Kerala

ജയഘോഷിനെ ഗൺമാനായി നിയമിച്ചത് ടി പി സെൻകുമാർ; ചർച്ചകൾ നടന്നതും കാലാവധി നീട്ടിയതും ബെഹ്റയുടെ കാലത്ത്

ജയഘോഷിൻ്റെ നിയമനം നിയമാനുസൃതമല്ലെന്ന വാദത്തിനിടെയാണ് ഇത്തരമൊരു വിവരം കൂടി പുറത്തുവരുന്നത്. 2017 ജൂണ്‍ 22ന് അന്നത്തെ സംസ്ഥാന പോലിസ് മേധാവിയായിരുന്ന സെന്‍കുമാറാണ് ഈ ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്.

ജയഘോഷിനെ ഗൺമാനായി നിയമിച്ചത് ടി പി സെൻകുമാർ; ചർച്ചകൾ നടന്നതും കാലാവധി നീട്ടിയതും ബെഹ്റയുടെ കാലത്ത്
X

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്ന സിവില്‍ പോലിസ് ഓഫിസര്‍ ജയഘോഷിനെ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി നിയമിച്ചത് മുൻ ഡിജിപി ടി പി സെന്‍കുമാര്‍. ജയഘോഷിൻ്റെ നിയമനം നിയമാനുസൃതമല്ലെന്ന വാദത്തിനിടെയാണ് ഇത്തരമൊരു വിവരം കൂടി പുറത്തുവരുന്നത്. 2017 ജൂണ്‍ 22ന് അന്നത്തെ സംസ്ഥാന പോലിസ് മേധാവിയായിരുന്ന സെന്‍കുമാറാണ് ഈ ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. എന്നാൽ, നിയമന നടപടികളുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത് ഡിജിപി ലോക്നാഥ് ബെഹ്റയുടെ കാലത്താണ്. തുടർന്ന് ജയഘോഷിന്‍റെ നിയമന കാലാവധി മൂന്ന് തവണ നീട്ടി നല്‍കിയതും നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റയാണ്.

2016-ലെ സര്‍ക്കാര്‍ ഉത്തരവ് ജിഒ (ആര്‍ടി) നം. 3369/2016/ഹോം 08-11-2016) പ്രകാരമാണ് യുഎഇ കോണ്‍സല്‍ ജനറലിന് എക്‌സ് കാറ്റഗറിയില്‍ പേഴ്‌സണല്‍ സെക്യൂരിറ്റി അനുവദിച്ചത്. യുഎഇ കോണ്‍സല്‍ ജനറലിന്റെ കത്ത് പ്രകാരം 2016 ഒക്ടോബര്‍ 21ന് ചേര്‍ന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി തീരുമാന പ്രകാരമാണ് സെക്യൂരിറ്റി നല്‍കിയത്.

അതിനിടെ യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ ഗണ്‍മാനായി ജയഘോഷിന്‍റെ നിയമന കാലാവധി മൂന്ന് തവണ നീട്ടി നല്‍കി. ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ടാണ് കാലാവധി പുതുക്കി ഉത്തരവിറക്കിയത്. 2017 ലാണ് ജയഘോഷ്‌ യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ ഗണ്‍മാനാണ് നിയമിക്കപ്പെടുന്നത്. തുടര്‍ന്നുള്ള 2018, 2019, 2020 വര്‍ഷങ്ങളില്‍ കാലാവധി പുതുക്കി നൽകി. 2020 ജനുവരി എട്ടിനാണ് അവസാനമായി കാലാവധി പുതുക്കി ഉത്തരവിറക്കിയത്. ഗണ്‍മാനായി ജയഘോഷിന്‍റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കോണ്‍സുലേറ്റ് ജനറല്‍ കത്ത് നല്‍കിയതായും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതിയോടെ മാത്രമാണ് സുരക്ഷ നല്‍കാന്‍ നിയമം. കോണ്‍സുലേറ്റ് ജനറലിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തില്‍ ഗണ്‍മാനെ നിയമിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് ആക്ഷേപം. നയതന്ത്ര ഓഫീസിന് സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. കോണ്‍സുലേറ്റിന് പുറത്ത് സുരക്ഷ നല്‍കാന്‍ മാത്രമാണ് പോലിസിന് അനുമതി. ഇത് മറികടന്നാണ് ജയഘോഷിന്‍റെ നിയമനമെന്നാണ് ആരോപണം.

യുഎഇ കോണ്‍സുലര്‍ ജനറല്‍ സുരക്ഷാ വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതിനെ തുടർന്ന് 21-10-2016-നു ചേര്‍ന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി പരിശോധിച്ച ശേഷമാണ് യുഎഇ കോണ്‍സുലാര്‍ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ അനുവദിച്ചതെന്നാണ് സംസ്ഥാനത്തിൻ്റെ വാദം. വിഐപികള്‍ക്കും മറ്റ് വ്യക്തികള്‍ക്കും പരിരക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം യെല്ലോ ബുക്ക് പുറത്തിറക്കും. അതിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതാണ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി. ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. സംസ്ഥാന പോലിസ് മേധാവി, സംസ്ഥാന ഇന്റലിജന്‍സ് മേധാവി തുടങ്ങിയവർ അംഗങ്ങളാണ്. എന്നാൽ, സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ വരുന്ന വ്യക്തികള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ അത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് പ്രസ്തുത ബുക്കില്‍ വ്യക്തമാക്കുന്നുണ്ട്. ഈ നിർദേശം മറികടന്നാണ് സംസ്ഥാനത്തിൻ്റെ അധികാര പരിധിക്ക് പുറത്തുള്ള യുഎഇ കോണ്‍സുലേറ്റ് ജനറലിന് പേഴ്സണല്‍ സെക്യൂരിറ്റിയെ സംസ്ഥാന സർക്കാർ നിയമിച്ചത്.

Next Story

RELATED STORIES

Share it