Kerala

ആലപ്പുഴയില്‍ പോളിങ് 74.75 ശതമാനം; മുന്നില്‍ ചേര്‍ത്തല;പിന്നില്‍ ചെങ്ങന്നൂര്‍

ആകെയുള്ള 17,82,900 വോട്ടര്‍മാരില്‍ 13,32,765 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 6,44,500 പുരുഷന്മാരും 6,88,263 സ്ത്രീകളും ഉള്‍പ്പെടുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 79.84 ശതമാനമായിരുന്നു പോളിങ്. ആകെയുള്ള 4 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 2 പേരും വോട്ട് രേഖപ്പെടുത്തി.

ആലപ്പുഴയില്‍ പോളിങ് 74.75 ശതമാനം; മുന്നില്‍ ചേര്‍ത്തല;പിന്നില്‍ ചെങ്ങന്നൂര്‍
X

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ 74.75 ശതമാനം പോളിങ് രേഖപ്പെടുത്തി.ആകെയുള്ള 17,82,900 വോട്ടര്‍മാരില്‍ 13,32,765 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 6,44,500 പുരുഷന്മാരും 6,88,263 സ്ത്രീകളും ഉള്‍പ്പെടുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 79.84 ശതമാനമായിരുന്നു പോളിങ്. ആകെയുള്ള 4 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 2 പേരും വോട്ട് രേഖപ്പെടുത്തി.

ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ചേര്‍ത്തല മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്.(80.74 %). ഏറ്റവും കുറവ് ചെങ്ങന്നൂര്‍ മണ്ഡലത്തിലാണ് (69.10 %).ജില്ലയില്‍ 60 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. അരൂര്‍-9, ചേര്‍ത്തല-8, ആലപ്പുഴ-6, അമ്പലപ്പുഴ-6, കുട്ടനാട്-5, ഹരിപ്പാട്-5, കായംകുളം-8, മാവേലിക്കര-6, ചെങ്ങൂര്‍-7 വീതം സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്.

മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം. ബ്രായ്ക്കറ്റില്‍ യഥാക്രമം 2016ലെ നിയമസഭ, 2019 ലോക്സഭ തെരഞ്ഞെടുപ്പിന്റെ പോളിങ് ശതമാന കണക്ക്.

അരൂര്‍- 80.42 % (85.43%, 83.67%)

ചേര്‍ത്തല- 80.74 % (86.3%, 84.98%)

ആലപ്പുഴ- 76.31 % (80.03%, 80.44%)

അമ്പലപ്പുഴ- 74.72 % (78.52%, 78.43%)

കുട്ടനാട്- 72.25 %(79.21%, 76.28%)

ഹരിപ്പാട്- 74.20 %(80.38%, 78.16%)

കായംകുളം-73.34 %(78.19%, 76.55%)

മാവേലിക്കര- 71.18 %(76.17%, 74.53%)

ചെങ്ങന്നൂര്‍- 69.10 %(74.36%, 70.19%)

രാവിലെ 5.30ന് ആരംഭിച്ച മോക് പോളിന് ശേഷം ഏഴിന് വോട്ടിങ് ആരംഭിച്ചു. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറില്‍ 6.93 ശതമാനം പോളിങ് രേഖപ്പെടുത്തി. പത്തുമണിയോടെ തന്നെ ജില്ലയിലെ പോളിങ് 21.81 ശതമാനമായി ഉയര്‍ന്നു. പതിനൊന്ന് മണിയോടെ പോളിങ് 30 ശതമാനം കടന്നു. ഉച്ചക്ക് ഒന്നരയോടെ മൊത്തം വോട്ടുകളുടെ പകുതി വോട്ടുകള്‍ പോള്‍ ചെയ്തു. മൂന്നരയോടെ 60 ശതമാനവും അഞ്ചരയോടെ 71.85 ശമതാനവും വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. വൈകീട്ട് 6.30 വരെ 74.16 ശതമാനം വോട്ടുകളാണ് ജില്ലയില്‍ ആകെ രേഖപ്പെടുത്തിയത്.

ജില്ലയില്‍ ഉച്ചയ്ക്ക് ശേഷമാണ് സ്ത്രീ വോട്ടര്‍മാര്‍ കൂടുതലായി വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ഉച്ചയ്ക്ക് 12.30 വരെ 46.07 ശതമാനം പുരുഷന്മാരും 38.58 ശതമാനം സ്ത്രീകളും എന്ന രീതിയില്‍ തുടര്‍ന്ന വോട്ടെടുപ്പ് ഉച്ചയ്ക്ക് ശേഷം സ്ത്രീ വോട്ടര്‍മാര്‍ കൂടുതലായി എത്തിയതോടെ പുരുഷ സ്ത്രീ വോട്ടര്‍മാരുടെ അനുപാതം ഒരേ രീതിയില്‍ ഉയര്‍ന്നു. വോട്ടിങ് അവസാനിച്ചപ്പോള്‍ മൊത്തം പുരുഷ വോട്ടര്‍മാരില്‍ 75.75 ശതമാനവും സ്ത്രീ വോട്ടര്‍മാരില്‍ 73.83 ശതമാനവും വോട്ട് രേഖപ്പെടുത്തി.

വിവി പാറ്റുകള്‍ക്ക് ചിലയിടങ്ങളില്‍ സാങ്കേതികത്തകരാര്‍ വന്നതിനെത്തുടര്‍ന്ന് ഏതാനും പോളിങ് സ്റ്റേഷനുകളില്‍ വോട്ടിങ് കുറച്ചു നേരം വൈകി. ഹരിപ്പാട് മണ്ഡലത്തിലെ കിഴക്കേക്കര ആത്മവിദ്യ സംഘം എല്‍.പി.എസിലെ 108 നമ്പര്‍ ബൂത്ത്, ചേര്‍ത്തല വെട്ടക്കല്‍ എസ് എന്‍ ഡി പി ബില്‍ഡിംഗ് 7 എ, അരൂര്‍ എരമല്ലൂര്‍ സാന്താക്രൂസ് പബ്ലിക് സ്‌കൂള്‍ ബൂത്ത് 64 എ, കുട്ടനാട് ഈര എന്‍ എസ് എസ് ഹൈസ്‌കൂള്‍ ബൂത്ത് 30, കായംകുളം പുതിയവിള കൊപ്പരേത്ത് ഹൈസ്‌ക്കൂളിലെ ബൂത്ത് 106 തുടങ്ങിയ ഇടങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ കണ്ടെത്തിയെങ്കിലും ഉടന്‍ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു.

വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയ പ്രശ്‌നബാധിത ബൂത്തുകളിലടക്കം അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ജില്ല കലക്ടര്‍ എ അലക്സാണ്ടറുടെ നേതൃത്വത്തില്‍ ജില്ലയിലെ വോട്ടെടുപ്പ് പുരോഗതിയും വെബ്കാസ്റ്റിംഗും കളക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ നിരീക്ഷിച്ചിരുന്നു. കൊവിഡ് പോസിറ്റീവായവരും നിരീക്ഷണത്തില്‍ കഴിയുന്നവരും വൈകിട്ട് ആറിനു ശേഷം വോട്ട് രേഖപ്പെടുത്തി.വോട്ടിങ് യന്ത്രങ്ങള്‍ അതത് മണ്ഡലങ്ങളിലെ സ്ട്രോംങ് റൂമുകളിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it