Kerala

ഉരുള്‍പൊട്ടലില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട് പൂതാനി അബ്ദുല്‍ കരീം; ഭാര്യയടക്കം രണ്ട് പേരെ കാണാതായി

വീടിന്റെ പുറകിലൂടെ വന്‍ശബ്ദത്തോടെ മല അടര്‍ന്നുവരുന്നത് കണ്ട് ഓടിരക്ഷപ്പെടാന്‍ തുടങ്ങുംമുമ്പ് മൂവരും മണ്ണിനടിയില്‍ പുതഞ്ഞ് കഴിഞ്ഞിരുന്നു. മീറ്ററുകളോളം തെറിച്ചുപോയ കരീം ശക്തമായ ജലപ്രവാഹത്തിനിടെ മുകളിലേക്ക് ഉയര്‍ന്നു.ഇതിനിടെ വീണ്കിടക്കുന്ന കമുകില്‍ പിടികിട്ടിയത് കൊണ്ട് ജീവന്‍ ബാക്കിയായി.

ഉരുള്‍പൊട്ടലില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട് പൂതാനി അബ്ദുല്‍ കരീം;  ഭാര്യയടക്കം രണ്ട് പേരെ കാണാതായി
X

മലപ്പുറം: പോത്തുകല്ല് കവളപ്പാറ ഭൂദാനത്ത് ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പൂതാനി അബ്ദുല്‍ കരീം (54). ദുരന്തത്തില്‍ അദ്ദേഹത്തിന്റെ കൂടെ വീട്ടിലുണ്ടായിരുന്ന ഭാര്യ വാല്‍തൊടിക സക്കീന(48) നെ കാണാതായി. വീട്ടില്‍ ജോലി ചെയ്തിരുന്ന ആദിവാസി ഗേത്രവഗക്കാരനായ ഗോപി(47)യും മണ്ണിനടിയില്‍ പെട്ടതായി സംശയിക്കുന്നു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് ഒരു ഗ്രാമത്തെ ഉല്ലാതാക്കിയ ദുരന്തമുണ്ടായത്. പ്രസവിച്ച് കിടക്കുകയായിരുന്ന മകള്‍ സറഫുന്നീസയെ അയല്‍ വീട്ടിലാക്കിയ ശേഷം തൊഴുത്തില്‍ കെട്ടിയിട്ട കാലികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായി വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു ഇരുവരും. തൊട്ടടുത്ത തോട്ടിലെ ജലനിരപ്പ് ഉയരുകയാണെങ്കില്‍ തൊട്ടടുത്ത് ഉയരത്തിലുള്ള വീട്ടിലേക്ക് മാറാനായി വസ്ത്രങ്ങളും വീട്ടുപകരണങ്ങളും കെട്ടിവയ്ക്കാനായാണ് സക്കീന വീട്ടില്‍ തങ്ങിയത്. ഇതിനിടെയാണ് പുറകിലെ മുത്തപ്പകുന്നില്‍ ഉരുള്‍ പൊട്ടി ചളിയും വന്‍മരങ്ങളും താഴേക്ക് കുതിച്ചെത്തിയത്.

വീടിന്റെ പുറകിലൂടെ വന്‍ശബ്ദത്തോടെ മല അടര്‍ന്നുവരുന്നത് കണ്ട് ഓടിരക്ഷപ്പെടാന്‍ തുടങ്ങുംമുമ്പ് മൂവരും മണ്ണിനടിയില്‍ പുതഞ്ഞ് കഴിഞ്ഞിരുന്നു. മീറ്ററുകളോളം തെറിച്ചുപോയ കരീം ശക്തമായ ജലപ്രവാഹത്തിനിടെ മുകളിലേക്ക് ഉയര്‍ന്നു.ഇതിനിടെ വീണ്കിടക്കുന്ന കമുകില്‍ പിടികിട്ടിയത് കൊണ്ട് ജീവന്‍ ബാക്കിയായി. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന കാലുകള്‍ വലിച്ചെടുത്തപ്പോള്‍ വലത്തേക്കാല്‍ ഒടിഞ്ഞ് തൂങ്ങിയിരുന്നു. നിലവിളികേട്ട് മുകളിലേ വീട്ടിലുള്ളവര്‍ എത്തിയാണ് കരീമിനെ എടുത്തു കൊണ്ടുപോയത്. മണിക്കൂറുകള്‍ക്ക് ശേഷം എടക്കരയില്‍ നിന്ന് ബന്ധുക്കളെത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. എടക്കരയില്‍ സര്‍ജറി നടത്താന്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ മഞ്ചേരിയിലേക്ക് കൊണ്ട് വരികയായിരുന്നു. പലയിടത്തും വെള്ളം മൂടിയതിനാല്‍ ബോട്ടിലും ജീപ്പിലുമെല്ലാം മാറിമാറി സഞ്ചരിച്ചാണ് മഞ്ചേരിയില്‍ എത്തിച്ചത്.

നജ്മുന്നീസ,സൈഫുന്നീസ,സറഫുന്നീസ,സമീമ എന്നിവരാണ് കാണാതായ സക്കീനയുടെ മക്കള്‍. എന്‍ഡിആര്‍എഫ്, പോപുലര്‍ ഫ്രണ്ട്,എസ്ഡിപിഐ ആര്‍ജി ടീം, നാട്ടുകാര്‍, പോലിസ്,അഗ്‌നിശമന സേന എന്നിവര്‍ സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it