Kerala

പ്രളയത്തോടൊത്തു പോകുന്ന വികസന ശൈലി രൂപപ്പെടുത്തണം: മുഖ്യമന്ത്രി

പ്രളയജല നിയന്ത്രണത്തിനും ശാസ്ത്രീയ ജല മാനേജ്‌മെന്റിനും വേണ്ട നയം രൂപീകരിക്കുമ്പോൾ നാട്ടിലെ പരമ്പരാഗത അറിവുകളും പ്രാദേശിക സവിശേഷതകളും പരിഗണിച്ചായിരിക്കണം പരിഹാരമാർഗങ്ങൾ നിശ്ചയിക്കേണ്ടത്.

പ്രളയത്തോടൊത്തു പോകുന്ന വികസന ശൈലി രൂപപ്പെടുത്തണം: മുഖ്യമന്ത്രി
X

തിരുവനന്തപുരം: പ്രളയ സാധ്യതാ മേഖലകളിൽ പ്രളയത്തോടൊത്തു പോകുന്ന വികസന ശൈലിയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജപ്പാൻ സ്വീകരിച്ച മാതൃക ഇക്കാര്യത്തിൽ പിന്തുടരാവുന്നതാണ്. താഴ്ന്നതും ഉയർന്നതുമായ പ്രദേശങ്ങളെ ശരിയായ വിധത്തിൽ ക്രമീകരിച്ചാണ് ജപ്പാൻ വെള്ളപ്പൊക്കത്തെ നേരിടുന്നത്. ഉയർന്ന സ്ഥലത്താണ് കൃഷിയുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയ നിവാരണവുമായി ബന്ധപ്പെട്ട് എൻഎച്ച്പിയും ഡ്രിപ്പും സംയുക്തമായി സംഘടിപ്പിച്ച ദേശീയ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രളയജല നിയന്ത്രണത്തിനും ശാസ്ത്രീയ ജല മാനേജ്‌മെന്റിനും വേണ്ട നയം രൂപീകരിക്കുമ്പോൾ നാട്ടിലെ പരമ്പരാഗത അറിവുകളും പ്രാദേശിക സവിശേഷതകളും പരിഗണിച്ചായിരിക്കണം പരിഹാരമാർഗങ്ങൾ നിശ്ചയിക്കേണ്ടത്. സംസ്ഥാനത്തുടനീളം ഒറ്റ പരിഹാരം നിർദ്ദേശിക്കാനാവില്ല. ശാസ്ത്രീയ ജല മാനേജ്‌മെന്റിന്റെ അഭാവമാണ് കേരളത്തിലെ ദുരന്തങ്ങൾക്ക് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പുഴയ്ക്ക് സ്വാഭാവിക ഒഴുക്ക് മടക്കി നൽകുന്ന റൂം ഫോർ റിവർ ആശയത്തിന് നല്ല പരിഗണന നൽകണം.

മൺസൂൺ കാലത്ത് വെള്ളം കയറുന്ന സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിത്താമസിപ്പിക്കണം. അവരുടെ ഭൂമി അവിടെത്തന്നെ നിലനിർത്തുകയും താമസം മറ്റൊരിടത്താക്കുകയുമാണ് വേണ്ടത്. സമുദ്രനിരപ്പിനേക്കാൾ താഴ്ന്ന കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ എല്ലാ മഴക്കാലത്തും ദുരിതത്തിലാവുന്നു. ഇവർക്ക് പ്രത്യേക പരിശീലനം നൽകേണ്ടത് പ്രധാനമാണ്. അവിചാരിതമായി ഉണ്ടാവുന്ന പ്രളയ സമയത്ത് താമസിക്കാൻ ഇവർക്കായി ഷെൽട്ടറുകളും ഒരുക്കണം. ഒപ്പം ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന കാര്യങ്ങളും പരിഗണിക്കണം. നദികളും നീരൊഴുക്കുള്ള ചാലുകൾ കൈയേറിയുള്ള അനധികൃത നിർമാണങ്ങളുടെ കാര്യത്തിൽ ഒരുതരത്തിലുമുള്ള ദാക്ഷണ്യവും ഉണ്ടാവില്ല. ഇവയെല്ലാം നീക്കം ചെയ്യണം. സ്വാഭാവിക തണ്ണീർത്തടങ്ങൾക്ക് പ്രളയജല സംഭരണത്തിൽ പ്രധാന പങ്ക് വഹിക്കാനാവും. ഇവയെ സംരക്ഷിക്കുകയും ജലസംഭരണ ശേഷി ഉയർത്തുകയും വേണം. പുഴകളെയും തണ്ണീർത്തടങ്ങളെയും ബന്ധിപ്പിക്കുന്ന ചാലുകൾ വൃത്തിയായി സൂക്ഷിക്കണം. നദികളുൾപ്പെടെയുള്ള ജലസ്രോതസുകൾ മാലിന്യമുക്തമാക്കണം. ഇതിനായി ഹരിത കേരള മിഷൻ നടപടി സ്വീകരിക്കുന്നുണ്ട്. ഇതിൽ എല്ലാ ജനങ്ങളും പങ്കാളികളാവണം. മഴക്കാലത്ത് വെള്ളം ശരിയായി ഒഴുകുന്ന അവസ്ഥ സൃഷ്ടിക്കണം. സ്വാഭാവിക തീരം അടയാളപ്പെടുത്തി സംരക്ഷിക്കുന്ന നിലയുണ്ടാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it