Kerala

സമവായ ശ്രമങ്ങൾ പാളുന്നു; കേരള കോണ്‍ഗ്രസ്(എം) പിളര്‍പ്പിലേക്ക്

പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് ആരാണെന്ന് അറിയിക്കാന്‍ സ്പീക്കര്‍ നല്‍കിയ സമയപരിധി നാളെ അവസാനിക്കും. തര്‍ക്കം തുടരുന്നതിനാല്‍ ഇക്കാര്യത്തിലും തീരുമാനം ഉടനുണ്ടാകാനിടയില്ല. അങ്ങനെയാണെങ്കില്‍ കക്ഷിനേതാവായി പി ജെ ജോസഫ് തല്‍ക്കാലം തുടര്‍ന്നേക്കും

സമവായ ശ്രമങ്ങൾ പാളുന്നു; കേരള കോണ്‍ഗ്രസ്(എം) പിളര്‍പ്പിലേക്ക്
X

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേയ്‌ക്കെന്ന് സൂചന. സമവായത്തിന് തയ്യാറാവാതെ കടുത്ത നിലപാടുമായി ജോസഫ് വിഭാഗവും മാണി വിഭാഗവും മുന്നോട്ട് പോവുകയാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സമവായ ആഹ്വാനവും ഇരുകൂട്ടരും തള്ളിയതോടെയാണ് പിളര്‍പ്പ് സാധ്യത വര്‍ധിച്ചത്.

പി ജെ ജോസഫും ജോസ് കെ മാണിയും രൂക്ഷമായ ഭാഷയിലാണ് ഇന്നലെ ഏറ്റുമുട്ടിയത്. സംസ്ഥാന കമ്മിറ്റി വിളിക്കാനാവശ്യപ്പെട്ട് മാണി വിഭാഗത്തിലെ രണ്ട് എംപിമാരും രണ്ട് എംഎല്‍എമാരും ഒപ്പിട്ട കത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. സംസ്ഥാന കമ്മിറ്റി യോഗത്തിനായി മാണി വിഭാഗവും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനായി ജോസഫും കരുനീക്കം നടത്തുന്നുണ്ട്.

സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന് പി ജെ ജോസഫും ചെയര്‍മാനെ തിരഞ്ഞെടുക്കാതെ വിളിക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയതോടെ പിളര്‍പ്പിന്റെ സാധ്യത കൂടി. കേരള കോണ്‍ഗ്രസ് എം ഒന്നിച്ചുപോകണമെന്നും അതിന് ഇടപെടുമെന്നും മുല്ലപ്പള്ളി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പാലായില്‍ യോഗം ചേര്‍ന്ന മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാര്‍ ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നല്‍കി.

സമവായമില്ലാതെ കമ്മിറ്റി വിളിക്കില്ലെന്നും ജോസ് കെ മാണി പിളര്‍പ്പിന്റെ വക്താവാണെന്നും ജോസഫ് പ്രതികരിച്ചു. ചെയര്‍മാന്‍ മരിച്ചാല്‍ മകനല്ല ചെയര്‍മാനാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്താണ് ചെയര്‍മാനെ തീരുമാനിക്കേണ്ടതെന്നും അത് ചെയ്യാതെ സ്വയം ചെയര്‍മാനായി പ്രഖ്യാപിക്കുന്നത് സമവായത്തിന്റെ രീതിയല്ലെന്നും ജോസ് കെ മാണി തിരിച്ചടിച്ചു. പത്ത് ജില്ലാ പ്രസിഡന്റുമാരും പാര്‍ട്ടി ശക്തികേന്ദ്രങ്ങളും ജോസ് കെ മാണിക്ക് ഒപ്പമാണ്. സംസ്ഥാന കമ്മിറ്റി വിളിച്ചാല്‍ ജോസ് കെ മാണി ചെയര്‍മാനാകും. അതാണ് സമവായശേഷം മാത്രമേ സംസ്ഥാന കമ്മിറ്റി വിളിക്കൂവെന്ന് ജോസഫ് ആവര്‍ത്തിക്കുന്നത്. എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടന്‍, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ ഒപ്പിട്ടവര്‍.

അതേസമയം, കേരള കോണ്‍ഗ്രസ് പിളരുന്നത് കോട്ടയത്ത് ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കണക്കുകൂട്ടുന്നത്. അതിനാല്‍ ഉമ്മന്‍ചാണ്ടിയടക്കം ഇടപെടാനും തയ്യാറാകുന്നില്ല. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് ആരാണെന്ന് അറിയിക്കാന്‍ സ്പീക്കര്‍ നല്‍കിയ സമയപരിധി നാളെ അവസാനിക്കും. തര്‍ക്കം തുടരുന്നതിനാല്‍ ഇക്കാര്യത്തിലും തീരുമാനം ഉടനുണ്ടാകാനിടയില്ല. അങ്ങനെയാണെങ്കില്‍ കക്ഷിനേതാവായി പി ജെ ജോസഫ് തല്‍ക്കാലം തുടര്‍ന്നേക്കും.

Next Story

RELATED STORIES

Share it