Kerala

സി വിജില്‍: എറണാകുളത്ത് ഇതുവരെ ലഭിച്ചത് 2540 പരാതികള്‍; അധികവും അനധികൃതമായി പോസ്റ്ററുകള്‍ പതിക്കുന്നതിനെതിരേ

അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ആകെ പരാതികളില്‍ 90.30 % വും ഇത്തരത്തിലുള്ളതാണ്. 2310 പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്.നിരോധന സമയത്ത് പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് 31 പരാതികളും പ്രോപ്പര്‍ട്ടി ഡീ ഫെയ്‌സ്‌മെന്റ് വിഭാഗത്തില്‍ 133 പരാതികളും ലഭിച്ചു. 66 മറ്റു പരാതികളും ലഭിച്ചു

സി വിജില്‍: എറണാകുളത്ത് ഇതുവരെ ലഭിച്ചത് 2540 പരാതികള്‍; അധികവും അനധികൃതമായി പോസ്റ്ററുകള്‍ പതിക്കുന്നതിനെതിരേ
X

കൊച്ചി: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന ഇന്ന് ഉച്ചയ്ക്ക് 2.30 വരെ 2540 പരാതികള്‍ ലഭിച്ചു. അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ആകെ പരാതികളില്‍ 90.30 % വും ഇത്തരത്തിലുള്ളതാണ്. 2310 പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്.നിരോധന സമയത്ത് പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് 31 പരാതികളും പ്രോപ്പര്‍ട്ടി ഡീ ഫെയ്‌സ്‌മെന്റ് വിഭാഗത്തില്‍ 133 പരാതികളും ലഭിച്ചു. 66 മറ്റു പരാതികളും ലഭിച്ചതായി സി വിജില്‍ നോഡല്‍ ഓഫീസര്‍ ആയ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു അറിയിച്ചു.

പരാതികള്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി വിജില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച ഉടന്‍ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറുകയും ഫ്‌ളൈയിംഗ് സ്‌ക്വാഡ്,ആന്റി ഡീഫേയ്സ്മെന്റ് സ്‌ക്വാഡ്,സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവ പരാതികളെക്കുറിച്ച് അന്വേഷിച്ചു നടപടി സ്വീകരിക്കുകയും ചെയ്യും. ലഭിച്ചവയില്‍ 2465 പരാതികള്‍ ശരിയാണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കുകയും 75പരാതികള്‍ കഴമ്പില്ലാത്തവയാണെന്നതിനാല്‍ഉപേക്ഷിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.സി വിജില്‍ ജില്ലാ നോഡല്‍ ഓഫീസായ ജില്ലാ പ്ലാനിംഗ് ഓഫിസിലാണ് ജില്ലാതല കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്.

പൊതുജനങ്ങള്‍ ഈ മൊബൈല്‍ അപ്ലിക്കേഷന്‍ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. പണം,മദ്യം,ലഹരി,പാരിതോഷികങ്ങള്‍എന്നിവയുടെവിതരണം,ഭീഷണിപ്പെടുത്തല്‍,മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍,പെയ്ഡ് ന്യൂസ്,വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍,വ്യാജ വാര്‍ത്തകള്‍,അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന സി വിജില്‍ ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍,രണ്ടു മിനിറ്റു വരൈ ദൈര്‍ഘ്യമുള്ള വീഡിയോകള്‍,ശബ്ദരേഖകള്‍ എന്നിവയും സമര്‍പ്പിക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it