Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളം സുപ്രിംകോടതിയില്‍

പൗരത്വ ഭേദഗതി നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും ഹരജിയില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളം സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സൂട്ട് ഹരജി നല്‍കി. പൗരത്വ ഭേദഗതി നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും ഹരജിയില്‍ പറയുന്നു. പൗരത്വ ഭേദഗതി നിയമം ചോദ്യംചെയ്തുള്ള വിവിധ ഹരജികള്‍ സുപ്രിംകോടതി ജനുവരി 22ന് പരിഗണിക്കാനിരിക്കെയാണ് കേരളവും ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

പൗരത്വ നിയമഭേദഗതിക്കെതിരേ കോടതിയെ സമീപിക്കുന്ന ആദ്യസംസ്ഥാനമാണ് കേരളം. ഭരണഘടനയുടെ 131ാം അനുച്ഛേദപ്രകാരമുള്ള സംസ്ഥാനങ്ങളുടെ അവകാശം വിനിയോഗിച്ചുകൊണ്ടാണ് കേന്ദ്രത്തിനെതിരേ സര്‍ക്കാര്‍ സൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതിനെതിരേ ആദ്യം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഐകണ്‌ഠേന പ്രമേയവും പാസാക്കി. നിയമഭേദഗതിക്കെതിരേ പ്രതിപക്ഷകക്ഷികളും വിവിധ സംസ്ഥാനങ്ങളും ഒന്നിച്ചുനീങ്ങുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കുകയും ചെയ്തിരുന്നു.

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിന്നുകാണണമെന്നാഗ്രഹിക്കുന്നവരെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് യോജിച്ച് പ്രവര്‍ത്തിക്കാനും തയ്യാറാവണമെന്നുമാണ് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗവും ചേര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാനം നിയമനടപടികളിലേക്ക് കടന്നത്.

Next Story

RELATED STORIES

Share it