Kerala

ഇടുക്കിയിലെ പട്ടയഭുമിയില്‍ കെട്ടിട നിര്‍മാണം; വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

രണ്ട് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം. ഹരജിയില്‍ കോടതി വ്യവസായ ടൂറിസം വകുപ്പിനേയും സ്വമേധയാ കക്ഷി ചേര്‍ത്തു.കെട്ടിട നിര്‍മാണത്തിന് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇടുക്കി ജില്ലയില്‍ നിര്‍ബന്ധമാക്കി റവന്യു വകുപ്പ് ഓഗസ്റ്റ് 22ന് പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ ഹാജരാക്കിയത് പരിഗണിച്ച ശേഷമാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്

ഇടുക്കിയിലെ പട്ടയഭുമിയില്‍ കെട്ടിട നിര്‍മാണം; വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  ഉത്തരവിറക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം
X

കൊച്ചി: ഇടുക്കി ജില്ലയില്‍ പട്ടയഭുമിയില്‍ കെട്ടിട നിര്‍മാണത്തിന് വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ രണ്ട്് മാസത്തിനകം ഭേദഗതി കൊണ്ടുവരാന്‍ കോടതി നിര്‍ദേശിച്ചു .ചട്ടങ്ങളില്‍ ഭേദഗതികൊണ്ടുവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ് . പട്ടയഭൂമിയില്‍ വ്യവസ്ഥകള്‍ ലംലിച്ച് നടത്തുന്ന വാണിജ്യ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നത് . സര്‍ട്ടിഫിക്കറ്റില്‍ ഏതാവശ്യത്തിനാണ് അനുദിച്ചിട്ടുള്ളതെന്ന് വില്ലേജ് ഓഫിസര്‍ രേഖപ്പെടുത്തണം. ഇതിന്റെ അടിസ്ഥാനത്തിലേ കെട്ടിട നിര്‍മാണാനുമതി നല്‍കാവൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷകളില്‍ തട്ടിപ്പുണ്ടന്ന കണ്ടെത്തലിനെ തുടര്‍ന്ന് സിംഗിള്‍ ബഞ്ചാണ് വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവിട്ടത്.

രണ്ട് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം. ഹരജിയില്‍ കോടതി വ്യവസായ ടൂറിസം വകുപ്പിനേയും സ്വമേധയാ കക്ഷി ചേര്‍ത്തു.കെട്ടിട നിര്‍മാണത്തിന് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇടുക്കി ജില്ലയില്‍ നിര്‍ബന്ധമാക്കി റവന്യു വകുപ്പ് ഓഗസ്റ്റ് 22ന് പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ ഹാജരാക്കിയത് പരിഗണിച്ച ശേഷമാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. ഇടുക്കി ജില്ലയില്‍ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റില്ലാതെ നിര്‍മാണ അനുമതി നല്‍കരുതെന്ന് തദ്ദേശ ഭരണ വകുപ്പ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഉത്തരവിറക്കണമെന്നും ഇതിനായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്നും റവന്യു വകുപ്പിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ഈ നിര്‍ദേശം രണ്ടാഴ്ചക്കകം തന്നെ നടപ്പാക്കാനും കോടതി നിര്‍ദേശിച്ചു.

കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നത് ഉചിതമാകുമെന്ന് നേരത്തെ ഹരജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചിരുന്നു. ഇടുക്കി, വയനാട് പോലുള്ള പരിസ്ഥിതി ലോല മേഖലകളിലെ നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടാകണമെന്ന നിര്‍ദേശവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് 22ന് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഇടുക്കി ജില്ലയില്‍ പട്ടയ വ്യവസ്ഥ ലംഘിച്ച് വാണിജ്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് തടയാനാണ് ജില്ലയില്‍ നിര്‍മാണ അനുമതി നല്‍കാന്‍ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it