Kerala

കേരള സർവകലാശാല അസി.നിയമന തട്ടിപ്പ്: കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി

കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് 40,000 ഓളം പേര്‍ എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ് നശിപ്പിച്ചശേഷം റാങ്ക്പട്ടിക അട്ടിമറിച്ച് രാഷ്ട്രീയക്കാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്‍കിയെന്നാണ് കേസ്.

കേരള സർവകലാശാല അസി.നിയമന തട്ടിപ്പ്: കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി
X

തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമന തട്ടിപ്പു കേസ്‌ ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. സര്‍വകലാശാല മുന്‍ വിസി ഉള്‍പ്പെടെ ഏഴ്പേര്‍ക്കെതിരെ നേരത്തെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച കേസാണിത്. സര്‍വലകാശാല മുന്‍ വിസിക്ക് പുറമെ മുന്‍ പിവിസി, റജിസ്ട്രാര്‍, സിന്‍ഡിക്കറ്റ് അംഗങ്ങളായ സിപിഎം നേതാക്കള്‍ എന്നിവരടക്കം ഏഴ് പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നത്. എന്നാല്‍ പ്രതികള്‍ക്കെതിരെ തെളിവില്ലെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടതി നിര്‍ദ്ദേശിച്ച തുടര്‍ അന്വേഷണത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കേസ് എഴുതിത്തള്ളുന്നത്.

നേരത്തെ അഴിമതി നിരോധനനിയമം അനുസരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയിരുന്നത്. സര്‍വകലാശാല മുന്‍ വിസി ഡോ. എം കെ രാമചന്ദ്രന്‍ നായര്‍, മുന്‍ പിവിസി ഡോ. വി ജയപ്രകാശ്, മുന്‍ സിന്‍ഡിക്കറ്റ് അംഗങ്ങളായ എ എ റഷീദ്, ബി എസ് രാജീവ്, എം പി റസല്‍, കെ എ ആന്‍ഡ്രൂ, മുന്‍ റജിസ്ട്രാര്‍ പ്രഫ. കെ എ ഹാഷിം എന്നിവരാണ് കേസില്‍ ഒന്ന് മുതല്‍ ഏഴ് വരെ പ്രതികള്‍. ഇതില്‍ റഷീദ് നിലവില്‍ സിപിഎം പാളയം ഏരിയാ സെക്രട്ടറിയും രാജീവ് പേരൂര്‍ക്കട ഏരിയാ സെക്രട്ടറിയുമാണ്. നൂറോളം സാക്ഷികളും രേഖകളുമടക്കം അഞ്ഞൂറിലധികം പേജുള്ള കുറ്റപത്രമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയത്. ഗൂഢാലോചന, വിശ്വാസവഞ്ചന, അഴിമതി അടക്കമുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് 40,000 ഓളം പേര്‍ എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ് നശിപ്പിച്ചശേഷം റാങ്ക്പട്ടിക അട്ടിമറിച്ച് രാഷ്ട്രീയക്കാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്‍കിയെന്നാണ് കേസ്. അസിസ്റ്റന്റ് നിയമന പരീക്ഷയുടെ ഉത്തരക്കടലാസ് നശിപ്പിച്ചശേഷം റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 2008 മേയ് 20 നാണു അസിസ്റ്റന്റ് തസ്തികയില്‍ വിവാദ നിയമനങ്ങള്‍ നടത്തിയത്.

ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഒരു കേസാണ് നിലവില്‍ ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയിരിക്കുന്നത്. കേസ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. മോഹന്‍രാജിനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. കേസിലെ ഏഴ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാര്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അനുമതി തേടിയിരുന്നു. ഇപ്പോള്‍ ഇവര്‍ തത്സ്ഥാനത്ത് തുടരുന്നില്ലെന്നതിനാല്‍ ചാന്‍സലറെന്ന നിലയില്‍ തന്റെ അനുമതി ആവശ്യമില്ലെന്നും സര്‍ക്കാറിന് ഉചിതമായ നടപടിയെടുക്കാമെന്നും ഗവര്‍ണര്‍ മറുപടി നല്‍കിയിരുന്നു. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശപ്രകാരമായിയിരുന്നു ഗവര്‍ണറുടെ നടപടി. പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതില്‍ തടസ്സമില്ലെന്ന് നിയമവകുപ്പ് സെക്രട്ടറിയും സര്‍ക്കാറിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തരമന്ത്രി പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ പശ്ചാതലത്തിലാണ് ക്രൈംബ്രാഞ്ചിന് കോടതിയില്‍ കുറ്റപത്രം പോലും സമര്‍പ്പിക്കാനായത്.

സുജിത് എസ് കുറുപ്പാണ് ലോകായുക്തയില്‍ ഹരജി നല്‍കിയത്. കേസ് രണ്ട് തവണ ലോകായുക്തയില്‍ പരിഗണനക്കെത്തി. രണ്ട് പ്രാവശ്യവും നിയമനത്തില്‍ അഴിമതി നടന്നെന്നും നിയമനം കിട്ടിയവരെ പിരിച്ചുവിട്ട് വീണ്ടും പരീക്ഷ നടത്തണമെന്നും ലോകായുക്ത ഉത്തരവിടുകയായിരുന്നു.കാണാതായ ഉത്തരക്കടലാസുകള്‍ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടി കൈക്കൊള്ളണമെന്ന് ലോകായുക്തയും ഹൈക്കോടതി നിയോഗിച്ച സുകുമാരന്‍ കമ്മീഷനും നിര്‍ദേശിച്ചിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനിടയില്‍ നിരവധി തവണ ഉദ്യോഗസ്ഥരെ മാറ്റിയതും ആരോപണങ്ങള്‍ക്കിടയാക്കിയിരുന്നു.

Next Story

RELATED STORIES

Share it