Kerala

മഅ്ദനിക്കെതിരേ നടക്കുന്നത് ജുഡീഷ്യല്‍ ഭീകരത: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

ന്യായാധിപന്‍മാര്‍ മാറുന്നതിനനുസരിച്ച് സാക്ഷികളുടെ വിസ്താരം ആവര്‍ത്തിക്കുന്നത് രാജ്യത്തെ ലിഖിതമായ ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ്.

മഅ്ദനിക്കെതിരേ നടക്കുന്നത് ജുഡീഷ്യല്‍ ഭീകരത: എന്‍ കെ പ്രേമചന്ദ്രന്‍ എംപി
X

കൊല്ലം: അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായി രണ്ട് ദശാബ്ദമായി തുടരുന്ന വേട്ടയാടലിനും നീതിനിഷേധത്തിനും ഭരണകൂടഭീകരതയേക്കാള്‍ ജുഡീഷ്യല്‍ ഭീകരതയാണ് നിഴലിച്ചുനില്‍ക്കുന്നതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. അബ്ദുല്‍ നാസിര്‍ മഅ്ദനിക്ക് നീതിലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനിയുടെ ആഭിമുഖ്യത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് അയക്കുന്ന കൂട്ട ഇ- മെയില്‍ കാംപയിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം 74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ നിലയ്ക്കാത്ത ലോക്ക് ഡൗണിന് വിധേയമാക്കപ്പെട്ട മഅ്ദനിയുടെ തടവ് ഇന്ത്യന്‍ പൗരസ്വാതന്ത്ര്യത്തിന്റെ വിചിത്രമായ ഏടായി എക്കാലവും ഉയര്‍ന്നുനില്‍ക്കും. ഒരുദശാബ്ദത്തിനടുത്ത നീതിനിഷേധത്തിന് വിരാമമിട്ട് പൂര്‍ണനിരപരാധിയെന്ന് വിധിയെഴുതി വിട്ടയക്കപ്പെട്ട മഅ്ദനിക്ക് ശംഖുമുഖം കടപ്പുറം നല്‍കിയ ജനകീയസ്വീകരണം കേരളീയ പൊതുമനസിന്റെ പരിച്ഛേദമായി ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. ന്യായാധിപന്‍മാര്‍ മാറുന്നതിനനുസരിച്ച് സാക്ഷികളുടെ വിസ്താരം ആവര്‍ത്തിക്കുന്നത് രാജ്യത്തെ ലിഖിതമായ ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ്.

നിര്‍ഭാഗ്യവശാല്‍ രാജ്യം ദര്‍ശിച്ച കടുത്ത മനുഷ്യാവകാശ നിഷേധമായ മഅ്ദനി വിഷയം ദേശീയ വേദികളില്‍ സജീവമായി ഉയര്‍ന്നുവരാത്തത് ഖേദകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫോറം രക്ഷാധികാരി പി രാമഭന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ.പ്രഹ്ലാദന്‍, ഡോ.സെബാസ്റ്റ്യന്‍ പോള്‍, അഡ്വ.പി ടി എ റഹിം എംഎല്‍എ, ഭാസുരേന്ദ്ര ബാബു, പ്രഫ.എ പി അബ്ദുല്‍ വഹാബ്, മൈലക്കാട് ഷാ, അഡ്വ.രശ്മിതാ രാമചന്ദ്രന്‍, സുബോധ് കണ്ടച്ചിറ, എം മെഹബൂബ്, ജലീല്‍ പുനലൂര്‍, ഗഫൂര്‍ കുണ്ടറ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it