Kerala

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ തര്‍ക്കം; പുതിയ ഫോര്‍മുലയുമായി ജോസ് കെ മാണി വിഭാഗം

നിലവില്‍ വൈസ് ചെയര്‍മാനായ ജോസ് കെ മാണിയെ ചെയര്‍മാനാക്കിയാല്‍ പകരം നിയമസഭാ കക്ഷി നേതൃസ്ഥാനം കൈമാറാമെന്നാണ് പി ജെ ജോസഫിന് മുന്നില്‍വയ്ക്കുന്ന വാഗ്ദാനം. ചെയര്‍മാന്‍ പദവി ഗ്രൂപ്പിന്റെ മാത്രമല്ല, മാണി കുടുംബത്തിന്റെ കുത്തകയാണെന്ന നിലപാടിലാണ് ജോസ് കെ മാണി പക്ഷം.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ തര്‍ക്കം; പുതിയ ഫോര്‍മുലയുമായി ജോസ് കെ മാണി വിഭാഗം
X

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ പദവി സംബന്ധിച്ച തര്‍ക്കപരിഹാരത്തിന് പുതിയ ഫോര്‍മുലയുമായി ജോസ് കെ മാണി വിഭാഗം രംഗത്ത്. നിലവില്‍ വൈസ് ചെയര്‍മാനായ ജോസ് കെ മാണിയെ ചെയര്‍മാനാക്കിയാല്‍ പകരം നിയമസഭാ കക്ഷി നേതൃസ്ഥാനം കൈമാറാമെന്നാണ് പി ജെ ജോസഫിന് മുന്നില്‍വയ്ക്കുന്ന വാഗ്ദാനം. ചെയര്‍മാന്‍ പദവി ഗ്രൂപ്പിന്റെ മാത്രമല്ല, മാണി കുടുംബത്തിന്റെ കുത്തകയാണെന്ന നിലപാടിലാണ് ജോസ് കെ മാണി പക്ഷം. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കുമ്പോള്‍ ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്ന ആവശ്യം ഭൂരിപക്ഷം അംഗങ്ങളും ഉന്നയിക്കും. നിയമസഭാ കക്ഷി നേതൃപദവി ലഭിക്കുകയാണെങ്കില്‍ നിലവിലെ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം ത്യജിച്ചാലും കുഴപ്പമില്ലെന്നാണ് ജോസഫ് വിഭാഗത്തിലെ ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം.

കെ എം മാണി കൈവശംവച്ചിരുന്ന പാര്‍ട്ടി ചെയര്‍മാന്‍, നിയമസഭാകക്ഷി നേതാവ് സ്ഥാനങ്ങള്‍ വിട്ടുകൊടുക്കേണ്ടതില്ലെന്നായിരുന്നു ജോസ് കെ മാണി വിഭാഗത്തിന്റെ തുടക്കത്തിലെ നിലപാട്. എന്നാല്‍, ചെയര്‍മാന്‍ പദവിയുടെ കാര്യത്തില്‍ ജോസഫ് വിഭാഗം യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്ന് വ്യക്തമായതോടെയാണ് പുതിയ ഫോര്‍മുലയുമായി ജോസ് കെ മാണി രംഗത്തുവന്നത്. സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായി പി ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ ജോസ് കെ മാണി നേരിട്ട് കൂടിക്കാഴ്ച നടത്തും. വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സി എഫ് തോമസിനെയാണ് പരിഗണിക്കപ്പെടുന്നത്. ജോസ് കെ മാണി ചെയര്‍മാനായാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തണം.

ജോയ് എബ്രഹാമിന്റെ പേരിനാണ് ഈ സ്ഥാനത്തേക്ക് മുന്‍തൂക്കം. ചെയര്‍മാന്‍, വര്‍ക്കിങ് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, ട്രഷറര്‍ എന്നീ പ്രധാനപ്പെട്ട പദവികളില്‍ ഒന്നിച്ചുള്ള മാറ്റമാണ് മാണി വിഭാഗത്തിന്റെ ലക്ഷ്യം. അംഗബലമനുസരിച്ച് പാര്‍ട്ടി പദവികളിലും പൂര്‍ണമായും മുന്‍തൂക്കം വേണമെന്നാണ് മാണി വിഭാഗത്തിന്റെ ആഗ്രഹം. നിലവില്‍ വര്‍ക്കിങ് ചെയര്‍മാനായ ജോസഫിനു ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നല്‍കുന്നതു സ്വാഭാവിക നടപടിക്രമം മാത്രമാണെന്നു പാര്‍ട്ടി ഭാരവാഹികള്‍ക്കുള്ള സര്‍ക്കുലറില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം വിശദീകരിച്ചത്. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതുവരെയാണു നിയോഗം. ചെയര്‍മാന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യരീതിയില്‍ തന്നെയായിരിക്കും ചെയര്‍മാനെ തിരഞ്ഞെടുക്കുക.

പി ജെ ജോസഫിന് താല്‍ക്കാലിക ചുമതല നല്‍കിയത് പാര്‍ട്ടി ആലോചിച്ചിട്ടാണോ എന്ന ചോദ്യത്തിനും എല്ലാം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ചെയര്‍മാന്‍, നിയമസഭാ കക്ഷി നേതാവ് എന്നിവയില്‍ ഏതെങ്കിലും ജോസഫ് വിഭാഗത്തിന് കിട്ടിയില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് വീണ്ടുമൊരു പിളര്‍പ്പിലേക്ക് നീങ്ങും. അതുകൊണ്ടുതന്നെ സംസ്ഥാന കമ്മിറ്റിയില്‍ സമവായത്തിലൂടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ശ്രമം. അതിനിടെ, പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിനെതിരേ ഒരുവിഭാഗം കോടതിയെ സമീപിച്ചത് പാര്‍ട്ടിയില്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

അന്തരിച്ച മുന്‍ ചെയര്‍മാന്‍ കെ എം മാണിയുടെ അനുസ്മരണത്തിന്റെ മറവില്‍ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ടായിരുന്നു കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് കോടതിയെ സമീപിച്ചത്. ഹരജിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ മാണി അനുസ്മരണത്തിനിടെ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. കോടതിയെ സമീപിച്ച മനോജിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കോടതിയെ സമീപിച്ച നടപടി ദുരൂഹമെന്നായിരുന്നു പി ജെ ജോസഫിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it