Kerala

മഴക്കുറവ്; വറ്റിവരണ്ട് കേരളത്തിലെ ഡാമുകള്‍

സംസ്ഥാനത്തെ സംഭരണികളില്‍ സംഭരണ ശേഷിയുടെ 11 ശതമാനം ജലമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. പ്രധാന വൈദ്യുതോൽപാദന കേന്ദ്രങ്ങളായ ഇടുക്കിയുടെ സംഭരണിയില്‍ 13 ശതമാനം ജലവും ശബരിഗിരി പദ്ധതിയുടെ പമ്പാ ഡാമില്‍ 7 ശതമാനം ജലവുമാണ് ഉള്ളത്.

മഴക്കുറവ്; വറ്റിവരണ്ട് കേരളത്തിലെ ഡാമുകള്‍
X

തിരുവനന്തപുരം: കാലവര്‍ഷം വൈകുന്നതിനെ തുടര്‍ന്ന് നീരൊഴുക്ക് നിലച്ചതോടെ സംസ്ഥാനത്തെ ജലസംഭരണികളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. ഇതോടെ സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുതോൽപാദനം പ്രതിസന്ധിയില്‍. സംസ്ഥാനത്തെ രണ്ടാമത്തെ വൈദ്യുതോൽപാദന കേന്ദ്രമായ ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണികളായ കക്കിയില്‍ നീരൊഴുക്ക് നിലച്ചു. മറ്റൊരു സംഭരണിയായ ആനത്തോട് ഡാമും ശബരിഗിരിയുടെ അനുബന്ധ പദ്ധതിയായ കക്കാടിന്റെ മൂഴിയാര്‍ ഡാമും വറ്റിവരണ്ടു. ചെങ്കുളം, മൂഴിയാര്‍, ആനയിറങ്കല്‍ സംഭരണികളും വറ്റി.

സംസ്ഥാനത്തെ സംഭരണികളില്‍ സംഭരണ ശേഷിയുടെ 11 ശതമാനം ജലമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. പ്രധാന വൈദ്യുതോൽപാദന കേന്ദ്രങ്ങളായ ഇടുക്കിയുടെ സംഭരണിയില്‍ 13 ശതമാനം ജലവും ശബരിഗിരി പദ്ധതിയുടെ പമ്പാ ഡാമില്‍ 7 ശതമാനം ജലവുമാണ് ഉള്ളത്. സംസ്ഥാനത്തെ പ്രധാന വൈദ്യുതോൽപാദന കേന്ദ്രങ്ങളായ ഇടുക്കിയും ശബരിഗിരിയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നിലെ ഡാമുകളില്‍ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 11 ശതമാനം ജലം മാത്രമാണ്. ഷോളയാറില്‍ ഒമ്പത് ശതമാനവും ഇടമലയാറില്‍ എട്ട് ശതമാനവും കുണ്ടലയില്‍ 13 ശതമാനവും മാട്ടുപ്പെട്ടിയില്‍ 6 ശതമാനവും ജലം അവശേഷിക്കുന്നുണ്ട്. ഗ്രൂപ്പ് രണ്ടില്‍ പെടുന്ന ഡാമുകളായ കുറ്റ്യാടിയില്‍ 18 ശതമാനവും തരിയോട് 8 ശതമാനവും പൊന്‍മുടിയില്‍ 7 ശതമാനവും സംഭരണ ശേഷി കുറഞ്ഞ ഗ്രൂപ്പ് മൂന്നില്‍ പെടുന്ന ഡാമുകളായ നേര്യമംഗലത്ത് 49 ശതമാനവും പൊരിങ്ങല്‍ 29 ശതമാനവും ലോവര്‍ പെരിയാറില്‍ 50 ശതമാനവും വെള്ളം കരുതലുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1,509 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ ജലമാണ് കുറവുള്ളത്. സംസ്ഥാനത്തെ ജൂണ്‍ മാസത്തെ ശരാശരി വൈദ്യുതോപഭോഗം 72.55 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ്. ഇതില്‍ ശരാശരി 13.71 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഉൽപാദിപ്പിക്കുകയും ശരാശരി 58.84 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തിന് പുറത്ത് നിന്ന് വാങ്ങുകയുമാണ് ചെയ്തത്.

ജൂണ്‍ മാസത്തില്‍ ഗ്രൂപ്പ് ഒന്നില്‍പ്പെടുന്ന വൈദ്യുതി നിലയങ്ങളില്‍ നിന്ന് ശരാശരി 10.03 ദശലക്ഷം യൂനിറ്റും ഗ്രൂപ്പ് രണ്ടില്‍ നിന്ന് ശരാശരി 0.6672 ദശലക്ഷം യൂനിറ്റും ഗ്രൂപ്പ് മൂന്നില്‍പ്പെടുന്ന അണക്കെട്ടുകളിലെ ജലം ഉപയോഗിച്ച് ശരാശരി 1.8877 ദശലക്ഷം യൂനിറ്റ് വൈദ്യുതിയും സംസ്ഥാനത്ത് ഉൽപാദിപ്പിച്ചു. 4,140.25 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ ജലം സംഭരിക്കുന്നതിനാണ് സംസ്ഥാനത്തെ അണക്കെട്ടുകള്‍ക്ക് കഴിയുക.

ജൂണ്‍ ആദ്യമാണ് മണ്‍സൂണ്‍ കാറ്റിന്റെ ഫലമായി ഇടവപ്പാതി കേരളത്തിന്റെ തീരം തൊടുന്നത്. എന്നാല്‍, പ്രതീക്ഷിച്ച മഴ ഇനിയും ലഭിച്ചില്ലെന്നുള്ളതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം. ഇതിനോടൊപ്പം മഹാപ്രളയത്തെ തുടര്‍ന്ന് ഈ വര്‍ഷം നടത്തിയ മുന്നൊരുക്കവും പ്രതീക്ഷിച്ച വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴയില്‍ കുറവ് വന്നതും സംഭരണികളിലെ ജലനിരപ്പ് കുത്തനെ താഴുന്നതിന് കാരണമായിട്ടുണ്ട്.

Next Story

RELATED STORIES

Share it