Kerala

ചരിത്ര ഗവേഷണ കൗണ്‍സില്‍ കാവിവല്‍ക്കരിക്കുന്നു: പിഡിപി

ചരിത്ര ഗവേഷണ കൗണ്‍സില്‍ കാവിവല്‍ക്കരിക്കുന്നു: പിഡിപി
X

കോഴിക്കോട്: ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ പൂര്‍ണമായും കാവിവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരരക്തസാക്ഷികളായ മലബാര്‍ സമരപോരാളികളെയും വാഗണ്‍ ട്രാജഡി കൂട്ടക്കൊലയും ചരിത്ര താളുകളില്‍നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ആസാദി കാ അമൃത് മഹോല്‍സവ് പോസ്റ്ററില്‍നിന്ന് സ്വാതന്ത്ര്യസമര സേനാനിയും പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഫോട്ടോ ഒഴിവാക്കുകയും സംഘപരിവാര്‍ തലവനായിരുന്ന സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

സ്വാതന്ത്ര്യസമരചരിത്രത്തില്‍ എവിടെയും പങ്കില്ലാത്തവരും പലഘട്ടത്തിലും സമരത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചവരുമായ സംഘപരിവാര്‍ നേതാക്കളെ മഹത്വവല്‍ക്കരിക്കാനും ചരിത്രത്തെ അപനിര്‍മിക്കാനുമുള്ള കൗണ്‍സിലിന്റെ നിലപാടിനെതിരേ ശക്തമായ ജനാധിപത്യ പ്രതിഷേധവും പ്രതികരണവും ഉയര്‍ന്നുവരേണ്ടതുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരരക്തസാക്ഷികളായ 387 മലബാര്‍ വിപ്ലവ പോരാളികളെ ചരിത്രരേഖകളില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ചരിത്രഗവേഷണ കൗണ്‍സില്‍ നിലപാടില്‍ പ്രതിഷേധിച്ച് പിഡിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച തൃശൂരില്‍ സ്വാതന്ത്ര്യസമര ചരിത്ര സ്മരണയും ജനാധിപത്യപ്രതിരോധവും സംഘടിപ്പിക്കും.

വൈകീട്ട് 4 ന് മലബാര്‍ ടവര്‍ വാരിയന്‍ കുന്നന്‍ നഗറില്‍ നടക്കുന്ന പരിപാടി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്യും. ഡോ.ഹുസൈന്‍ മടവൂര്‍ വിഷയാവതരണം നടത്തും. ''ഒറ്റുകാര്‍ തിരുത്തി എഴുതാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ വിപഌവ സ്മരണയായി'' തുടര്‍ദിവസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ ചരിത്രസംരക്ഷണ ജാഥ, ഓപണ്‍ ക്ലാസ് റൂം, രക്തസാക്ഷികളുടെ ചുവര്‍ചിത്ര രചന തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുന്ന കാംപയിന്‍ സംഘടിപ്പിക്കുമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചേര്‍പ്പ് അറിയിച്ചു.

Next Story

RELATED STORIES

Share it