Top

കൊച്ചിക്ക് പ്രതീക്ഷയേകി സംസ്ഥാന ബജറ്റ്

ജില്ലയുടെയും സംസ്ഥാനത്തിന്റെയും പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വന്‍കിട പദ്ധതികളാണ് ഇവയില്‍ ഏറെ ശ്രദ്ധേയം.തേവരയില്‍ എലവേറ്റഡ് സമാന്തരപാതയടക്കം കൊച്ചിയിലെ പ്രധാന റോഡ് ശൃംഖല പദ്ധതിയും ബജറ്റില്‍ ഇടംപിടിച്ചു.2021-22 കാലയളവില്‍ തന്നെ 1957 കോടിരൂപ ചെലവില്‍ കലൂര്‍ - കാക്കനാട് 11 കിലോമീറ്റര്‍ മെട്രോ റെയില്‍ നിര്‍മ്മാണവും ബജറ്റില്‍ പ്രഖ്യാപിച്ചു

കൊച്ചിക്ക് പ്രതീക്ഷയേകി സംസ്ഥാന ബജറ്റ്
X

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ എറണാകുളം ജില്ലയ്ക്ക് പ്രതീക്ഷ നല്‍കുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടായി. ജില്ലയുടെയും സംസ്ഥാനത്തിന്റെയും പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വന്‍കിട പദ്ധതികളാണ് ഇവയില്‍ ഏറെ ശ്രദ്ധേയം. കൊച്ചി മെട്രോയുടെ പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള രണ്ട് കിലോമീറ്റര്‍ എക്‌സ്റ്റെന്‍ഷന്‍ 2021-22 ല്‍ പൂര്‍ത്തിയാക്കുമെന്നും ഇതിനുള്ള വിഭവസമാഹരണം ഉറപ്പാക്കിയതായും ധനമന്ത്രി ടി.എം തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

തേവരയില്‍ എലവേറ്റഡ് സമാന്തരപാതയടക്കം കൊച്ചിയിലെ പ്രധാന റോഡ് ശൃംഖല പദ്ധതിയും ബജറ്റില്‍ ഇടംപിടിച്ചു.2021-22 കാലയളവില്‍ തന്നെ 1957 കോടിരൂപ ചെലവില്‍ കലൂര്‍ - കാക്കനാട് 11 കിലോമീറ്റര്‍ മെട്രോ റെയില്‍ നിര്‍മ്മാണവും ബജറ്റില്‍ പ്രഖ്യാപിച്ചു. വന്‍കിട പദ്ധതികളില്‍ കൊച്ചി പാലക്കാട് ഹൈടെക് ഇന്‍ഡസ്ട്രിയല്‍ കോറിഡോറിനായി 2321 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. 10000 കോടിരൂപയുടെ നിക്ഷേപവും 22000 പേര്‍ക്ക് നേരിട്ട് തൊഴിലവസരവും ഒരുക്കുന്ന ബൃഹത് പദ്ധതിയാണിത്. അയ്യമ്പുഴയിലെ നിര്‍ദ്ദിഷ്ട ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി 20 കോടിരൂപ ബജറ്റില്‍ വകയിരുത്തി.

കൊച്ചി മംഗലാപുരം വ്യാവസായിക ഇടനാഴിയ്ക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകുന്നു. മൂന്ന് വ്യാവസായിക ഇടനാഴികളുടെയും നിര്‍മ്മാണം 2021-22 ല്‍ ആരംഭിക്കും.സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കായി കേരള ബാങ്ക്, കെഎസ്‌ഐഡിസി, കെഎഫ്‌സി, കെഎസ്എഫ്.ഇ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന് രൂപം നല്‍കുമെന്നും ഇതിനായി 50 കോടി ബജറ്റില്‍ വകയിരുത്തിയതും സ്റ്റാര്‍ട്ട്പ്പ് മേഖലയ്ക്ക് വലിയ ഉണര്‍വേകും. സ്റ്റാര്‍ട്ടപ്പുകളുടെ വികസനവും വിവിധ വികസന മേഖലകളിലേക്കുള്ള ഇവയുടെ ഏകോപനവുമാണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ ധര്‍മ്മം. സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ടെക്‌നോളജി ഇന്നവേഷന്‍ സോണിനായി 10 കോടി രൂപ വകയിരുത്തിയതും പ്രതീക്ഷ നല്‍കുന്നു.

സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള സഹായം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി 59 കോടി വകയിരുത്തി. ടെക്‌നോ സിറ്റിയിലും കൊച്ചി ഇന്‍ഫോപാര്‍ക്കിലും കിഫ്ബി പിന്തുണയോടെ 4.6 ലക്ഷം ചതുരശ്രയടിയുടെ തൊഴില്‍ സമുച്ചയങ്ങള്‍ 2021-22 കാലത്ത് ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെ പെട്രോ കെമിക്കല്‍ പാര്‍ക്കിലെ 600 ഏക്കറില്‍ 170 ഏക്കര്‍ ബിപിസിഎല്‍ വാങ്ങിയിട്ടുണ്ട്. ഇവിടെ 1864 കോടിരൂപ മുതല്‍മുടക്കില്‍ മരുന്നുല്‍പാദന ഫാര്‍മപാര്‍ക്കുകള്‍ സ്ഥാപിക്കും.

ആമ്പല്ലൂര്‍ ഇലക്ട്രോണിക്‌സ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന പ്രഖ്യാപനം പദ്ധതിയെ സംബന്ധിച്ചുളള ആശങ്കകള്‍ ദൂരീകരിക്കുന്നതും വലിയ പ്രതീക്ഷകള്‍ക്ക് വഴിനല്‍കുന്നതുമാണ്. ശബരി പാതയ്ക്കായി 2000 കോടിരൂപ വകയിരുത്തിയതും വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നതാണ്. ഹാന്റക്‌സ്, ഹാന്‍വീവ് പുനരുദ്ധാരണ പാക്കേജ്. സ്‌കൂള്‍ യൂണിഫോം പദ്ധതിയടക്കം കൈത്തറി മേഖലയ്ക്ക് 157 കോടി വകയിരുത്തിയതും ജില്ലയുടെ സാമ്പത്തിക രംഗത്ത് പുത്തന്‍ ഉണര്‍വേകുമെന്നാണ് പ്രതീക്ഷ.

Next Story

RELATED STORIES

Share it