Kerala

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട ഉപവാസം നടത്തും- കെജിഎംഒഎ

ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ബാധിക്കാത്ത തരത്തിലാണ് ഉപവാസം സംഘടിപ്പിക്കുന്നത്.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട ഉപവാസം നടത്തും- കെജിഎംഒഎ
X

തിരുവനന്തപുരം: ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ, അന്താരാഷ്ട്ര അഹിംസ ദിനമായ ഒക്ടോബര്‍ 2 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റു നടയില്‍ കൂട്ട ഉപവാസം നടത്തും. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ബാധിക്കാത്ത തരത്തിലാണ് ഉപവാസം സംഘടിപ്പിക്കുന്നത്.

ആരോഗ്യസ്ഥാപനങ്ങളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, ആശുപത്രി ആക്രമണം നടത്തുന്നവര്‍ക്കെതിരെ 2012ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കുക, എല്ലാ പ്രധാന ആശുപത്രികളിലും പോലിസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കുക, രോഗികളുടെ എണ്ണമനുസരിച്ച് കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം. പരിമിത സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്ന് കൂടുതല്‍ രോഗികള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനം ലഭ്യമാക്കുന്നതിന് ആശുപത്രികളില്‍ അക്രമരഹിത അന്തരീക്ഷം നിര്‍ബന്ധമാണ്. ഡോക്ടര്‍മാര്‍ക്കും മറ്റു ആശുപത്രി ജീവനക്കാര്‍ക്കും ഭയരഹിതരായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം നിലനിര്‍ത്തേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. ഈ വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഉപവാസം സംഘടിപ്പിച്ചിരിക്കുന്നതെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ചാക്കോ, ജനറല്‍ സെക്രട്ടറി ഡോ.ജി എസ് വിജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it