Kerala

വനാതിര്‍ത്തിയിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വന്യമ്യഗശല്യം രൂക്ഷമാകുന്ന എല്ലാ സ്ഥലങ്ങളിലും സൗരോര്‍ജ്ജവേലികള്‍ സ്ഥാപിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.മൂളങ്കുഴിയില്‍ ഉണ്ടായിരുന്ന ട്രഞ്ചുകള്‍ പുനര്‍നിര്‍മ്മിക്കാനും കാട്ടാന ശല്യത്തിന് തുടക്കം കുറിക്കുന്ന സ്ഥലത്ത് സൗരോര്‍ജ്ജവേലിയോടു കൂടി ഇരുമ്പുഗേറ്റ് സ്ഥാപിക്കണമെന്ന പരാതിക്കാരുടെ ആവശ്യം വനംവകുപ്പ് അധിക്യതര്‍ പരിശോധിച്ച് യുക്തമായ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു

വനാതിര്‍ത്തിയിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

കൊച്ചി : വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.മലയാറ്റൂര്‍ മൂളംകുഴിയില്‍ ക്യഷിയെ ആശ്രയിച്ച് ജീവിക്കുന്ന 400 ഓളം കുടുംബങ്ങളുടെ കൃഷിയിടങ്ങള്‍ കാട്ടാനകളില്‍ നിന്നും രക്ഷിക്കുന്നതിനായി നിലവില്‍ സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ്ജവേലികള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.

വന്യമ്യഗശല്യം രൂക്ഷമാകുന്ന എല്ലാ സ്ഥലങ്ങളിലും സൗരോര്‍ജ്ജവേലികള്‍ സ്ഥാപിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.മൂളങ്കുഴിയില്‍ ഉണ്ടായിരുന്ന ട്രഞ്ചുകള്‍ പുനര്‍നിര്‍മ്മിക്കാനും കാട്ടാന ശല്യത്തിന് തുടക്കം കുറിക്കുന്ന സ്ഥലത്ത് സൗരോര്‍ജ്ജവേലിയോടു കൂടി ഇരുമ്പുഗേറ്റ് സ്ഥാപിക്കണമെന്ന പരാതിക്കാരുടെ ആവശ്യം വനംവകുപ്പ് അധിക്യതര്‍ പരിശോധിച്ച് യുക്തമായ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മലയാറ്റൂര്‍ മുളംകുഴി റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷന്‍ മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി.മേഖലയിലെ വന്യജീവി ശല്യം ശാശ്വതമായി പരിഹരിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനവാസമേഖലയോട് ചേര്‍ന്ന് വന്യമ്യഗശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ സൗരോര്‍ജ്ജവേലികള്‍ സ്ഥാപിച്ചിരുന്നെങ്കിലും അവയില്‍ പടര്‍ന്നുകയറുന്ന വള്ളിപ്പടര്‍പ്പുകള്‍ നീക്കം ചെയ്യാന്‍ ഭൂവുടമകള്‍ തയ്യാറാകാത്തതിനാല്‍ വേലികള്‍ നശിച്ചു പോയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയതായി വേലികള്‍ സ്ഥാപിക്കുന്ന കാര്യം ഫണ്ടിന്റെ ലഭ്യത അനുസരിച്ച് തീരുമാനിക്കും. വന്യജീവി ആക്രമണം വഴിയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സോളാര്‍ വേലികള്‍ ആനകള്‍ നശിപ്പിച്ചതാണെന്നും അവ നന്നാക്കാന്‍ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നും പ്രദേശ വാസികള്‍ അറിയിച്ചു. നിരന്തരമായ പരാതികളെ തുടര്‍ന്ന് വേലിക്കമ്പികള്‍ 5 നിരയാക്കിയെങ്കിലും ചാര്‍ജ്ജ് ചെയ്തില്ല. മൂളം കുഴിയിലാണ് ആനശല്യത്തിന് തുടക്കം കുറിക്കുന്നതെന്നും പരാതിക്കാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it