Kerala

ഐഎന്‍എല്‍ യോഗത്തിലെ കൂട്ടത്തല്ല്: കേസെടുത്ത് പോലിസ്

രണ്ടു കേസുകളാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.നടു റോഡില്‍ ഏറ്റുമുട്ടി,കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് യോഗം ചേര്‍ന്നു എന്നിങ്ങനെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

ഐഎന്‍എല്‍ യോഗത്തിലെ കൂട്ടത്തല്ല്: കേസെടുത്ത് പോലിസ്
X

കൊച്ചി: ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ ലീഗ്(ഐഎന്‍എല്‍) സംസ്ഥാന നേതൃയോഗത്തിലെ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.രണ്ടു കേസുകളാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.നടു റോഡില്‍ ഏറ്റുമുട്ടി,കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് യോഗം ചേര്‍ന്നു എന്നിങ്ങനെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് നടു റോഡില്‍ ഏറ്റു മുട്ടിയ വിഷയത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.ഇതില്‍ അഞ്ചു പേരെ പേരെ ഇന്നലെ തന്നെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ പിന്നീട് രാത്രിയോടെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ദിവസമായിരുന്ന ഇന്നലെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് യോഗം നടത്തിയതിന് ഹോട്ടല്‍ അധികൃതര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയുമാണ് മറ്റൊരു കേസ്.ഇന്നലെ നടന്ന നേതൃയോഗത്തിലെ കൂട്ടത്തല്ലിനൊടുവില്‍ ഐഎന്‍ എല്‍ പിളര്‍ന്നിരുന്നു.പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുള്‍ വഹാബിനെ പുറത്താക്കിയതായി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി അബ്ദുള്‍ വഹാബും വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചിരുന്നു.

മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ സാന്നിധ്യത്തിലായിരുന്നു നേതൃയോഗം നടന്നത്. ജനറല്‍ സെക്രട്ടറിയുടെ നിലപാടുകളെ എതിര്‍ത്ത് വഹാബ് പക്ഷം പ്രതിഷേധിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. യോഗം നടന്ന ഹോട്ടലിന് മുന്നില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് അക്രമത്തിലേക്ക് നീങ്ങിയതോടെ സിറ്റി പോലീസ് എത്തി പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും പ്രത്യേകം യോഗം ചേര്‍ന്നാണ് പുറത്താക്കല്‍ പ്രഖ്യാപിച്ചത്.അബ്ദുള്‍ വഹാബിന് പകരം വര്‍ക്കിങ് പ്രസിഡന്റിന്റെ ചുമതല ഹംസ ഹാജിക്ക് നല്‍കിയതായി കാസി ഇരിക്കൂറും കാസിം ഇരിക്കൂറിനു പകരം ജനറല്‍ സെക്രട്ടറിയുടെ ചുമതല നാസര്‍ കോയ തങ്ങള്‍ക്ക് നല്‍കിയതായി അബ്ദുള്‍ വഹാബും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it