Kerala

സുരേഷ് കല്ലട നേരിട്ട് ഹാജരാവണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കല്ലടക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഡിവൈഎസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രത്യേക അന്വേഷണം നടത്തണം. ഇതിനുപുറമേ ഗതാഗത കമ്മീഷണറും അന്വേഷണം നടത്തണം.

സുരേഷ് കല്ലട നേരിട്ട് ഹാജരാവണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
X

തിരുവനന്തപുരം: യാത്രക്കാരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്ന് പരാതി ഉയർന്ന കല്ലട ട്രാൻസ്പോർട്ടിങ് കമ്പനിയുടെ ഉടമ സുരേഷ് കല്ലട നേരിട്ട് ഹാജരാവണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മേയ് 29ന് രാവിലെ പത്തരക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ ഹാജരാവാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിട്ടത്.

കല്ലടക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഡിവൈഎസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ഡിവൈഎസ്പിയെ നിയോഗിക്കാനുള്ള ചുമതല എറണാകുളം ജില്ലാ പോലിസ് മേധാവിക്കാണ് നൽകിയിരിക്കുന്നത്. ഇതിനുപുറമേ ഗതാഗത കമ്മീഷണറും അന്വേഷണം നടത്തണം. ഗതാഗത കമ്മീഷണറും എറണാകുളം ജില്ലാ പോലിസ് മേധാവിയും മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കണം. സുരേഷ് കല്ലടയും വിശദീകരണം നൽകണം.

കോഴിക്കോട് സ്വദേശി ഡോ.നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന കുട്ടികളെ കല്ലടയിലെ ജീവനക്കാർ കായികമായി നേരിട്ടതായി പരാതിയിൽ പറയുന്നു. മർദ്ദനമേറ്റവർ ഇപ്പോഴും ഭീഷണിയുടെ നിഴലിലാണ്. ബസിൽ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പരാതിയിൽ പറയുന്നു. നിരവധി സ്ത്രീകൾ ദിവസേന ഇത്തരം ബസുകളിൽ യാത്ര ചെയ്യുന്നുണ്ട്. ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ നിന്നും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായാൽ പോലിസിനും ഗതാഗത വകുപ്പിനും നടപടിയെടുക്കാൻ ബാധ്യതയുണ്ടെന്നും പരാതിയിൽ പറഞ്ഞു.

Next Story

RELATED STORIES

Share it