Kerala

കശ്മീര്‍ പ്രത്യേക പദവി; നാളെ കെപിസിസി അടിയന്തര രാഷ്ട്രീയകാര്യസമിതി

പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയാണ് കശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 35എ, 370 എന്നീ ഭരണഘടനാ വകുപ്പുകള്‍ എടുത്തുകളഞ്ഞത്. ഇത്രയും നാളും കശ്മീരിനെ ഇന്ത്യയോടു ചേര്‍ത്തുനിര്‍ത്തിയത് ഈ പ്രത്യേക അധികാരാവകാശങ്ങളായിരുന്നു. ഇവ റദ്ദാക്കിയതോടെ ഇനി വരാനിരിക്കുന്നത് അശാന്തിയുടെ നാളുകളായിരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കശ്മീര്‍ പ്രത്യേക പദവി; നാളെ കെപിസിസി അടിയന്തര രാഷ്ട്രീയകാര്യസമിതി
X

തിരുവനന്തപുരം: ഭരണഘടനയെ പിച്ചിച്ചീന്തിയും പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇന്ദിരാഭവനില്‍ അടിയന്തര രാഷ്ട്രീയകാര്യസമിതി യോഗം ചേരുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. ഇന്ത്യയുടെ ജനാധിപത്യത്തെയും ബഹുസ്വരതയെയും കശാപ്പുചെയ്ത കറുത്ത ദിനമായി 2019 ആഗസ്ത് 5 ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയാണ് കശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 35എ, 370 എന്നീ ഭരണഘടനാ വകുപ്പുകള്‍ എടുത്തുകളഞ്ഞത്. ഇത്രയും നാളും കശ്മീരിനെ ഇന്ത്യയോടു ചേര്‍ത്തുനിര്‍ത്തിയത് ഈ പ്രത്യേക അധികാരാവകാശങ്ങളായിരുന്നു. ഇവ റദ്ദാക്കിയതോടെ ഇനി വരാനിരിക്കുന്നത് അശാന്തിയുടെ നാളുകളായിരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ജമ്മു കശ്മീരില്‍ ഭൂമി വാങ്ങുന്നതിനും താമസിക്കാനുമുള്ള അവകാശം, സര്‍ക്കാര്‍ ജോലികളില്‍ സംവരണം, പഠനത്തിനു സര്‍ക്കാര്‍ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരവാസികള്‍ക്കു മാത്രമായി നിജപ്പെടുത്തിയിരുന്നത് എടുത്തുകളയുന്നതോടെ അവിടത്തെ ജനസംഖ്യാപരമായ അവസ്ഥയില്‍ പോലും മാറ്റംവരുകയും അത് കൂടുതല്‍ സംഘര്‍ഷത്തിന് ഇടവരുത്തുകയും ചെയ്യും.

പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാഷ്ട്രപതി ഇതുസംബന്ധിച്ച ബില്ലില്‍ ഒപ്പിട്ടത്. ഏഴുപതിറ്റാണ്ടായി നിലനില്‍ക്കുന്ന ജമ്മു കശ്മീരിലെ രാഷ്ട്രീയസംവിധാനം ഒരു ചര്‍ച്ചയും നടത്താതെയും ആരോടും കൂടിയാലോചിക്കാതെയുമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഇത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ചില അതിര്‍ത്തി സംസ്ഥാനങ്ങളിലും ഇത്തരം ചില അവകാശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ജമ്മു കശ്മീരിന്റെ പദവിയില്‍ മാത്രം അഴിച്ചുപണി നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ചാവക്കാട് കൊല്ലപ്പെട്ട പുന്നയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കുടുംബത്തിനും പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിഭീഷ്, നിഷാദ്, സുരേഷ് എന്നിവര്‍ക്കും കെപിസിസി വീടുവച്ചുനല്‍കും. അഞ്ചുലക്ഷം രൂപ വീതം ചെലവുള്ള വീടാണ് നിര്‍മിക്കുന്നത്. ഇവര്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പടെയുള്ള പരിപാടികള്‍ ഡിസിസിയും കെപിസിസിയും ചേര്‍ന്ന് രൂപം നല്‍കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Next Story

RELATED STORIES

Share it