Big stories

നവകേരള നിര്‍മാണത്തിന് ഊന്നല്‍; ബജറ്റ് അവതരണം തുടങ്ങി

നവോത്ഥാനത്തെക്കുറിച്ച് സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. വനിതാമതില്‍ ഉയര്‍ന്ന പാതയില്‍ എല്ലാ ജില്ലകളിലും നവോത്ഥാന ആശയങ്ങളെക്കുറിച്ച് പറയുന്ന മതില്‍ച്ചിത്രങ്ങള്‍ വരയ്ക്കും. ഇതിനായി ലളിതകലാ അക്കാദമി മുന്‍കൈയെടുക്കും.

നവകേരള നിര്‍മാണത്തിന് ഊന്നല്‍; ബജറ്റ് അവതരണം തുടങ്ങി
X

തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള നിര്‍മാണത്തിന് മുന്തിയ പരിഗണന നല്‍കി സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് അവതരണം തുടങ്ങി. നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസകാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിലവിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും മന്ത്രി തോമസ് ഐസക്കിന്റെ 10ാമത്തെ ബജറ്റുമാണിത്. നവോത്ഥാന മുന്നേറ്റങ്ങളെക്കുറിച്ച് പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രളയക്കെടുതി നേരിടാനായി കേരളത്തിലുണ്ടായ ഐക്യം ശബരിമല വിവാദത്തോടെ തകര്‍ന്നു. ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

'നരന് നരന്‍ അശുദ്ധവസ്തു പോലും' എന്ന ആശാന്റെ കവിതാശകലം ഐസക് ഉദ്ധരിച്ചു. ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചതിന്റെ നൂറാം വാര്‍ഷികത്തില്‍ അഭിവാദനം അര്‍പ്പിക്കാനും ഐസക് മറന്നില്ല. പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ത്ത കേരളത്തിലെ സ്ത്രീകള്‍ പാവകളല്ലെന്ന ഉറച്ച പ്രഖ്യാപനമാണ് നടത്തിയത്. അതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക പുനര്‍നിര്‍മാണം ഉറപ്പാക്കുന്ന ബജറ്റാവും ഇതെന്നും തോമസ് ഐസക് പറഞ്ഞു.

നവോത്ഥാനത്തെക്കുറിച്ച് സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. വനിതാമതില്‍ ഉയര്‍ന്ന പാതയില്‍ എല്ലാ ജില്ലകളിലും നവോത്ഥാന ആശയങ്ങളെക്കുറിച്ച് പറയുന്ന മതില്‍ച്ചിത്രങ്ങള്‍ വരയ്ക്കും. ഇതിനായി ലളിതകലാ അക്കാദമി മുന്‍കൈയെടുക്കും. സ്ത്രീ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലൊരാള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ദാക്ഷായണി വേലായുധന്റെ പേരിലുള്ള ഒരു പുരസ്‌കാരം നല്‍കും. ഇതിനായി രണ്ട് കോടി രൂപ നീക്കിവച്ചു.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് ജിഎസ്ടിയില്‍ സെസ് ഏര്‍പ്പെടുത്തുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സാമ്പത്തിക വരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പ്രധാനമായും ബജറ്റില്‍ ഇടംനേടിയിട്ടുള്ളത്.

Next Story

RELATED STORIES

Share it