Kerala

ഇല്ല, ഞങ്ങളുടെ കുഞ്ഞൂഞ്ഞിനെ വിട്ടുതരില്ല; ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ക്കയറി പ്രതിഷേധം

പുതുപ്പള്ളിക്ക് പകരം ഉമ്മന്‍ചാണ്ടിയെ നേമത്ത് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെയാണ് കോണ്‍ഗ്രസ് അണികളും ഉമ്മന്‍ചാണ്ടിയെ സ്‌നേഹിക്കുന്ന പ്രദേശവാസികളും രംഗത്തുവന്നിരിക്കുന്നത്. പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിനെ ഒരിക്കലും നേമത്തേക്ക് വിട്ടുതരില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഇല്ല, ഞങ്ങളുടെ കുഞ്ഞൂഞ്ഞിനെ വിട്ടുതരില്ല; ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ക്കയറി പ്രതിഷേധം
X

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ മണ്ഡലത്തില്‍നിന്ന് മാറ്റി മല്‍സരിപ്പിക്കുന്നതിനെതിരേ കോട്ടയം പുതുപ്പള്ളിയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം വൈകാരികമായി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വീടിനു മുമ്പിലും മുകളിലുമാണ് പ്രതിഷേധം നടക്കുന്നത്. പുതുപ്പള്ളിക്ക് പകരം ഉമ്മന്‍ചാണ്ടിയെ നേമത്ത് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെയാണ് കോണ്‍ഗ്രസ് അണികളും ഉമ്മന്‍ചാണ്ടിയെ സ്‌നേഹിക്കുന്ന പ്രദേശവാസികളും രംഗത്തുവന്നിരിക്കുന്നത്. പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിനെ ഒരിക്കലും നേമത്തേക്ക് വിട്ടുതരില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

അണികളിലൊരാള്‍ ചാനലുകളോട് പറഞ്ഞത് ഇങ്ങനെയാണ്- 'വിട്ടുതരില്ല. തരില്ല, തരില്ല, അങ്ങനെ ചോദിക്കുകയേ വേണ്ട. ഉമ്മന്‍ചാണ്ടി സാറ് ഞങ്ങളുടെ ഓമന നേതാവാ. ഞങ്ങളുടെ പിതാവ്, ഞങ്ങളുടെ സഹോദരന്‍, ഞങ്ങളുടെ അപ്പന്‍... ആരെങ്കിലും വിട്ടുകൊടുക്കുവോ? ആരെങ്കിലും സ്വന്തം സഹോദരനെയോ പിതാവിനെയോ വിട്ടുകൊടുത്ത ചരിത്രമുണ്ടോ? ഇല്ല, ഒരിക്കലുമില്ല. വിട്ടുകൊടുക്കുവോന്നുപോലും ചോദിക്കരുത്. തരില്ല, തരില്ല, തരില്ല.' സ്ത്രീകളും വയോധികരും ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കോണ്‍ഗ്രസ് അണികളിലൊരാള്‍ കയറി ആത്മഹത്യാ ഭീഷണിയും മുഴക്കിയിട്ടുണ്ട്.

അതേസമയം, ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍നിന്ന് മാറുന്ന സാഹചര്യമില്ലെന്ന് മുന്‍മന്ത്രി കെസി ജോസഫ് വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍നിന്ന് മാറുന്നതില്‍ എ ഗ്രൂപ്പിനകത്തും പ്രതിഷേധം ശക്തമാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ചുവരെഴുത്തുകളും പ്രചരണവും തുടങ്ങിയിരുന്നു. ജെയ്ക്ക് സി തോമസാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വീടിന് മുകളിലും പുറത്തുമായി പ്രതിഷേധം തുടരുന്നതിനിടെ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെത്തി. വന്‍സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിക്കായി ഒരുക്കിയത്.

Next Story

RELATED STORIES

Share it