Kerala

കെവിന്‍ വധക്കേസ്: രണ്ട് സാക്ഷികള്‍കൂടി പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറി

91ാം സാക്ഷി സുനീഷ്, 92ാം സാക്ഷി മുനീര്‍ എന്നിവരാണ് മൊഴി മാറ്റിയത്. രണ്ടാം പ്രതി നിയാസ് മൊബൈല്‍ ഫോണ്‍ പോലിസിന് കൈമാറുന്നത് കണ്ടുവെന്ന് ഇരുവരും നേരത്തെ മൊഴി നല്‍കിയിരുന്നു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിസ്താരത്തിനിടെയാണ് സാക്ഷികള്‍ ഈ മൊഴി മാറ്റിപ്പറഞ്ഞത്. കെവിന്‍ വധക്കേസില്‍ നിയാസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ മൊഴി നല്‍കിയിരുന്നത്.

കെവിന്‍ വധക്കേസ്: രണ്ട് സാക്ഷികള്‍കൂടി പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറി
X

കോട്ടയം: ദുരഭിമാനക്കൊലപാതകത്തിന്റെ പരിധിയില്‍പ്പെടുത്തി വിചാരണ പുരോഗമിക്കുന്ന കെവിന്‍ വധക്കേസിലെ രണ്ട് സാക്ഷികള്‍ പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറി. 91ാം സാക്ഷി സുനീഷ്, 92ാം സാക്ഷി മുനീര്‍ എന്നിവരാണ് മൊഴി മാറ്റിയത്. രണ്ടാം പ്രതി നിയാസ് മൊബൈല്‍ ഫോണ്‍ പോലിസിന് കൈമാറുന്നത് കണ്ടുവെന്ന് ഇരുവരും നേരത്തെ മൊഴി നല്‍കിയിരുന്നു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിസ്താരത്തിനിടെയാണ് സാക്ഷികള്‍ ഈ മൊഴി മാറ്റിപ്പറഞ്ഞത്. കെവിന്‍ വധക്കേസില്‍ നിയാസിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ മൊഴി നല്‍കിയിരുന്നത്.

ആയുധങ്ങള്‍, കൈലി എന്നിവ പ്രതികളുടെ കൈയില്‍ കണ്ടുവെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍, നിയാസിന്റെ മുഖം മറച്ചിരുന്നതിനാല്‍ തങ്ങള്‍ ഒന്നും കണ്ടില്ലെന്നാണ് സാക്ഷികള്‍ ഇപ്പോള്‍ പറയുന്നത്. രണ്ടാം പ്രതി നിയാസിന്റെ സുഹൃത്തും അയല്‍വാസികളുമാണ് ഇരുവരും. നിയാസിനെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സാക്ഷികളായിരുന്നു ഇവര്‍. ഇതോടെ കേസില്‍ മൊഴി മാറ്റിയവരുടെ എണ്ണം മൂന്നായി. കേസിലെ 28ാം സാക്ഷി എബിന്‍ പ്രദീപ് നേരത്തെ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയിരുന്നു. പ്രതികള്‍ ആയുധങ്ങള്‍ ഒളിപ്പിക്കുന്നത് കണ്ടുവെന്ന മൊഴിയാണ് എബിന്‍ പ്രദീപ് പിന്നീട് മാറ്റിപ്പറഞ്ഞത്. കെവിന്റെ മുണ്ട് കണ്ടെത്തിയപ്പോള്‍ സാക്ഷിയായ അലക്‌സ് പി ചാക്കോ, ശാസ്താംകോണം റൂട്ടില്‍ കലുങ്കിനടിയില്‍നിന്നും വാള്‍ കണ്ടെത്തിയ സ്ഥലത്തെ സാക്ഷി ഹരികുമാര്‍ എന്നിവര്‍ തൊണ്ടി മുതല്‍ കോടതിയില്‍ തിരിച്ചറിഞ്ഞു.

അതേസമയം, കെവിന്‍ വധക്കേസില്‍ അന്വേഷണസംഘം ഹാജരാക്കിയ സാങ്കേതിക തെളിവുകള്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിശോധിച്ചു. കോട്ടയത്തും കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കരയിലും പ്രതികളെത്തിയതിന്റെ തെളിവുകളാണ് കോടതി പരിശോധിച്ചത്. വിചാരണ 12 ദിവസം പിന്നിടുമ്പോള്‍ 32 സാക്ഷികളെ വിസ്തരിച്ചു. കോട്ടയത്തും കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കരയിലും പ്രതികളുടെ സാന്നിധ്യം ഉറപ്പിക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചത്. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 2018 മെയ് 27ന് കോട്ടയത്ത് പ്രതികളെത്തിയതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറയിലെ ദൃശ്യങ്ങള്‍ തെളിവായി. കോടിമതയില്‍ സ്ഥാപിച്ച കാമറകളില്‍ അമിതവേഗതയില്‍ പാഞ്ഞ രണ്ട് വാഹനങ്ങളുടെ ചിത്രങ്ങളാണ് പതിഞ്ഞത്.

ഷാനു ചാക്കോയുടെ ഉടമസ്ഥതയിലുള്ള കാറും കെവിനെ തട്ടിക്കൊണ്ടുപോവാന്‍ ഉപയോഗിച്ച കാറുമാണ് ചിത്രങ്ങളില്‍. കെവിനെ തട്ടിക്കൊണ്ടുപോയ കേസിലെ ഒമ്പതാം പ്രതിയുടെ കാര്‍ രണ്ടുതവണയാണ് ട്രാഫിക് നിയമം ലംഘിച്ച് പാഞ്ഞത്. കോട്ടയതെത്തി കൊല്ലത്തേക്ക് മടങ്ങുമ്പോള്‍ കാറിന്റെ നമ്പര്‍ ചെളിതേച്ച് മറച്ചനിലയിലായിരുന്നു. കാക്കനാടുള്ള കണ്‍ട്രോള്‍ റൂമിന്റെ ചുമതലയുള്ള മോട്ടോര്‍ വാഹനവകുപ്പ് ഇന്‍സ്‌പെക്ടര്‍ കെ എം നജീബ് ഈ ചിത്രങ്ങള്‍ തിരിച്ചറിഞ്ഞു. നിയമലംഘനത്തിന് വാഹന ഉടമകള്‍ക്കെതിരേ നോട്ടീസ് അയച്ചിരുന്നതായും നജീബ് കോടതിയെ അറിയിച്ചു. സൈബര്‍ വിദഗ്ധര്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവരെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിസ്തരിക്കും.

Next Story

RELATED STORIES

Share it