Kerala

150 ഗ്രാമപ്പഞ്ചായത്തുകളില്‍കൂടി ഐഎല്‍ജിഎംഎസ് സോഫ്റ്റ്‌വെയര്‍

150 ഗ്രാമപ്പഞ്ചായത്തുകളില്‍കൂടി ഐഎല്‍ജിഎംഎസ് സോഫ്റ്റ്‌വെയര്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ 150 ഗ്രാമപ്പഞ്ചായത്തുകളില്‍കൂടി ഐഎല്‍ജിഎംഎസ് സോഫ്റ്റ്‌വെയര്‍ വിന്യസിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍ നിര്‍വഹിച്ചു. ഓഫിസുകളില്‍ പോവാതെ തന്നെ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാവുന്നത് ഭരണസംവിധാനത്തിനാകെ കൂടുതല്‍ വേഗത കൈവരിക്കാന്‍ സഹായകരമാവുമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമപ്പഞ്ചായത്തുകളിലെ ഭരണനിര്‍വഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച അതിനൂതനമായ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായം (ഐഎല്‍ജിഎംഎസ്).

ആദ്യഘട്ടത്തില്‍ കേരളത്തിലെ 153 ഗ്രാമപ്പഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് വിന്യസിച്ചിട്ടുണ്ട്. രണ്ടാംഘട്ടമായി 150 ഗ്രാമപ്പഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് വിന്യസിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഈ 303 ഗ്രാമപ്പഞ്ചായത്തുകളിലേക്ക് സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്ത ലോഗിനിലൂടെയും അക്ഷയാ സെന്ററുകളിലൂടെയും 213 സേവനങ്ങള്‍ ലഭിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഓണ്‍ലൈനില്‍ പണമടയ്ക്കുന്നതിനും സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

ശേഷിക്കുന്ന 638 ഗ്രാമപ്പഞ്ചായത്തുകളില്‍കൂടി സേവനങ്ങള്‍ക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും അപേക്ഷയോടൊപ്പം നല്‍കാനുള്ള ഫീസുകള്‍ ഓണ്‍ലൈനില്‍ അടയ്ക്കുന്നതിനുമുള്ള സംവിധാനം ഐഎല്‍ജിഎംഎസിന്റെ തന്നെ ഭാഗമായുള്ള സിറ്റിസണ്‍ പോര്‍ട്ടലിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ എച്ച് ദിനേശന്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ് ചന്ദ്രശേഖര്‍, കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ എം ഉഷ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it