫോണുകള്‍, നമ്പര്‍ പ്ലേറ്റുകള്‍ എന്നിവയാണ് കണ്ടെത്തിയത്.

കേസില്‍ ബിലാലിന് വെടിവയ്പ്പിന് ക്വട്ടേഷന്‍ നല്‍കിയ കാസര്‍കോട്ടെ ക്വട്ടേഷന്‍ സംഘത്തലവന്‍ മോനായിയിലേക്കുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കാസര്‍കോട് പരിശോധന നടത്തിയത്. ക്രിമിനല്‍ സംഘങ്ങള്‍ താവളമടിക്കുന്ന സ്ഥലമാണിതെന്ന് പ്രാഥമികപരിശോധനയില്‍ മനസ്സിലായി. ഇവിടെ നിന്ന് കുറേയേറെ വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തുമ്പോള്‍ 17 വയസ്സുകാരനായ ഒരു ആണ്‍കുട്ടി മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. അതേസമയം, ബിലാലിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി. ബ്യൂട്ടിപാര്‍ലറിലേക്ക് വെടിവയ്പ്പ് നടത്തിയ ബിലാലിനെയും വിപിന്‍ വര്‍ഗീസിനെയും കഴിഞ്ഞയാഴ്ചയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവര്‍ക്ക് സഹായം ചെയ്ത അല്‍താഫും പിടിയിലായിരുന്നു.

Next Story

RELATED STORIES

Share it