Sub Lead

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ മുതല്‍ പണിമുടക്ക് പുനരാരംഭിക്കും

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നാളെ മുതല്‍ പണിമുടക്ക് പുനരാരംഭിക്കും
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് യുഎന്‍എ നടത്തുന്ന പണിമുടക്ക് സമരം നാളെ പുനരാരംഭിക്കും. നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സമരം നിര്‍ത്തിവെച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, സംസ്ഥാനത്തെ 26 സ്വകാര്യ ആശുപത്രികളുമായി ധാരണയില്ലെത്താനായിരുന്നില്ല. ഈ ആശുപത്രികളില്‍ സമരം വീണ്ടും തുടങ്ങാനാണ് യുഎന്‍എയുടെ തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിലാണ് ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം ഹൈക്കോടതി മീഡിയേഷന്‍ സെന്ററില്‍ ചര്‍ച്ച നടന്നത്. അഡ്വ. മുഹമ്മദ് ഷിറാസിന്റെ നേതൃത്വത്തിലായിരുന്നു നഴ്‌സുമാരുടെയുടെയും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന്റെയും സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ച നടന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വീണ്ടും സമരം ആരംഭിക്കുന്നത്.

അതേസമയം, സമരത്തെ അതിശക്തമായി നേരിടുമെന്നാണ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളുടെ നിലപാട്. സര്‍ക്കാര്‍ ഇടപെട്ട് സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചിടുന്നതടക്കം ആലോചിക്കുമെന്നാണ് കെപിഎച്ച്എയുടെ മുന്നറിയിപ്പ്.

മാര്‍ച്ച് ആദ്യവാരം മുതലാണ് നഴ്‌സുമാരുടെ സംഘടന പ്രതിഷേധം ആരംഭിച്ചത്. അടിസ്ഥാന ശമ്പളം 40,000 ആക്കി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ സംഘടന സമരം ആരംഭിച്ചത്. ഹൈക്കോടതിയുടെ ഇടപെടലോടെയാണ് അവര്‍ സമരം പിന്‍വലിച്ചത്. തുടര്‍ന്ന് പല ഘട്ടങ്ങളിലും മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും 40,000 അടിസ്ഥാന ശമ്പളമായി നല്‍കാമെന്ന ധാരണയിലെത്തിയെങ്കിലും ചില ആശുപത്രികള്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വീണ്ടും നടത്തിയ ചര്‍ച്ചയാണ് ഇപ്പോള്‍ പരാജയപ്പെട്ടത്.

ഇതോടെ നാളെ മുതല്‍ പൂര്‍ണമായി പണിമുടക്കാനാണ് യുഎന്‍എയുടെ തീരുമാനം. ധാരണയിലെത്താത്ത ആശുപത്രികളില്‍ സമ്പൂര്‍ണമായി പണിമുടക്ക് നടത്തും. അതുപോലെ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് തുടരാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാരിനെതിരെ ആയിരുന്നു ഇവര്‍ സമരം നടത്തിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതോടെ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ സമരവുമായി മുന്നോട്ട് പോകുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ ഇടപെടല്‍ മൂലം നടത്തിയ മധ്യസ്ഥ ചര്‍ച്ചയാണ് ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത്.




Next Story

RELATED STORIES

Share it