Kerala

വിശപ്പ് രഹിത കേരളം പദ്ധതി: 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ ആരംഭിക്കും

അമ്പലപ്പുഴ- ചേർത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രിൽ മാസം മുതൽ പ്രഖ്യാപിക്കും. 2020-21 വർഷം ഈ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.

വിശപ്പ് രഹിത കേരളം പദ്ധതി: 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ ആരംഭിക്കും
X

തിരുവനന്തപുരം: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണ ശാലകൾ കേരളത്തിൽ ആരംഭിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.10 ശതമാനം ഊണുകൾ സൗജന്യമായി സ്പോൺസർമാരെ ഉപയോഗിച്ച് നൽകണം. ഇതിനായി സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും തിരഞ്ഞെടുത്താൽ റേഷൻ വിലയ്ക്ക് സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകും.

വിശക്കുന്നവന് ഭക്ഷണവും ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും തളരുന്നവന് കിടപ്പും എന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാട് സ്വാതന്ത്ര്യത്തിന് നൽകിയ നിർവചനം. ഈ കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. വിശപ്പ് രഹിത കേരളം പദ്ധതിക്കായി സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മുഖേന ഭക്ഷ്യവകുപ്പ് പദ്ധതികൾ തയ്യാറാക്കി. കിടപ്പുരോഗികൾക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നൽകും. ലോക പട്ടിണി സൂചികയിൽ താഴേക്ക് പോകുന്ന രാജ്യത്തിൽ വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അമ്പലപ്പുഴ- ചേർത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രിൽ മാസം മുതൽ പ്രഖ്യാപിക്കും. 2020-21 വർഷം ഈ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി പ്രത്യേക ധനസഹായമായി 20 കോടി വകയിരുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it