Kerala

ഇടുക്കിയിൽ കാർ ഒഴുക്കിൽ പെട്ടു; സമീപത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

കാറിൽ രണ്ട് പേർ ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഇതിൽ ഒരാളുടെ മൃതദേഹമാണ് നിലവിൽ ലഭിച്ചിരിക്കുന്നത്.

ഇടുക്കിയിൽ കാർ ഒഴുക്കിൽ പെട്ടു; സമീപത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
X

ഇടുക്കി: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. ഇടുക്കി കാഞ്ഞാറിൽ ഒഴുക്കിൽ പെട്ട കാറിനരികെ നിന്ന് ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഴക്കെടുതിയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്.

രാവിലെയാണ് ഈ കാർ ഒഴുക്കിൽ പെടുന്നത്. പിന്നീട് പോലിസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തി. കാറിൽ രണ്ട് പേർ ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഇതിൽ ഒരാളുടെ മൃതദേഹമാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആൾക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയും കുത്തൊഴുക്കും തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

അതേസമയം, കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ എണ്ണം 13 ആയി. 3 വീടുകൾ ഒലിച്ചുപോയി. പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്നാണ് ഉരുൾപൊട്ടലുണ്ടായത്. പൂഞ്ഞാർ തെക്കേക്കരയിലും മുണ്ടക്കയത്തുമൊക്കെ ഉരുൾപൊട്ടൽ ഉണ്ടായെങ്കിലും അത് തീവ്രത കുറഞ്ഞവ ആയിരുന്നു. എന്നാൽ, കൂട്ടിക്കലിൽ ഉണ്ടായത് ശക്തമായ ഉരുൾപൊട്ടലാണ്.

വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി മീനച്ചിലാറ്റിലേക്കും മണിമലയാറ്റിലേക്കും വെള്ളം ഇരച്ചെത്തിയാണ് ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തിൽ വീടുകളിൽ വെള്ളം കയറുകയും വാഹനങ്ങളും കോഴി ഫാമുകളും അടക്കമുള്ളവ ഒഴികിപ്പോവുകയും ചെയ്തു. ഇതിനകം നൂറോളം ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നിരിക്കുന്നത്. കൂട്ടിക്കൽ നഗരവും മുണ്ടക്കയം നഗരവും ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴക്കെടുത്തി തുടരുകയാണ്. കോട്ടയം ജില്ലയിലാണ് ഏറെ കെടുതികൾ റിപോർട്ട് ചെയ്യുന്നത്. കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിന് പോലിസിനെയും ഫയർ ഫോഴ്സിനെയും നിയോഗിച്ചു. ഒറ്റപെട്ട കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും. ഈരാറ്റുപേട്ട-പാല റോഡിൽ വെള്ളം കയറിത്തുടങ്ങി. അരുവിത്തുറ പാലം മുങ്ങി. പനക്കപ്പാലത്ത് റോഡിൽ വെള്ളം കയറി.

Next Story

RELATED STORIES

Share it