Kerala

മോദിയുടെ ആഹ്വാനം; ക്ലിഫ്ഹൗസിലെ വൈദ്യുതി വിളക്കുകൾ അണച്ചത് ചർച്ചയാവുന്നു

കൊറോണ പ്രതിരോധത്തിനിടെ മോദിയുടെ ഐക്യദീപ ആഹ്വാനത്തെ സിപിഎം അണികളും നേതാക്കളും പരിഹാസത്തോടെയാണ് സ്വീകരിച്ചത്.

മോദിയുടെ ആഹ്വാനം; ക്ലിഫ്ഹൗസിലെ വൈദ്യുതി വിളക്കുകൾ അണച്ചത് ചർച്ചയാവുന്നു
X

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഐക്യദീപ ആഹ്വാനത്തെ പിന്തുണച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വൈദ്യുതി അണച്ച് ടോർച്ച് കത്തിച്ചത് സിപിഎമ്മിന് അകത്തും പുറത്തും ചർച്ചയാവുന്നു. നരേന്ദ്രമോദിയുടെ നയങ്ങളോട് പിണറായി വിജയന് മൃദുസമീപനമാണെന്ന് പറയുന്ന പ്രതിപക്ഷവും ഈ വിവാദം വരും ദിവസങ്ങളിൽ ആയുധമാക്കുമെന്നതിൽ സംശയമില്ല. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ കൻേറാൺമെൻ്റ് ഹൗസിൽ വൈദ്യുതി അണയ്ക്കാതിരുന്ന സാഹചര്യത്തിൽ.

കൊറോണ പ്രതിരോധത്തിനിടെ മോദിയുടെ ഐക്യദീപ ആഹ്വാനത്തെ സിപിഎം അണികളും നേതാക്കളും പരിഹാസത്തോടെയാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് മോദിയെ പിന്തുണച്ച് മുഖ്യമന്ത്രിയുടെ ഐക്യദാർഡ്യം. ക്ലിഫ് ഹൗസിൽ ജീവനക്കാർ ലൈറ്റണച്ച് ടോർച്ചടിച്ചാണ് ഐക്യദാർഡ്യം പ്രകടിപ്പിച്ചത്. തോമസ് ഐസക്ക്, ജി സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ മന്ത്രിമാരും ലൈറ്റണച്ച് പങ്കാളികളായതായത് വിമർശനത്തിന് കാരണമായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഐക്യദീപാഹ്വാനം വന്നതുമുതൽ ഏറ്റവും കൂടുതൽ പരിഹാസമുന്നയിച്ചത് ഇടതു നേതാക്കളാണ്. സൈബർ ലോകത്തും ട്രോളുമായി ഇടത് അനുകൂലികളും സജീവമായിരുന്നു. എന്നാൽ, ഐക്യദീപത്തിൻ്റെ സമയമടുത്തതോടെ ഇന്നലെ രാത്രി 8.57 ആയപ്പോൾ ക്ലിഫ് ഹൗസിലെ ബൾബുകൾ അണഞ്ഞു. ഈ സമയം മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ് ഹൗസിനുള്ളിൽ തന്നെയായിരുന്നു. ഇരുട്ടായതോടെ ഇവരാരും പുറത്തേക്കിറങ്ങിയില്ല. ഇതിനിടെ ജീവനക്കാർ ടോർച്ചോ, മൊബൈലൊ പ്രകാശിപ്പിച്ച് ഐക്യദീപ ആഹ്വാനത്തിൽ പങ്കാളികളാവുകയും ചെയ്തു. ഇതിനെതിരെ സോഷ്യൽ മീഡിയകളിലും വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.

അതിനിടെ, ഈ വിഷയത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ്റെ പ്രതികരണവും ശ്രദ്ധേയമായി. തന്റെ വീട്ടിലെ ബൾബുകൾ ഓഫ് ചെയ്യില്ലെന്നും രാജ്യം ദിവസങ്ങളോളം ഇരുട്ടിലായേക്കുമെന്നുള്ള ആശങ്കയുള്ളതിനാൽ അത് കൂടുതൽ പ്രകാശിക്കുമെന്നുമാണ് ജയരാജൻ പ്രതികരിച്ചത്.

പ്രധാമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സമ്പൂർണ്ണമായി രാജ്യമാകെ വൈദ്യത വിളക്കുകൾ ഓഫാക്കിയാൽ അത് പവർ ഗ്രിഡിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് വൈദ്യുതി രംഗത്തെ പ്രഗത്ഭർ അഭിപ്രായപ്പെട്ടു കഴിഞ്ഞു. പവർ ഗ്രിഡ് തകരാതിരിക്കാൻ ഞായറാഴ്ച രാത്രി 9 മുതൽ 10 നിമിഷം വൈദ്യുതി ഉപയോഗം പരമാവധി വർധിപ്പിക്കുകയാണ് ചെയ്യേണ്ടത്.

ഗ്രിഡിൽനിന്നുള്ള ഊർജത്തിന്റെ 15 മുതൽ 20 ശതമാനം വരെ എടുക്കുന്ന വീടുകളിലെ ലൈറ്റുകൾ ഒരേസമയം കൂട്ടത്തോടെ അണച്ചാൽ എന്താണ്‌ സംഭവിക്കുക? ഗ്രി‌ഡ്‌ സ്ഥിരത നഷ്ടപ്പെട്ട്‌‌ തകർച്ചയിലെത്തും. 2012 ജൂലൈയിൽ സംഭവിച്ചപോലെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലാകും."2012 india blackout" എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ അന്നുണ്ടായ പ്രശ്നങ്ങൾ മനസിലാക്കാവുന്നതാണ്.

ഗ്രിഡിന്റെ പ്രവർത്തനം സാധാരണനിലയിൽ എത്തിക്കാൻ രണ്ടുമൂന്ന്‌ ദിവസം വേണ്ടിവരും. കോവിഡിനെതിരായ നിർണായകയുദ്ധം നടക്കുന്ന ഈ ഘട്ടത്തിൽ ഈ സ്ഥിതി രാജ്യത്തെ ഡോക്ടർമാർക്കും ഇതര ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ ചിന്തിക്കേണ്ടതാണ്‌. എല്ലാവരും വീടുകളിൽ അടച്ചിരിക്കെ ഇത്തരമൊരു സാഹചര്യത്തിന്റെ ആഘാതം എന്തായിരിക്കുമെന്നും ജയരാജൻ ചോദിക്കുന്നു.

Next Story

RELATED STORIES

Share it