Kerala

ഉന്നത വിദ്യാഭ്യാസം: ലോകറാങ്കിങ്ങില്‍ എം.ജിയും കുസാറ്റും

ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി) ദേശീയതലത്തില്‍ മുന്നില്‍. ആകെ 63 ഇന്ത്യന്‍ സര്‍വകലാശാലകളാണ് പട്ടികയില്‍ ഇടം പിടിച്ചത്.

ഉന്നത വിദ്യാഭ്യാസം: ലോകറാങ്കിങ്ങില്‍ എം.ജിയും കുസാറ്റും
X

തിരുവനന്തപുരം: ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ലോക റാങ്കിങ് പട്ടികയില്‍ ഇടം പിടിച്ച് കേരളത്തിന്റെ രണ്ട് സര്‍വകലാശാലകള്‍. അധ്യയന നിലവാരം, രാജ്യാന്തരതലത്തിലെ സ്വീകാര്യത, ഗവേഷണം, അറിവ് പങ്കുവയ്ക്കല്‍ എന്നിവ വിലയിരുത്തിയുള്ള റാങ്കിങില്‍ കോട്ടയം, മഹാത്മാ ഗാന്ധി (എം.ജി) സര്‍വകലാശാലയും കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്)യുമാണ് പട്ടികയിലുള്ളത്. 500ന് മുകളിലുള്ള റാങ്കാണ് ഇരു സര്‍വകലാശാലകള്‍ക്കും ലഭിച്ചത്. പരിഗണിക്കപ്പെട്ട 1500 സര്‍വകലാശാലകളില്‍ ഓക്സ്ഫഡ് സര്‍വകലാശാലയ്ക്കാണ് ഒന്നാം റാങ്ക്. ഇക്കുറിയും ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി) ദേശീയതലത്തില്‍ മുന്നില്‍. ആകെ 63 ഇന്ത്യന്‍ സര്‍വകലാശാലകളാണ് പട്ടികയില്‍ ഇടം പിടിച്ചത്. 301-350 റാങ്കിലാണ് ബംഗളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഉള്‍പ്പെട്ടത്.

801-1000 റാങ്കില്‍ അമൃത വിശ്വ വിദ്യാപീഠം, ഭാരതിയാര്‍ യൂണിവേഴ്സിറ്റി, ഒസ്മാനിയ യൂണിവേഴ്സിറ്റി, 1000 നു മുകളിലുള്ളവയുടെ പട്ടികയില്‍ അണ്ണാ യൂണിവേഴ്സിറ്റി, അണ്ണാമലൈ യൂണിവേഴ്സിറ്റി തുടങ്ങിയവയും ഉള്‍പ്പെടുന്നു.അതേസമയം, ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ റാങ്കിങ്ങില്‍ എം.ജി.സര്‍വകലാശാലയ്ക്കു തുണയായത് അക്കാദമിക, ഗവേഷണ രംഗത്തെ മികവാണ്. കേരളത്തിലെ മറ്റു സര്‍വകലാശാലകളുമായി താരതമ്യം ചെയ്യുമ്പോള്‍ പഠനവകുപ്പുകളുടെയും അധ്യാപകരുടെയും എണ്ണം കുറവായിട്ടും അക്കാദമിക പ്രവര്‍ത്തനങ്ങളിലെയും ഭരണരംഗത്തെയും മികവാണു റാങ്കിങ്ങില്‍ പോയിന്റ് വര്‍ധനയ്ക്കു സഹായകമായത്. എം.ജി.യിലെ പഠനവകുപ്പുകളിലെ അധ്യാപകരുടെ എണ്ണം 90 ആണ്. മറ്റു സര്‍വകലാശാലകളിലിത് നൂറ്റിയമ്പതിലേറെയാണ്.കണ്‍സള്‍ട്ടന്‍സി പ്രോജക്ടുകളിലെ വര്‍ധന, ഗവേഷണ രംഗത്തു പ്രമുഖ സര്‍വകലാശാലകളുമായുള്ള രാജ്യാന്തര സഹകരണ പദ്ധതികള്‍, പബ്ലിക്കേഷനുകളില്‍ നിലനിര്‍ത്തുന്ന മികവ്, വിദ്യാര്‍ഥി സംരംഭകത്വ പദ്ധതികള്‍ എന്നിവ പോയിന്റുകള്‍ നേടുന്നതില്‍ മുഖ്യപങ്കുവഹിച്ചു.

.

Next Story

RELATED STORIES

Share it